![](https://nammudenaadu.com/wp-content/uploads/2020/09/120090487_3716981581654290_2746446617250091989_o.jpg)
പൂവൻകോഴി എങ്ങനെ പള്ളി ഗോപുരത്തിലെത്തി?
ഒരു ദൈവാലയ ഗോപുരത്തിനു മുകളിൽ കുരിശ് കാണുമ്പോൾ അതു ഒരു ക്രൈസ്തവ ആരാധനാലയമാണ് എന്നു നമ്മൾ തിരിച്ചറിയുന്നു. കുരിശിനെപ്പോലെ തന്നെ മറ്റു പല പ്രതീകങ്ങളും ക്രൈസ്തവർക്കുണ്ട്. മത്സ്യം, പ്രാവ്, ആട്, എന്നിവ അവയിൽ ചിലതാണ്. മറ്റൊരു പുരാതന പ്രതീകം യൂറോപ്പിലെ ക്രൈസ്തവ ദൈവാലയങ്ങളുടെ ഗോപുരങ്ങൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന പൂവൻ കോഴിയാണ്( rooster ).
ഈ പ്രതീകം ക്രിസ്തുമതത്തിൻ്റെ ചിഹ്നമായി സ്വീകരിച്ചതിനെപ്പറ്റി വിവിധ സഭകൾ വിവിധ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. റോമൻ ഭൂഗര്‍ഭക്കല്ലറകളിലും (Roman catacomb) ക്രൈസ്തവരെ അടക്കം ചെയ്തിരുന്ന പേടകത്തിലും പൂവൻകോഴിയുടെ ചിത്രീകരണം കാണാൻ കഴിയും.
ഒരു അരയന്നത്തിൻ്റെ ചിഹ്നം ദൈവാലയത്തിനു മുകളിൽ കണ്ടാൽ , അത് ഒരു ലൂഥറൻ പള്ളിയാണന്ന് ഉറപ്പിക്കാം.
മാർട്ടിൻ ലൂഥറുടെ പ്രതീകാത്മക പക്ഷിയാണ് അരയന്നം. യഥാർത്ഥ സഭയുടെ പ്രതീകമായും ചിഹ്നമായും ലൂഥർ അരയന്നത്തെ വിശേഷിപ്പിക്കുന്നു, കാരണം തടാകങ്ങളും ചതുപ്പുനിലങ്ങളും ഉപയോഗിച്ച് കഠിനമായ ജീവിത പോരാട്ടം നടത്താൻ ആ പക്ഷി തയ്യാറാണ്.
പഴയ പശ്ചിമ ജർമ്മനയിൽ പൂവൻകോഴി പ്രധാനമായും കത്തോലിക്കാ പള്ളിയുടെ ഗോപുരങ്ങളിലാണ് കണ്ടിരുന്നത് പ്രൊട്ടസ്റ്റൻ്റ് പള്ളികൾക്കു മുകളിൽ കുരിശും. വടക്കൻ ജർമ്മനിയിൽ ഇതിനു വിപരീതമായി കത്തോലിക്കാ പള്ളികൾക്കും മുകളിൽ കുരിശും പ്രൊട്ടസ്റ്റൻ്റു ദൈവാലയങ്ങൾക്കു മുകളിൽ പൂവൻകോഴിയും. ഇതിൽ നൂറു ശതമാനം കൃത്യത ഒരു സഭാ സമൂഹത്തിനും പറയാൻ കഴിയുകയില്ല. സ്വിറ്റ്സർലണ്ടിൽ പ്രൊട്ടസ്റ്റൻ്റു പള്ളികൾക്കു മുകളിൽ (reformed churches) പൂവൻകോഴിയും കത്തോലിക്കാ ദൈവാലയങ്ങൾക്കു മുകളിൽ കുരിശുമാണ് സാധാരണ കാണുന്നത്.
സഭാപിതാവായ വിശുദ്ധ അബ്രോസ് പ്രസിദ്ധമായ ഒരു ഗീതത്തിൽ കോഴിയുടെ കൂവലിനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു. ” സഭയുടെ പാറയായ പത്രോസ് കോഴിയുടെ കൂവൽ കേട്ട് തൻ്റെ പാപങ്ങളെ ഓർത്തു കരഞ്ഞു. അതിനാൽ ഉറക്കത്തിൽ നിന്ന് വേഗം ഉണരുക : കോഴി ഇപ്പോഴും സ്വപ്നം കാണുന്നവരെ വിളിച്ചുണർത്തുന്ന പക്ഷിയാണ്. കൃത്യവിലോപം വരുത്തുന്നവരെ കോഴി ശാസിക്കുകയും, നിഷേധികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.”
നാളെ രാവിലെ കോഴി കൂവന്നതിനു മുമ്പ് നീ എന്നെ മൂന്നു തവണ തള്ളിപ്പറയും എന്ന് യേശു പത്രോസിനോടു അന്ത്യത്താഴ വേളയിൽ പറയുന്നത് നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഒരിക്കലും ചെയ്യുകയില്ലന്നു പത്രോസ് പറഞ്ഞുവെങ്കിലും, ക്രിസ്തുവിൻ്റെ അറസ്റ്റിനു ശേഷം അവൻ തൻ്റെ ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. കോഴിയുടെ കൂവൽ കേട്ട് പത്രോസ് ഗുരു പറഞ്ഞ കാര്യങ്ങൾ ഓർമ്മിക്കുകയും പശ്ചാത്തപിച്ച് ഹൃദയം നുറുങ്ങിക്കരയുകയും ചെയ്തു.
പത്രോസിൻ്റെ പശ്ചാത്താപം അദ്ദേഹത്തെ ആദ്യത്തെ മാർപാപ്പയാക്കി. അവൻ്റെ ചിഹ്നമായ പൂവൻകോഴിയെ ഗ്രിഗറി ഒന്നാമൻ പാപ്പ ( AD 590-604) പിന്നീട് ക്രിസ്തീയ ചിഹ്നമായി ഉപയോഗിക്കാൻ തുടങ്ങി. ഒൻപതാം നൂറ്റാണ്ടിൽ നിക്കോളാസ് ഒന്നാമൻ പാപ്പ (858- 867) ദൈവാലയങ്ങൾ തിരിച്ചറിയുന്നതിനായി ഒരു മുദ്ര പതിപ്പിക്കണമെന്നു ഡിക്രി പുറപ്പെടുവിക്കുകയും പല പള്ളികളും പൂവൻകോഴിയെ ചിഹ്നമായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഇതിനിടയിൽ പല പള്ളികളും കാറ്റിന്റെ ദിശയറിയാന്‍ നാട്ടുന്ന ഉപകരണമായി (weathercock ) കോഴിയുടെ ചിഹ്നം ഉപയോഗിക്കാൻ തുടങ്ങി. ഏറ്റവും പഴയ weather cock AD 820 നും 830 നും ഇടയിൽ സ്ഥാപിച്ച ഗാലിയോ ഡി റാംപേർട്ടോയാണ് ( Gallo di Ramperto) .ഇറ്റലിയിലെ ബെർസിയായിലെ വിശുദ്ധ ഫൗസ്റ്റീനോ ജിയോവിറ്റോ എന്നിവരുടെ നാമത്തിലുള്ള ദൈവാലയത്തിൻ്റെ മണിമാളികയിൽ 1891 വരെ പ്രദർശിപ്പിച്ചിരുന്നു. പിന്നീടതു ടൗൺ മ്യൂസിയത്തിലേക്കു മാറ്റി.
പള്ളി ഗോപുരത്തിലെ പൂവൻ കോഴി നൽകുന്ന സൂചനകൾ
സൂര്യോദയത്തിന്റെ തുടക്കത്തിൽ നമ്മളെ വിളിച്ചുണർത്തുന്ന അലറമാണ് പൂവൻ കോഴിയുടെ കൂവൽ. പകലിന്റെ വെളിച്ചം മനുഷ്യരോടു പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ട പക്ഷി. ഈ പക്ഷി നൽകുന്ന ചില സൂചനകൾ നമുക്കു മനസ്സിലാക്കാം.
പ്രകാശത്തിന്റെ പക്ഷി
പ്രകാശത്തിൻ്റെ പക്ഷിയായ പൂവൻ കോഴി തൻ്റെ കൂവലിലൂടെ യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണെന്ന് പ്രഘോഷിക്കുന്നു. ക്രൈസ്തവർക്കു ക്രിസ്തു ലോകത്തിൻ്റെ വെളിച്ചമാണ്. “ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍െറ പ്രകാശമുണ്ടായിരിക്കും.” (യോഹ 8 : 12 ) രൂപാന്തരീകരണ വേളയിലും ശിഷ്യന്മാർ യേശുവിൽ പ്രകാശം ദർശിച്ചു: “അവന്‍െറ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്‍െറ വസ്ത്രം പ്രകാശംപോലെ ധവളമായി. ” (മത്തായി 17 : 2).
കോഴിയെ പ്രകാശത്തിൻ്റെ പക്ഷിയായി പരിഗണിക്കുന്ന രീതി പുരാതന കാലം മുതൽ ഉണ്ടായിരുന്നു. ചില യഹൂദ അദ്ധ്യാത്മദര്‍ശന കൃതികളിൽ ഈ വിലമതിപ്പ് പ്രതിഫലിക്കുന്നു: പ്രഭാതത്തിൻ്റെ വരവിനെ അറിയിച്ചു കൊണ്ടുള്ള കോഴിയുടെ കൂവൽ സർവ്വശക്തന്റെ സിംഹാസനത്തിനു മുമ്പുള്ള സെറാഫിമിന്റെ സ്തുതി കീർത്തനമായി ആണ് അതിൽ വിശേഷിപ്പിക്കുക. കോഴിയുടെ അതിരാവിലെയുള്ള കൂവൽ ചരിത്രാതീത കാലഘട്ടത്തിൽ കോഴിയെ സൂര്യന്റെ ചിഹ്നമായി കാണാൻ തുടങ്ങി. ഇതു പിന്നീട് പുരാതന റോമാകാർക്ക് കോഴിയെ പ്രകാശത്തിൻ്റെ പക്ഷിയാക്കി മാറ്റാൻ കാരണമായി.
ദൈവത്തിന്‍െറ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ( ലൂക്കാ 1 : 78) അതു വിളിച്ചറിയുക്കുന്ന ദൗത്യം പൂവൻ കോഴി നിർവ്വഹിക്കുന്നതിനാൽ ക്രിസ്തുവിന്റെ പ്രതീകമായി പൂവൻ കോഴി മാറി. AD അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രുഡെൻഷ്യസ് എന്ന ക്രിസ്ത്യൻ കവി “പൂവൻ കോഴിയുടെ ഗാനം ” എന്ന തൻ്റെ കൃതിയിൽ പൂവൻകോഴിയെ ക്രിസ്തുവിൻ്റെ പ്രതീകമായി ആദ്യം അവതരിപ്പിച്ചു. ക്രിസ്തുവിനെ പിശാചുക്കൾ ഭയപ്പെടുന്നതിനാൽ പൂവൻ കോഴിയുടെ കൂവൽ കേട് അവർ ഓടിയൊളിച്ചിരുന്നതായി പഴമക്കാർ വിശ്വസിച്ചിരുന്നു .ഓരോ പ്രഭാതത്തിലും ഇരുട്ടിൻ്റെ അവസാനം വിളിച്ചറിയിക്കുന്നതു വഴി നമ്മുടെ ചുവടികളെ ദിശതെറ്റാതെ മുന്നോട്ടു പോകാൻ പൂവൻ കോഴി സഹായിക്കുന്നു . പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ക്രിസ്തു മനുഷ്യവംശത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കു നയിച്ചതിൻ്റെ സൂചന തന്നെയാണ് പകലിൻ്റ തുടക്കത്തിൽ ആളുകളെ ഉണർത്തുന്ന പൂവൻ കോഴിയുടെ കൂവൽ.ഈ അർത്ഥത്തിൽ, കോഴി പത്രോസിന്റെ നിഷേധത്തെയും മാനസാന്തരത്തെയും അല്ല സൂചിപ്പിക്കുക, മറിച്ച് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും അവസാന ന്യായവിധിയുടെ തിളങ്ങുന്ന പകൽ വെളിച്ചത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
പീഡാനുഭവ ചരിത്രത്തിലെ പക്ഷി
യേശുവിൻ്റെ പീഡാനുഭവ ചരിത്രത്തിൻ്റെ ഭാഗമായ പക്ഷിയാണ് പൂവൻകോഴി. യേശു യഹൂദന്മാരുടെ പരമോന്നത കോടതിയുടെ മുമ്പാകെ നിൽക്കുമ്പോൾ പത്രോസ് മുറ്റത്ത് പുറത്ത് അവന് തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . അപ്പോൾ പ്രധാന പുരോഹിതൻ്റെ പരിചാരകരിൽ ഒരാൾ അവന്റെ അടുക്കൽ വന്നു അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്‍െറ കൂടെയായിരുന്നല്ലോ…അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. (മര്‍ക്കോസ് 14 : 67- 68) .പത്രോസിനെ താൻ ഗുരുവിനെ നിഷേധിച്ചു എന്നു ഓർമ്മപ്പെടുത്തുന്നത് കോഴിയുടെ കൂവൽ ശബ്ദമാണ്. അതു തന്നെയാണ് ഹൃദയം നൊന്തു കരയാൻ അവനു ഉത്തേജനം നൽകിയതും.”ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന് ഉള്ളുരുകിക്കരഞ്ഞു. “(മര്‍ക്കോസ് 14 : 72).
പ്രവചിക്കാനുള്ള കഴിവ്
പുരാതന കാലങ്ങളിൽ കോഴിയിറച്ചി വളരെ വിലയുള്ളതായിരുന്നതിനാൽ ഭക്ഷണ കാര്യങ്ങളിൽ അപൂർവ്വമായെ കോഴിയിറച്ചി ഉപയോഗിച്ചിരുന്നുള്ളു. കോഴികളെ പ്രധാനമായും വളർത്തിയിരുന്നതു കോഴിപ്പോരിനു വേണ്ടിയായിരുന്നു. പുരാതന ദേവന്മാരുടെയും വീരന്മാരുടെയും ഇടയിൽ കോഴി പുരുഷത്വത്തിന്റെ പ്രതീകമായിരുന്നു. കോഴിപ്പോരിനെ വളരെയധികം വിലമതിച്ചിരുന്ന റോമൻ സൈനികർ, അവരുടെ ധൈര്യത്തിന് മാത്രമല്ല, അവരുടെ യുദ്ധങ്ങളിൽ പ്രവചിക്കാൻ കഴിവുള്ള ഒരു പക്ഷിയായി കരുതിയിരുന്നു. ജോബിൻ്റെ പുസ്തകത്തിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്: “പൂവന്‍കോഴിക്കു മുന്‍കൂട്ടികാണാന്‍കഴിവും കൊടുത്തത് ആരാണ്?”(ജോബ് 38 : 36)
ജാഗ്രതയുടെ ചിഹ്നം
കോഴി വെളിച്ചത്തിന്റെയും ജാഗ്രതയുടെയും ചിഹ്നമാണ്. വിശുദ്ധ ഗ്രന്ഥം അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കു മനുഷ്യവംശത്തെ ജാഗ്രതയോടെ നയിക്കുന്ന വഴി വിളക്കാണ്. ഇരുട്ടിൻ്റെ അവസാനം വിളിച്ചറിയിക്കാൻ പൂവൻ കോഴിയെ പ്രാപ്തനാക്കുന്നത് ഈ ജാഗ്രതയാണ്. ജാഗ്രത എന്നത് തന്നെ അനുഗമിക്കുന്ന എല്ലാവരോടും യേശു ആവശ്യപ്പെടുന്ന ഒരു മനോഭാവമാണ്. ഇത് യേശുവിൻ്റെ രണ്ടാമത്തെ ആഗമനവുമായി ബന്ധപ്പെട്ടിരിക്കുന്നു:”ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന് എപ്പോള്‍ വരുമെന്ന്, സന്ധ്യയ്ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.”(മര്‍ക്കോസ് 13 : 35). ലിയോണിലെ യൂക്കറിയസ് “കോഴികളെ വിശുദ്ധ പ്രസംഗകർ എന്നാണ് വിളിക്കുന്നത്.
സാത്താൻ്റെ കുടില തന്ത്രങ്ങളെ എതിർത്തു തോൽപിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണന്നു മനുഷ്യ വംശത്തെ പഠിപ്പിക്കുന്ന പക്ഷിയാണ് കോഴി.
വാൽകഷണം : ആരെങ്കിലും “നീ ആളൊരു ഒരു കോഴി ആണല്ലോ ” എന്നു പറഞ്ഞാൽ സങ്കടപ്പെടുകയോ, നിഷേധാത്മകമായി ചിന്തിക്കുകയോ വേണ്ടാ….. കേട്ടോ…
![](https://nammudenaadu.com/wp-content/uploads/2020/09/1497451_709759119043233_1388848494_n.jpg)
ഫാ. ജയ്സൺ കുന്നേൽ mcbs