തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് –

Share News

തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് – സുറിയാനിയും മലയാളവും ഇടകലർന്ന, സംഗീതപ്രധാനമായ ഓർത്തഡോക്സ് കുർബാനയുടെ ഇംഗ്ലീഷ് വിവർത്തനം. ദില്ലി ഭദ്രാസനത്തിൻ്റെ ആദ്യമെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹം പക്ഷേ, ആളൊരു പ്രഗൽഭനായിരുന്നു – കേരളീയർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം. ലോകവിവർത്തകദിനത്തിൽ ഞാൻ ഓർമിക്കുന്നത് പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന ഇദ്ദേഹത്തെയാണ്.

തൃപ്പൂണിത്തുറയിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു ജനനം – പേര് പോൾ വർഗീസ്. പത്രപ്രവർത്തനമടക്കം പല പണികളും ചെയ്ത അദ്ദേഹം 1947 ൽ എത്യോപ്യയിൽ അധ്യാപകനായി പോയി. പിന്നീട് യു.എസ്സിലെത്തി ഉന്നതബിരുദങ്ങൾ സമ്പാദിച്ചു. തിരികെ 1956 ൽ എത്യോപ്യയിലെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് ചക്രവർത്തിയായ ഹെയ്ലി സെലാസ്സിയുടെ വിശേഷാൽ ഉപദേഷ്ടാവ് എന്നപദവി!

അങ്ങനെയിരിക്കേയാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. അതോടെ ഉന്നതസ്ഥാനങ്ങളെല്ലാം വിട്ടെറിഞ്ഞ് വൈദികപഠനത്തിനു പോയി. മേൽപ്പട്ടം കിട്ടി പൗലൂസ് മാർ ഗ്രിഗോറിയോസ് എന്നപേര് സ്വീകരിച്ചു. ഉന്നത ധൈഷണിക നിലവാരം പുലർത്തിയിരുന്ന ഇദ്ദേഹം കമ്യൂണിസ്റ്റ് നേതാക്കളായ സി. അച്ചുതമേനോൻ, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ് തുടങ്ങിയവരുടെപോലും ആദരവു നേടി. പോപ്പ്, ദലൈ ലാമ തുടങ്ങിയവരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു.

‘ഉന്നതോർജ ഭൗതികശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ’ എന്നവിഷയത്തിൽ ഒരു സിംപോസിയത്തിൽ പങ്കെടുക്കാനായി ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് കൊളോണിലേക്ക് യാത്രചെയ്യവേ വിമാനത്തിൽവെച്ച് മസ്തിഷ്കാഘാതമുണ്ടായി. ഏറെക്കാലത്തെ ചികിൽസയ്ക്കു ശേഷം 1996 ൽ ദില്ലിയിൽവെച്ച് മരണമടഞ്ഞു.

കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന ഓർത്തഡോക്സുകാർക്കായി ഇംഗ്ലീഷിൽ കുർബാന തയാറാക്കാൻ 1980കളിൽ തീരുമാനമായപ്പോൾ ഇദ്ദേഹത്തെയാണ് അതേൽപ്പിച്ചത്. വളരെ ഭംഗിയായി അത് പൂർത്തിയാക്കി. സംഗീതപ്രധാനമായ ഓർത്തഡോക്സ് ഇംഗ്ലീഷ് കുർബാനയ്ക്ക് ഈണമിട്ടത് കത്തോലിക്കാവൈദികനാകാൻ പത്തു വർഷത്തോളം പഠനം നടത്തിയ തോമസ് ജെറോം വെളീപ്പറമ്പിൽ അഥവാ, ജെറി അമൽദേവ്! ബൈബിൾ ലത്തീനിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിൻ്റെ ഓർമദിനമാണല്ലോ ‘യുനെസ്കോ’യുടെ ലോകവിവർത്തന ദിനം!

Alby Vincent

Share News