വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും.
വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും. ഈ വർഷം 13 പേരെയാണ് പുതിയ കർദിനാൾമാരായി ഫ്രാൻസീസ് പാപ്പാ നമകരണം ചെയ്തിട്ടുള്ളത്. അതിൽ മാർപാപ്പായെ തിരഞ്ഞെടുക്കുന്ന സംഗമായ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഇവരിൽ 7 പേർക്ക് മാത്രമാണ്.
മറ്റുള്ളവർ 80 വയസിന് മുകളിൽ ആയതിനാൽ സ്ഥാനികമായി മാത്രം കർദിനാൾമാരാണ്.
ഈ കൊറോണ വ്യാപന സാഹചര്യത്തിൽ കാർദിനാൾ കൺസിസ്റ്ററി ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഏഷ്യയിൽ നിന്നുള്ള രണ്ട് കാർഡിനാൾമാരും ആരോഗ്യ കാരണങ്ങളാൽ റോമിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.
ബ്രൂണെ അപ്പസ്തോലിക വികാരിയായ അഭിവന്ദ്യ കോർണെലിയുസ് സിമും, ഫിലിപ്പൈൻസിലെ കാപിസ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഹോസെ ഫ്യൂറേതെയും ആണ് അവർ.
ഫ്രാൻസിസ് പാപ്പ തന്നെയാണ് വി. പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വി. പത്രോസ് ശ്ലീഹായുടെ കബറിടത്തിന് മുകളിലെ അൾത്താരക്ക് പകരം, അതിന് പിന്നിൽ പാപ്പയുടെ ഔദ്യോഗിക സിംഹാസനം ഇരിക്കുന്ന സ്ഥലത്ത് നിന്നാകും ഇത്തവണ ചടങ്ങുകൾ നടക്കുക.
ചടങ്ങിലെ പ്രധാന കാര്യമായ മോതിരം നൽകലും, പാപ്പ സ്ഥാനം സംരക്ഷിക്കുന്നവർ എന്നതിൻ്റെയും, രക്തസാക്ഷിത്വം സൂചിപ്പിക്കുന്ന ചുവന്ന തൊപ്പി അണിയിക്കുന്ന ചടങ്ങും പതിവ് പോലെ ഉണ്ടാകും എന്നാണ് അറിയിച്ചത്, പകരം പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന പാപ്പയെ ആശ്ലേഷിക്കുന്ന ക്രമം ഒഴിവാക്കിയിട്ടുണ്ട്.
റോമിലെ കൂരിയയിൽ പ്രവർത്തിക്കുന്ന കാർദിനാൾമാരും മറ്റ് പ്രത്യേകം വിളിക്കപെട്ടവരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടാകൂ എന്നാണ് അറിയിച്ചിട്ടുള്ളത്. വത്തിക്കാൻ മീഡിയയിലൂടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം