ശബരിമല നട ജൂണ്‍ 14 ന് തുറക്കും: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം
തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലേറെ അടച്ചിട്ട ശബരിമല നട ജൂണ്‍ 14 ന് തുറക്കും. 14 മുതല്‍ 28 വരെയാണ് ഭക്തർക്ക് പ്രവേശനമുള്ളത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്.
വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ 200 പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം. പമ്ബയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്കാനിംഗിന് ഉപയോഗിച്ച് പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും. പമ്ബസ്നാനം അനുവദിക്കില്ല.
പമ്ബവരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്വഴി ഭക്തരെ കടത്തിവിടില്ല. ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. പമ്ബ വരെ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും.
മാസപൂജയും ഉത്സവും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെ നടത്താനാവും. അപ്പവും അരവണയും കൗണ്ടര്‍ വഴി നല്‍കില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുന്നതിനുള്ള പ്രായപരിധി പൂജാരിമാര്‍ക്കു ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു.