
സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് .
സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് . അത്തരത്തിലുള്ള ഒരു പരിശീലനം പഠനകാലത്തു കിട്ടിയതിനെ കുറിച്ച് ഈ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓർമ്മിക്കട്ടെ .
ഒരു ജൂനിയർ കോളേജായിരുന്നു തൃക്കാക്കര ഭാരത മാതാ. ആൺകുട്ടികളുടെ ഹോസ്റ്റലിൽ
നൂറ്റി അമ്പത് പേർ.ആ ഹോസ്റ്റൽ ഇന്നില്ല. അന്നത്തെ വാർഡൻ ആയിരുന്ന ഫാദർ കൊടിയനും ഇന്നില്ല .ആ പ്രായത്തിൽ സർഗ്ഗാത്മകമായൊരു ജീവിത പരിസരം ഉണ്ടാക്കിയ ആ ഹോസ്റ്റൽ ജീവിതമാണ് സത്യത്തിൽ വ്യക്തിത്വത്തിലെ ചില ഗുണങ്ങൾ നൽകിയത്.അതി രാവിലെ പ്രാർത്ഥനാഗാനവുമായി തുടങ്ങുന്ന ദിനം. രാത്രി ഭക്ഷണത്തിന് മുമ്പ് കെ പി കേശവമേനോന്റെ പുസ്തകത്തിൽ നിന്നും ഒരു ഭാഗം ആരെങ്കിലും ക്രമം വച്ച് വായിക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ എല്ലാവരും ചേർന്ന് കോളേജ് ബസ്സുകളിൽ എറണാകുളത്തു പോയി സിനിമ കാണും. ആ ആഴ്ച ആ സിനിമയുടെ ചർച്ച ഉണ്ടാകും.
ഫിലിം സൊസൈറ്റികൾ ഇല്ലാതിരുന്ന കാലത്താണ് കൊടിയനച്ചൻ
പ്രീ ഡിഗ്രിക്കാർക്കായി ഇത് ചെയ്തത്.
ഞായറാഴ്ചകളിൽ രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ കൂട്ടായ്മ. അതിൽ എല്ലാവരും ചെയ്യേണ്ട കാര്യങ്ങൾ അച്ചൻ നിശ്ചയിക്കും. രണ്ട് മൂന്ന് ആഴ്ചകളിൽ എല്ലാവരും പാട്ട് പാടണം.അല്ലെങ്കിൽ പ്രസംഗം.
കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും ട്രൈ ചെയ്യണം.ആളുകളുടെ മുമ്പിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പേടി ഇങ്ങനെയേ മാറുവെന്നാണ് കൊടിയനച്ചന്റെ നിലപാട്. ഞങ്ങൾ പാടി. പ്രസംഗിച്ചു. ഇമ്പ്രോവൈസ്ഡ് നാടകാഭിനയം നടത്തി .എങ്ങനെ നന്നായി പുസ്തകം മറ്റുള്ളവരുടെ മുമ്പിൽ വായിക്കണമെന്ന് കൊടിയനച്ചൻ ശീലിപ്പിച്ചു തന്നു. ഓരോ മുറിയിലുള്ളവരും ടേൺ വച്ച് രാത്രി
മെസ്സിൽ ചപ്പാത്തി പരത്താൻ പോയി. തിന്നാൽ മാത്രം പോരാ, അതുണ്ടാക്കാനായി ചെയ്യുന്നതും അറിയണമെന്ന നിർബന്ധമായിരുന്നു അച്ചന്. ആ രണ്ട് വർഷങ്ങളിലെ അനുഭവങ്ങളാണ് ജീവിതത്തിന്റെ അടിത്തറ .ഈ അന്തരീക്ഷത്തിൽ പഠിപ്പും ഉഷാറായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടുകയും ചെയ്തു.

സ്വാതന്ത്ര്യം- അത് ക്രീയാത്മക ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും ചിറക് വിടർത്താനുള്ള പരിസരം സൃഷ്ടിക്കൽ കൂടിയാണ്. അത് ആരൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ടെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ ചിന്തിക്കാം. ആരൊക്കെ തളർത്തുന്നുവെന്നും ആലോചിക്കാം.
(ഡോ. സി. ജെ .ജോൺ)
