
മാസ്കില്ലാത്ത ലോകം |കൊറോണ നമ്മുടെ ചിന്തകളിൽ നിന്നും മാറി.. നാളത്തെ കേരളത്തെ പറ്റി ചിന്തിക്കാൻ സമയമായി|മുരളി തുമ്മാരുകുടി
മാസ്കില്ലാത്ത ലോകം
സ്വിറ്റ്‌സർലൻഡിൽ ഇന്ന് ചേർന്ന പൊതുജനാരോഗ്യ സമിതി കൊറോണയുമായി ബന്ധപ്പെട്ട മിക്കവാറും നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചു.

1. നാളെ മുതൽ കടകളിലോ ഓഫീസിലോ മാസ്കുകളുടെ ആവശ്യമില്ല
2. റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്ന ഓൺലൈൻ കോവിഡ് പാസ്സ് വേണ്ട എന്ന് വച്ചു
3. പൊതു പരിപാടികൾക്കും സ്വകാര്യ പരിപാടികൾക്കും നിയന്ത്രണങ്ങളോ സർക്കാരിനെ അറിയിക്കേണ്ട ആവശ്യമോ ഇല്ല
4. മാസ്കുകൾ പൊതുഗതാഗതത്തിലും ആശുപത്രികളിലും മാത്രം
5. സ്വിറ്റ്സർലാൻഡിലേക്ക് വരാൻ ഇപ്പോൾ തന്നെ ആർ ടി പി സി ആറിന്റെ ആവശ്യമില്ല. എത്തുന്നവർവർക്ക് ടെസ്റ്റിംഗോ ക്വാറന്റൈനോ ഇല്ല
6. സ്‌കൂളുകൾ ഇവിടെ കോവിഡിന്റെ ആദ്യത്തെ കുറച്ചു ദിവസത്തിന് ശേഷം തന്നെ തുറന്നിരുന്നു. വിദ്യാർത്ഥികളുടെ പഠനവും മാനസിക ആരോഗ്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയുമായി തട്ടിച്ചു നോക്കുമ്പോൾ കോവിഡ് മൂലമുള്ള റിസ്ക് അത്ര വലുതല്ല എന്ന ശാസ്ത്രീയവും പ്രധാനവുമായ തീരുമാനം അവർ സമയത്ത് തന്നെ എടുത്തിരുന്നു.
7. ഓഫീസുകളിൽ വരാനുള്ള നിയന്ത്രണം കഴിഞ്ഞ മാസം തന്നെ എടുത്തു കളഞ്ഞിരുന്നു.
കോവിഡ് കേസുകൾ ഇവിടെ ഇപ്പോഴും ധാരാളം ഉണ്ട്. ഇരുപത്തിനായിരത്തോട് അടുത്ത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയാണ് ഇവിടെ ഉള്ളത്, അപ്പോൾ കോവിഡ് നിരക്ക് നാട്ടിലേതിനേക്കാളും പല മടങ്ങാണ്. എന്നാലും കേസുകൾ ആശുപത്രിയിൽ എത്തുന്നത് കുറഞ്ഞതിനാലും ആശുപത്രിയിൽ എത്തുന്ന കേസുകളുടെ എണ്ണം ആരോഗ്യ സംവിധാനങ്ങളിൽ ഏറെ കുറഞ്ഞിരിക്കുന്നതിനാലും നിയന്ത്രണങ്ങളുടെ ആവശ്യം ഇനി ഇല്ല എന്ന ശരിയും ശാസ്ത്രീയവുമായ തീരുമാനത്തിൽ ഇവർ എത്തിയിട്ടുണ്ട്.
കേരളത്തിലും സ്ഥിതിഗതികൾ പ്രായോഗികമായി മിക്കവാറും സാധാരണഗതിയിലേക്ക് വരുന്നുണ്ട്.
കേന്ദ സർക്കാർ തന്നെ വിമാന ഗതാഗതം ഒക്കെ സാധാരണ ഗതിയിൽ ആക്കുന്നതിനെ പറ്റി ചിന്തിക്കുന്നു എന്ന് പറയുന്നു. സന്തോഷം.
കേരളം പരമാവധി നിയന്ത്രണങ്ങൾ ഔദ്യോഗികമായി എടുത്തു കളയണം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന പരമാവധി ഇളവുകൾ സംസ്ഥാനത്ത് നടപ്പിലാക്കി നമ്മുടെ സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ചും ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം.

കൊറോണ നമ്മുടെ ചിന്തകളിൽ നിന്നും മാറി വിദ്യാഭ്യാസവും ഡിജിറ്റൽ ട്രാൻസ്ഫർമേഷനും ഒക്കെ ഉൾപ്പടെയുള്ള നാളത്തെ കേരളത്തെ പറ്റി ചിന്തിക്കാൻ സമയമായി.

മുരളി തുമ്മാരുകുടി