ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നാളെ(24-10-2020)
സമാന്തര തര്‍ക്ക പരിഹാര രംഗത്ത് രാജ്യത്തെ ആദ്യപഠനകേന്ദ്രം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാരതമാതാ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ആലുവ ചൂണ്ടി ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സമാന്തര തര്‍ക്ക പരിഹാര (ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസലൂഷന്‍ -എഡിആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടങ്ങുന്നതും അതിലേക്കു നീങ്ങാവുന്നതുമായ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതിനുള്ള നിയമ വിദഗ്ധ പഠനകേന്ദ്രം എന്ന നിലയിലാണ് എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്
ലോകമെമ്പാടുമുള്ള എഡിആര്‍ സെന്ററുകളുടെ സഹകരണത്തോടെ തര്‍ക്ക വിഷയങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പരിഹരിക്കുന്നതിനാണു സ്ഥാപനം ലക്ഷ്യമിടുന്നതെന്നു ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലം കോടതി വ്യവഹാരത്തിലൂടെയും പോരാട്ടങ്ങളിലൂടെയും ഭാഗിക വിജയം മാത്രം ലഭിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, ഇരുകൂട്ടര്‍ക്കും തൃപ്തികരമായ പരിഹാരത്തിലേക്കു നയിക്കാനുള്ള സാധ്യതയാണു എഡിആര്‍ തേടുന്നത്.
ചര്‍ച്ച, മധ്യസ്ഥത, അനുരഞ്ജനം, വിദഗ്ധ നിര്‍ണയം, ആര്‍ബിട്രേഷന്‍ എന്നിവ ഇതിന്റെ ഭാഗമാണ്. കോടതി വ്യവഹാരങ്ങളുടെ ഭാരിച്ച ചെലവ് ഒഴിവാക്കാനും എഡിആര്‍ സഹായിക്കും.
ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റഗുലര്‍ കോഴ്‌സുകള്‍ക്കു പുറമേ, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ രംഗങ്ങളിലും പഠനത്തിന് അവസരമൊരുക്കും. രാജ്യത്ത് എഡിആര്‍ രംഗത്ത് എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കുമുള്ള നോഡല്‍ സെന്ററാകും ഇത്. എറണാകുളം സെന്റ് തെരേസാസ് ഓട്ടോണമസ് കോളജിലെ തെരേസ്യന്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് ആറുമാസത്തെ കോഴ്‌സിനു രൂപം നല്‍കും. വേള്‍ഡ് മീഡിയേഷന്‍ ഓര്‍ഗനൈസേഷന്‍, ആര്‍ബിട്രേഷന്‍ രംഗത്തെ മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവയുടെ സഹകരണവും ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ടാകുമെന്നും ഫാ. വടക്കുംപാടന്‍ അറിയിച്ചു.
ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നാളെ ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും.
അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. ഐസിഎഐ അംഗം ഡോ. റെജികുമാര്‍ എസ്. അദുക്കിയ, അഡ്വ. ജോണ്‍ ജെ. ലാഗ്, അഡ്വ. ക്രുഷ് പി. ആന്റണി, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഡോ.വി.എസ്. സെബാസ്റ്റിയന്‍, ഡോ. സെലിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. അഡ്വ. ബിജു ആന്റണി തേയ്ക്കാനത്ത്, അതിരൂപത പിആര്‍ഒ ഫാ. മാത്യു കിലുക്കന്‍ എന്നിവരും പങ്കെടുത്തു.