സാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍

Share News

വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്.

കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും.

വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് മക്കളില്‍ നാല് ആണ്‍ മക്കളില്‍ ഏറ്റവും ഇളയവനായ ടോണി അക്ഷരാര്‍ത്ഥത്തില്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം കണ്ടെത്തി കുടുംബം പോറ്റുന്ന ഗൃഹനാഥനെന്ന് പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് പത്ത് വര്‍ഷമായി ഒരു ഞായറാഴ്ച പോലും മുടക്കമില്ലാതെ തൃശൂര്‍ നഗരത്തിന്‍റെ രാജപാതയോരങ്ങള്‍ വീടാകാന്‍ വിധിക്കപ്പെട്ട നൂറ്റിരുപതോളം പേര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്നത്.

ഞായറാഴ്ചകളില്‍ ടോണിയുടെ ദിനസരി ഇപ്രകാരം. ഉച്ചക്ക് 11ന് മോട്ടോര്‍ സൈക്കിളില്‍ വടൂക്കരയിലെ വീട്ടില്‍ നിന്നും ഇറങ്ങും. സ്ഥിരമായി നിശ്ചിത എണ്ണം ഭക്ഷണപൊതികള്‍ നല്‍കുന്ന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അവ ശേഖരിക്കും. വീട്ടില്‍ നിന്നുള്ള പൊതിച്ചോറുകള്‍ കൂടിയെടുത്ത് വാഹനം നഗരസഹൃദയത്തിലെത്തുമ്പോള്‍ തന്നെ വഴിക്കണ്ണുമായിരിക്കുന്നവരെ കാണാം. പൊതി കൈമാറി തെരക്കിട്ട് പോകലില്ല. ഒരാഴ്ചത്തെ വിശേഷങ്ങളും സുഖവിവരങ്ങളും ആവശ്യങ്ങളും ചോദിച്ചറിയും. ചിലര്‍ മുടിവെട്ടലും ക്ഷൗരവും വിസ്തരിച്ചൊരുകുളിയുമൊക്കെ ആഗ്രഹമായി അറിയിക്കും. അത് നിര്‍വ്വഹിച്ചുകൊടുത്ത് സുന്ദരന്മാരാക്കിയശേഷമായിരിക്കും മുന്നോട്ടുള്ള യാത്ര.

വൈവിദ്ധ്യവും വികാരവിക്ഷുബ്ധവുമായ അനുഭവങ്ങളുടെ കനല്‍കഥകള്‍ ഇതിനിടയില്‍ കേള്‍ക്കുന്നത് പറയുന്നവര്‍ക്ക് ഹൃദയഭാരം അല്‍പ്പം ഇറക്കിവെക്കാന്‍ സഹായകരമാകുമെങ്കില്‍ ഹൃദയത്തില്‍ നീറ്റലായും പൊള്ളലായും കിടക്കുമെന്ന് ടോണി അടുപ്പമുള്ളവരോട് മനസ്സുതുറക്കാറുണ്ട്. തെരുവിലെറിയപ്പെടേണ്ടവരും, കഴിയേണ്ടഅവസ്ഥയിലുള്ളവരുമല്ലെന്ന ബോദ്ധ്യത്തില്‍ പലരുടേയും വീടും വിലാസവും ചോദിച്ചറിയാനും വീട്ടുകാരോയും വേണ്ടപ്പെട്ടവരേയും അന്വേഷിച്ച് തെരഞ്ഞ് പിടിക്കാനും ഒരു സമാഗമത്തിന് അവസരമൊരുക്കാനും ശ്രമിക്കും. പലപ്പോഴും ഫലം കാണാറില്ലെങ്കിലും അപൂര്‍വ്വമായി ഫലം കാണുമ്പോള്‍ ആഹ്ലാദം അതിരുകളറിയില്ല.

ദൈവം ചിലരുടെ ചിന്താമണ്ഡലത്തിലും അഭിരുചികളിലും സഹജീവിസ്നേഹത്തിന്‍റേയും സേവനത്തിന്‍റേയും ചെറിയ വിത്തുകള്‍ നിക്ഷേപിക്കും. എത്രയേറെ പ്രതികൂലാവസ്ഥയിലായാലും അവ മുളപൊട്ടി വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് വന്‍ വൃക്ഷമാകും. കന്യാസ്ത്രീമഠത്തിന്‍റെ സുരക്ഷിതത്വത്തില്‍ നിന്നും ഒരു ബക്കറ്റു മാത്രം കയ്യിലെടുത്ത് കല്‍ക്കത്തയിലെ തെരുവിലേക്കിറങ്ങിയ മദര്‍ തെരേസയുടെ ജീവിതം പഠിപ്പിക്കുന്നൊരു പാഠം അതാണല്ലോ? ടോണിയുടെ ഉള്ളിലും അത്തരമൊരു വിത്ത് നിക്ഷേപിച്ചിരിക്കാം. അല്ലെങ്കില്‍ ഇങ്ങിനെയൊരു സഹനപാതയും സേവനകാണ്ഡവും നെഞ്ചേറ്റാന്‍ ആരാണ് തയ്യാറാകുക?

തൃശൂര്‍ സെന്‍റ് തോമസ് കോളേജ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിയായി തൃശൂര്‍ സെന്‍റ് മേരീസ് ഐ.ടി.സിയില്‍ വെല്‍ഡിങ്ങ് കോഴ്സ് പഠിച്ച് 20-ാം വയസ്സില്‍ മുംബൈ മഹാനഗരത്തില്‍ തൊഴില്‍ തേടിയെത്തി കല്ല്യാണില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണകമ്പനിയില്‍ കയറിപറ്റി. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാണ ഘട്ടത്തില്‍ കരാറെടുത്തിരുന്ന കമ്പനിയിലെ ജോലിക്കാരനെന്ന നിലയില്‍ കഴിയുമ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥനായ മോഹനനുമായി പരിചയപ്പെടുന്നത്. സൗഹൃദം പരസ്നേഹപ്രവര്‍ത്തികളുടെ വിത്ത് മുളപ്പൊട്ടാന്‍ നല്ലപോലെ സാഹചര്യമൊരുക്കി. ചെറുപ്പത്തിലും മറ്റുള്ളവരുടെ ദുഃഖാവസ്ഥകളോട് പ്രതിസ്പന്ദിക്കൊന്നൊരു മനസ്സ് ടോണിക്ക് ഉണ്ടായിരുന്നു.

മഹാനഗരത്തിലെ ജീവിതത്തിനിടയ്ക്കുതന്നെയാണ് വിവാഹം. അരണാട്ടുകര കാഞ്ഞിരത്തിങ്കല്‍ ജോയി മകള്‍ ഹിമയാണ് ജീവിതപങ്കാളി. രണ്ട് ആണ്‍മക്കള്‍ ലിയോയും ലോയിഡും. 15വര്‍ഷം നഗരത്തില്‍ ജീവിച്ചപ്പോഴും തൃഷ്ണകള്‍ക്കും നഗരജീവിതത്തിന്‍റെ പ്രലോഭനങ്ങള്‍ക്കും പുറകെയായിരുന്നില്ല മനസ്സ് കുതിച്ചത്. അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ആദിവാസികള്‍ ഉള്‍പ്പെടെ ദുരിതജീവിതം വിധിക്കപ്പെട്ടവരുടേയും മൊക്കെ അവസ്ഥ. ചിന്തയിലേക്കെപ്പോഴും ചുടുകാറ്റായെത്തിയത്.

അതുകൊണ്ടുതന്നെ ക്രിസ്തുമസും ഓണവും ഉയിര്‍പ്പുതിരുന്നാളുമൊക്കെ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമൊരുക്കി ആഘോഷിക്കുമ്പോള്‍ കൃത്യമായി ചെയ്തിരുന്നത് അതൊക്കെ ഒരിക്കലും സ്വപ്നം പോലും കാണാനവകാശമില്ലാതിരുന്നവരുമായി പങ്കുവെക്കലായിരുന്നു. സുഹൃത്തും ഇതിനകം മാര്‍ഗ്ഗദര്‍ശിയുമായി മാറിയിരുന്ന മോഹനന്‍ കരുത്തേകി ഒപ്പം നിന്നു.

തറവാട് ഭാഗം വെക്കുന്ന സാഹചര്യം വന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ടോണി നിര്‍ബന്ധിതനായി. അപ്പോഴാണ് അയല്‍ക്കാരനും ആത്മമിത്രവുമായിരുന്ന യേശുദാസ് നടത്തിപോന്നിരുന്നൊരു അന്നദാന നന്മ പ്രവൃത്തി മുടങ്ങാന്‍ സാഹചര്യമൊരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യേശുദാസ് ആഴ്ചയിലൊരിക്കല്‍ 25പേര്‍ക്ക് കൃത്യമായി പൊതിച്ചോറ് നല്‍കിയിരുന്നു. നിലയ്ക്കാന്‍ പോകുന്ന ആ ഉപവിപ്രവര്‍ത്തനം എന്തുകൊണ്ടു ഏറ്റെടുത്ത് തുടര്‍ന്നു കൂടെന്ന ചിന്തയും തീരുമാനവുമുണ്ടായത് ഞൊടിയിടയിലായിരുന്നു. സഹായിക്കാന്‍ പലരും സന്നദ്ധതയറിയിച്ചു. അരണാട്ടുകരയില്‍ നിന്നും ഡേവിസ് അപ്രകാരം ആദ്യ പ്രോത്സാഹകനായി. നഗരത്തില്‍ ഇയ്യുണ്ണി റോഡിലുള്ള പറക്കുന്നത്ത് മനയില്‍ നിന്നും ആമ്പക്കാട് ജംഗ്ഷനിലെ പ്രശസ്തമായ ഗോപി കേഫില്‍ നിന്നും സ്ഥിരമായി ഭക്ഷണപൊതികള്‍ കിട്ടുന്നു. ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ രുചികനുമായ കറികളായി കിട്ടുന്നത് കഴിക്കുന്നവരുടെ മുഖത്ത് വിടര്‍ത്തുന്ന വികാരത്തിന്‍റെ നിറഭംഗികള്‍ക്ക് സ്വര്‍ഗ്ഗസൗകുമാര്യം.ഉടുത്തതുണികള്‍ ഒരാഴ്ചയായി മാറാന്‍ മറുതുണിയില്ലാത്തവരുടെ ദൈന്യതയ്ക്കുത്തരം ടോണി നല്‍കുന്ന പുതിയ മുണ്ടും ഷര്‍ട്ടും തോര്‍ത്തുമൊക്കെയാണ്. ആവശ്യപ്പെടുന്നവര്‍ക്ക് പുതപ്പും നല്‍കും.

തെരുവോരങ്ങളില്‍ ഈ ജീവിതക്രമം മൊട്ടിടാനിടയാക്കിയ നിരവധി സൗഹൃദങ്ങളെയാണ് അമൂല്യ സമ്പത്തായി ടോണികരുതുന്നത്. വീല്‍ചെയറില്‍ ഭാര്യ തള്ളിക്കൊണ്ടുനടക്കുന്ന കണ്ണനെ കണ്ടുമുട്ടുമ്പോഴും കൃത്യമായി ഭക്ഷണം ഇരുവര്‍ക്കും നല്‍കുമ്പോഴും ടോണി അറിഞ്ഞിരുന്നില്ല എന്തുകൊണ്ടാണ് സ്ഥിരം ഈ വീല്‍ചെയര്‍ യാത്രയെന്ന്. കണ്ണനും ഒരുപകടത്തില്‍ പരിക്കേറ്റതാണ്. കാല്‍പഴുത്തുകയറി മാംസമെല്ലാം എല്ലില്‍ നിന്നും വേര്‍പ്പെട്ടു. ആശുപത്രിയില്‍ ചികിത്സ തേടാന്‍ വേദനയെയങ്ങേയറ്റം ഭയന്നിരുന്ന കണ്ണന്‍ കൂട്ടാക്കിയിരുന്നില്ല. വീല്‍ ചെയറിലിരുന്ന് വേദനയെ മറികടക്കാനുള്ള ശ്രമമായിരുന്നു കണ്ണന്‍റെ സുഖം. ജില്ലകള്‍ തോറും ഭര്‍ത്താവിനെ വീല്‍ ചെയറിലിരുത്തി തള്ളികൊണ്ടുപോകുന്നതിലൂടെ ഭാര്യ സുജാത കണ്ട പ്രധാന ആശ്വാസം ഏകമകന്‍റെ അകലാമരണം ഓര്‍മ്മയിലേക്ക് കടന്നുവരാതിരിക്കലായിരുന്നു.

ടോണി സ്നേഹപൂര്‍വ്വമായ സമ്മര്‍ദ്ദത്തിലൂടെ കണ്ണന്‍റെ കാലിലെ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കി മരുന്നുവെച്ച് കെട്ടാന്‍ അവസരം സൃഷ്ടിച്ചു. ആഴ്ചതോറുമത് തുടര്‍ന്നപ്പോള്‍ മുറിവ് ഉണങ്ങി. അസ്തിക്ക് ചുറ്റും മാംസം വളര്‍ന്നു. ജീവിത വസാനകാലം രാജനും സുജാതയും സുഖമെന്തെന്നറിഞ്ഞു പിന്നീടെത്രയോ മാസം പിന്നിട്ടപ്പോള്‍ ടോണി സുജാതയെ ഒറ്റയ്ക്ക് യാദൃശ്ചികമായി കണ്ടുമുട്ടി. രാജന്‍ മരിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ അണപൊട്ടിയൊഴുകിയ സ്നേഹത്തേക്കാള്‍ വിലപ്പെട്ടതായൊന്നും ആര്‍ക്കും ആര്‍ജിക്കാനാവില്ലെന്ന് ടോണി പറയും.

പാലക്കാട് ഇപ്പോള്‍ ചക്രവണ്ടിയില്‍ നിരങ്ങി നീങ്ങി ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിതം പുലര്‍ത്തുന്ന ആള്‍ക്ക് ടോണിയുടെ പരിചരണത്തില്‍ കാലിന്‍റെ വ്രണം ഉണങ്ങി സുഖപ്പെട്ട് ജീവിതത്തിന്‍റെ പച്ചപ്പിലേക്ക് ഇടംകിട്ടിയതാണ്. അഴുക്കുചാലില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ വാരിതിന്ന് വിശപ്പടക്കുന്ന ആളെ കണ്ണില്‍പ്പെട്ടപ്പോള്‍ ടോണി നിരന്തര സമ്പര്‍ക്കത്തിലൂടെയും സ്നേഹപരിചരണത്തിലൂടേയും മനുഷ്യമഹത്വത്തിന്‍റെ പാതയിലേക്ക് കൈപിടിച്ചു കയറ്റി.

ഒരു ക്രിസ്തുമസ്സിന് ഭക്ഷണ വിതരണം നടത്തുന്നതിനിടയില്‍ കൈനീട്ടിയ ആളുടെ മുഖം ദുഃഖം ഘനഭവിച്ചതായിരുന്നു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കിട്ടിയ വിലാസം വെച്ച് അന്വേഷണം നടത്തി വീട് കണ്ടുപിടിച്ചെത്തിയപ്പോള്‍ 83വയസ്സുള്ള വൃദ്ധ മാതാവ് മാത്രമുണ്ട്. സ്വന്തമായി രണ്ടേക്കര്‍ ഭൂമിയുണ്ടായിട്ടും ഒരുനേരത്തെ ആഹാരത്തിന് ഇരക്കേണ്ട മകന്‍ വ്യാകുലമാകുന്ന അമ്മ. അവരെ വീണ്ടും ഒരുകൂരയ്ക്കു കീഴെ ഒന്നിപ്പിച്ചതിന്‍റെ പുണ്യം എത്രയോ വലിയതാണ്.

നല്ല പ്രായം മുഴുവനും ഗുജറാത്തില്‍ ജോലി ചെയ്ത് ആറ് മക്കളെ അല്ലലറിയാതെ വളര്‍ത്തി സുഖസൗകര്യങ്ങളുടെ ഉയരങ്ങളിലേക്കെത്തിച്ചപ്പോഴേക്കും ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ട് വീട്ടില്‍ നിന്നും തിരസ്കൃതനായി നഗരത്തിന്‍റെ തെരുവോരം കയ്യേറ്റ സുബ്രഹ്മണ്യന്‍ സ്വാമി, പട്ടാളത്തില്‍ ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ ചെലവിട്ട് പിരിഞ്ഞപ്പോള്‍ കിട്ടിയ ആനുകൂല്യം അവിവാഹിതനായതുകൊണ്ട് സഹോദരിയെ ഏല്‍പ്പിക്കുകയും കുറച്ചുനാള്‍ക്കകം തിരസ്കൃതനായി തെരുവിലഭയം കാണേണ്ടി വന്ന അവശനും വിവശനുമായ ആള്‍, ഗള്‍ഫില്‍ ജോലിയെടുത്തുകൊണ്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം സഹായമായൊരാള്‍ക്ക് നല്‍കിയത് തിരിച്ചുകിട്ടാതെ കാല്‍ക്കാശിന് ഗതിയില്ലാതെ വാടകവീട് വിട്ടിറങ്ങി നഗരവീഥിയിലെത്തപ്പെട്ട ആള്‍, ജോലി ചെയ്തിരുന്ന കുറികമ്പനി പൊട്ടി നാട്ടുകാര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാനാവാത്ത അവസരം വന്നതിനിടയില്‍ ഭാഗ്യക്കുറി ടിക്കറ്റെടുക്കുകയും സമ്മാനാര്‍ഹനാകുകയും കേസും പുക്കാറും വരാതിരിക്കാന്‍ ഭാര്യയുടെ പേരില്‍ വീടും പുരയിടവും വാങ്ങുകയും വീട് അന്യാധീനപ്പെടുത്തി പണം കൈപ്പറ്റി ഭാര്യ ഉപേക്ഷിച്ചുപോകുകയും ചെയ്ത ആള്‍ തുടങ്ങി ഒരുകാലിഡോസ്കോപ്പിലെന്നപ്പോലെ ജീവിത ദൈന്യതയുടെ വൈവിദ്ധ്യചിത്രങ്ങള്‍ കണ്ടും കേട്ടും മനസ്സില്‍ പതിഞ്ഞും ടോണിയുടെ സാബത്ത് ദിനങ്ങള്‍ സമ്പന്നമാകുന്നു. അവര്‍ക്കുമേല്‍ കാരുണ്യത്തിന്‍റേയും സ്നേഹവാത്സല്യങ്ങളുടേയും മഴയായ് ടോണിയുടെ ജീവിതം പെയ്തുനിറയുന്നു.

തെരുവില്‍ കണ്ടുമുട്ടി സൗഹൃദമൊരുക്കുന്നവരില്‍ രണ്ട് തരക്കാരുണ്ടെന്ന് ടോണി പറയും. ഒരു കൂട്ടര്‍ നിസ്സഹായാവസ്ഥയില്‍ തെരുവിലേക്ക് എത്തപ്പെടുന്നവരാണ്. മറ്റൊരു കൂട്ടര്‍ തെരുവ് ജീവിതത്തിന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നവരാണ്.
എന്തായാലും ഒരു പ്രസ്ഥാനമാക്കാനോ സ്ഥാപനം തുടങ്ങാനോ ടോണിക്ക് പദ്ധതിയില്ല. ടോണിയെ മനസ്സിലാക്കുന്ന ഭാര്യയും മക്കളും ബന്ധുക്കളുമെന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ബന്ധുഗൃഹങ്ങളില്‍ ഞായറാഴ്ചകളില്‍ പെരുന്നനാളുകളോ എത്ര വലിയതോ പ്രിയപ്പെട്ടതോ ആയ ആഘോഷങ്ങളോ ആണെങ്കിലും ടോണി ഉച്ചതിരിഞ്ഞ് നാലുമണിയോടെയല്ലാതെ എത്താറില്ല. കാരണം കാത്തിരിക്കുന്ന പൊരിയുന്ന വയറുകളേക്കാള്‍ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായി മറ്റൊന്നും മനുഷ്യസേവനത്തിന്‍റെ ഈ അവധൂതന്‍ വേറെയില്ല.

സാബത്തിന്‍റെ പരമ്പരാഗത വിശ്വാസം പരിഗണിക്കാതെ യേശുശിഷ്യര്‍ വയലിലെ കതിരുകള്‍ വലിച്ചൂരി ഭക്ഷിച്ചതിനെ നിയമജ്ഞര്‍ ചോദ്യം ചെയ്തു കുറ്റപ്പെടുത്തി. യേശു പക്ഷേ ശിഷ്യരുടെ പ്രവൃത്തി ന്യായീകരിച്ചു. മനുഷ്യന്‍ സാബത്തിനും മിതേയാണെന്ന് പഠിപ്പിക്കുന്ന സുവിശേഷസന്ദര്‍ഭം.

ടോണി ഞായറാഴ്ച വിശുദ്ധമായാചരിക്കുന്നത് തെരുവേരങ്ങളില്‍ പൊരിയുന്ന വയറും വഴിക്കണ്ണുമായി കാത്തിരിക്കുന്ന അശരണര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണപൊതികളെത്തിച്ച് നല്‍കിയാണ്.

അവരെ ക്ഷമയോടെ ശ്രവിച്ചും, കുളിപ്പിച്ചും ക്ഷൗരം ചെയ്തുകൊടുത്തും പുതുവസ്ത്രങ്ങള്‍ നല്‍കിയുടുപ്പിച്ചും, മുറിവുകള്‍ കഴുകി മരുന്നുവെച്ചുകെട്ടിസുഖപ്പെടുത്താന്‍ വഴിയൊരുക്കിയും സുന്ദരന്മാരാക്കിയുമൊക്കെയാണ്.

ശ്രീ ടോണിയുടെ ഫോൺ നമ്പർ – 9747788641

ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍

Share News