ആര്‍ക്കും നല്ല പ്രസംഗകരാകാം
തെരഞ്ഞെടുപ്പുകാലം പ്രസംഗകരുടെ കാലമാണ്.
കോവിഡ് കാലമായതിനാല്‍ പ്രസംഗാവസരം വളരെ കുറവാണ്. എന്നാലും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രസംഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ജയിച്ചുകഴിഞ്ഞാല്‍ പ്രസംഗം പറയേണ്ട നിരവധി അവസരങ്ങള്‍ വരും. പലരും രണ്ടുവാക്ക് മൈക്കിനു മുന്നില്‍നിന്നു പറയാനാവാതെ വിയര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തി, നല്ല പ്രസംഗകരായി മാറിയാലേ നേതൃത്വരംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയൂ.
വാക്കിന്‍റെ വളര്‍ന്ന രൂപമാണ് പ്രസംഗം. ഭാഷ ഉപയോഗിച്ച് ചിന്തയില്‍ മുളച്ച ആശയങ്ങളെയും തന്നിലെ വൈചിത്രമാര്‍ന്ന വികാരപ്രപഞ്ചത്തെയും തന്നെത്തന്നെയും മനുഷ്യന്‍ ആവിഷ്കരിച്ചതാണ് പ്രസംഗ മെന്ന കല. മറ്റുള്ളവരുടെ മനോഭാവത്തെ സ്വാധീനിക്കാനും വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും വേണ്ടി വാക്കുകളു ടെയും അംഗവിക്ഷേപങ്ങളുടെയും സഹായത്തോടെ ക്രമബദ്ധവും സപ്രയോജനകരവുമായ പ്രതിപാദനമാണ് പ്രസംഗം. ചിന്തയുടെ ഫലമായി മനസ്സില്‍ രൂപംകൊള്ളുന്ന ആശയങ്ങളെ വികാരത്തിന്‍റെ ഭാവം നല്‍കി വാക്കുകളും ആംഗ്യവും വഴി പ്രകടിപ്പിച്ചാല്‍ പ്രസംഗമാകും.
ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ച എല്ലാവരും ജനങ്ങളെ കാര്യംപറഞ്ഞ് മനസ്സിലാക്കി യവരാണ്. പാട്ടുകാരന്‍ പാടാനുള്ള സിദ്ധിയെ സാധനയിലൂടെ സ്ഫുടം ചെയ്തെടുക്കുന്നതുപോലെ പറയുന്ന വര്‍ (പ്രസംഗകര്‍) പറയാനുള്ള സിദ്ധിയെയും സാധകം ചെയ്യണം. സിസറോ പറയുന്നു: “ജന്മസിദ്ധമായ കഴിവല്ല; നിരന്തരമായ പരിശ്രമവും പരിശീലനവുമാണ് പ്രസംഗത്തിനു വേണ്ടത്”. പ്രതിഭ കൊണ്ട് എന്നതിനേ ക്കാള്‍ പരിശീലനം കൊണ്ട് നല്ല പ്രസംഗകരാകാം. പ്രസംഗിച്ചു പ്രസംഗിച്ചു മാത്രമേ പ്രസംഗിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തിയെടുക്കാന്‍ കഴിയൂ. നിരന്തരമായ പരിശീലനം ആത്മവിശ്വാസവും ആത്മധൈര്യവും നേടിത്തരും. നിരായുധനായി യുദ്ധക്കളത്തിലക്ക്േ പോകുന്ന പടയാളിയെപ്പോലെയാണ് ഒരുങ്ങാതെപോകുന്ന പ്രസംഗകന്‍. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോള്‍, എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്തണം. വിഷയത്തിന്‍റെڔവിവിധ വശങ്ങള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തിയിട്ടുവേണം പ്രസംഗിക്കുവാന്‍. സമഗ്രമായ തയ്യാറെടുപ്പ് വിജയം നേടിത്തരും.
വിജ്ഞാനം നല്‍കുക, ചിന്തിപ്പിക്കുക, വികാരം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക, ഉള്‍ക്കാഴ്ച നല്‍കുക, കര്‍മോന്മുഖരാക്കുക എന്നിവയാണ് പ്രസംഗത്തിന്‍റെ ലക്ഷ്യങ്ങള്‍. ജനങ്ങളെ വസ്തുസ്ഥിതികളെക്കുറിച്ച് ബോധ്യപ്പെടുത്തി, മുന്‍വിധികള്‍ തിരുത്തി, വികാരഭരിതരും കര്‍മോത്സുകരുമാക്കുകയുമാണ് ചെയ്യേണ്ടത്. പ്രസംഗം ഒരു പ്രേരണയുടെ കലയും ഹൃദയസംവാദവുമാണ്. വാക്യങ്ങളാണ് പ്രസംഗത്തിന്‍റെ ശരീരം, ചിന്ത യാണ് ആത്മാവ്, അംഗചലനങ്ങളാണ് പ്രസംഗത്തിന് ജീവന്‍ നല്‍കുന്നത്. പ്രസംഗം വാക്കുകളില്‍ തെളിയുന്ന വര്‍ണചിത്രമാകണം. ഉയിരെടുത്ത ചിന്തകളും അഗ്നി നിറച്ച പദങ്ങളും ശ്രദ്ധാപൂര്‍വം കോര്‍ത്തിണക്കിയാല്‍ ഉജ്ജ്വല പ്രസംഗം പിറവികൊള്ളും. പ്രസംഗം ആശയപരമായ ഒരു യുദ്ധമാണ്. ലാളിത്യം, യുക്തിയുക്തത, ചമത്കാരം, ബോധവത്കരണം എന്നിവ പ്രസംഗത്തിന്‍റെ മുഖമുദ്രകളാകണം. മനസ്സിന്‍റെ നിറവില്‍ നിന്ന് അധര ങ്ങള്‍ സംസാരിക്കണം. അറിവാണ് പ്രസംഗകന്‍റെ ഏറ്റവും വലിയ സമ്പാദ്യം. അരിസ്റ്റോട്ടില്‍ ഒരു പ്രസംഗകനു വേണ്ട ഏറ്റവും പ്രധാനഗുണം ആത്മാര്‍ത്ഥതയാണെന്ന് അഭിപ്രായപ്പെടുന്നു. ആത്മാര്‍ത്ഥതയും ആത്മാംശവും ചേര്‍ന്ന പ്രസംഗങ്ങള്‍ മാനസാന്തരാനുഭവം സൃഷ്ടിക്കും.
പ്രസംഗവിജയത്തിന് അഷ്ടാംഗമാര്‍ഗമുണ്ട്.
1) പറയുന്നകാര്യം വ്യക്തമാക്കുക. 2) ബോധ്യമുള്ളതാക്കുക. 3) അര്‍ത്ഥവത്താക്കുക. 4) പരിചയമുള്ളതാക്കുക. 5) സമ്മതിപ്പിക്കാനാകുക. 6) ആകര്‍ഷകമാക്കുക. 7) ഒഴിച്ചുകൂടാനാവാത്തതാക്കുക. 8) പ്രോത്സാഹനജന കമാക്കുക. യുക്തിഭദ്രമാകണം പ്രസംഗം. യുക്തിബോധത്തിനു തീ പിടിച്ചാല്‍ പ്രസംഗമായി.
പറയാനുള്ളത് വ്യക്തമായും കൃത്യമായും ഫലപ്രദമായും പറയാന്‍ ഇപ്പോഴേ പരിശീലിക്കുക. ഗ്രീക്ക് ചിന്തകനായ ഡെമട്രിയസ് പറയുന്നു; “യുദ്ധത്തില്‍ ആയുധംകൊണ്ട് നേടാനാവുന്നതെല്ലാം രാഷ്ട്രീയത്തില്‍ പ്രസംഗം കൊണ്ട് നേടാനാകും”. “സന്ദര്‍ഭോചിതമായി ഉപയോഗിക്കാന്‍ പറ്റിയ ഉചിതമായ വാക്കുകള്‍ എനിക്ക് തരൂ; ഞാനീ ലോകത്തെ കീഴ്മേല്‍ മറിക്കാം” എന്നാണ് പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ജോസഫ് കോണ്‍റാഡ് പറഞ്ഞിട്ടുള്ളത്.
അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS
8075789768