മനുഷ്യത്വത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്.
കോവിഡ് – 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണ്.
ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്.
ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഈ ചതയദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ എടുക്കാം.
മുഖ്യ മന്ത്രി പിണറായി വിജയൻ