
മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു
പാലാ: മെത്രാനെ ആദരിക്കാൻ എത്തിയ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് മെത്രാൻ മന്ത്രിയെ ആദരിച്ചു. തുടർന്നു കൊറോണയ്‌ക്കെതിരെ പോരാടാൻ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരിച്ചു.
രക്തദായകദിനത്തോടനുബന്ധിച്ചു രക്തദാതാവുകൂടിയായ ബിഷപ്പ് മാർ മുരിക്കനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിലാണ് വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും ഞെട്ടിച്ചു കൊണ്ട് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആദരവ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നൽകിയത്.
തന്നെ രക്തദായകദിനത്തോടനുബന്ധിച്ചു ഒരു ചടങ്ങുണ്ടെന്നു പറഞ്ഞാണ് ക്ഷണിച്ചത്. ഇവിടെ എത്തിയപ്പോഴാണ് ആദരവാണ് ചടങ്ങെന്നറിയുന്നത്. തന്നെയല്ല ആദരിക്കേണ്ടതെന്നു പറഞ്ഞ മാർ മുരിക്കൻ കോവിഡിനെതിരെ പോരാടാൻ നേതൃത്വം കൊടുക്കുന്നവരെ ആദരിക്കേണ്ടത് കടമയാണെന്നു പറഞ്ഞു. ഇതേത്തുടർന്നു അപ്പോൾ തന്നെ ഷാളുകൾ വാങ്ങിപ്പിച്ചു മന്ത്രി പി തിലോത്തമൻ, എം എൽ എ മാണി സി കാപ്പൻ, എം പി ജോസ് കെ മാണി, ഡി എം ഒ ഡോ ജേക്കബ് വർഗ്ഗീസ് എന്നിവരെ ആദരിക്കുകയായിരുന്നു.
വിവാദങ്ങളിൽപ്പെടാത്ത, ബഹളം വയ്ക്കാത്ത, വലിയ അവകാശവാദങ്ങൾ ഉന്നയിക്കാത്ത മന്ത്രിയാണ് പി തിലോത്തമൻ. എന്നാൽ കൃത്യമായി തൻ്റെ വകുപ്പിനെ മുമ്പോട്ടു കൊണ്ടു പോകുന്ന മന്ത്രിയെ കോട്ടയം ജില്ലയുടെ ചാർജുകാരനായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.
സ്വീകരണങ്ങൾക്കു പൂച്ചെണ്ടുകൾക്കു പകരം പഠനോപകരങ്ങൾ നൽകിയാൽ മതിയെന്ന തീരുമാനമെടുത്ത മാണി സി കാപ്പൻ മികച്ച എം എൽ എ ആണ്. കുറഞ്ഞ കാലം കൊണ്ട് മണ്ഡലത്തിൽ വികസനമെത്തിക്കാൻ കാപ്പനു കഴിഞ്ഞിട്ടുണ്ട്.
കെ എം മാണിയുടെ പാരമ്പര്യമുള്ള ജോസ് കെ മാണി വികസന കാര്യത്തിന് മുൻഗണന നൽകുന്നുണ്ടെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് രാഷ്ട്രീയത്തിനതീതമായ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ലോകരക്ത ദായകദിനാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ അവയവദാനത്തിനുശേഷവും രക്തദാനം തുടരുന്ന പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ ക്കാൻ സംഘടിപ്പിച്ചതായിരുന്നു സമ്മേളനം.
മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തി. ഡോ പി ഡി ജോർജ് , സാബു അബ്രാഹം, കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി, റഫീക് അമ്പഴത്തിനാൽ, ബിനോയി തോമസ്, അഡ്വ.സണ്ണി ഡേവിഡ്, ബാബു കെ ജോർജ്, തോമസ് വി റ്റി എന്നിവർ നേതൃത്വം നല്കി.