ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട്, ഡാമിന്റെ ഇന്നത്തെ സ്ഥിതി അറിയാം.

Share News

2020-10-13 18:13:08 


സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് ഇടുക്കി.

വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടിലാണ്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി. ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്.

ഇന്ന് (2020 ഒക്ടോബര്‍ 13 ) ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം 1890 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടിലുണ്ട്. 2391.18 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) അണക്കെട്ടിലെ ജലനിരപ്പ്. ഇത് മൊത്തം സംഭരണശേഷിയുടെ (ഗ്രോസ് സ്‌റ്റോറേജ്) 90.07 ശതമാനമാണ്. 86.41 ശതമാനമാണ് നിലവില്‍ ലൈവ് സ്റ്റോറേജ് (വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാവുന്ന വെള്ളം). 

2408 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയെങ്കിലും സുരക്ഷിതത്വം മുന്‍നിര്‍ത്തി എഫ്.ആര്‍.എല്‍ 2403 അടിയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്. 2280 അടിക്ക് മുകളിലുള്ള വെള്ളമാണ് വൈദ്യുതി ഉതപാദനത്തിന് ഉപകരിക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ചെറുതോണി ഡാമിന് മാത്രമാണ് ഷട്ടറുകള്‍ ഉള്ളത്. 60 ചതുരശ്ര കിലോമീറ്ററിലാണ് വെള്ളം വ്യാപിച്ചുകിടക്കുന്നത്. ആറു മുല്ലപ്പെരിയാര്‍ അല്ലെങ്കില്‍ എട്ട് ഇടമലയാര്‍ അല്ലെങ്കില്‍ 400 കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ ചേര്‍ത്തു വച്ചാല്‍ ഒരു ഇടുക്കി അണക്കെട്ടിനു തുല്യമാകും  


ബ്ലൂ, ഓറഞ്ച്, റെഡ് അലര്‍ട്ട്

മൂന്ന് ജാഗ്രതാ നിര്‍ദേശങ്ങളുടെ പരിധിയാണിത്. കേന്ദ്ര ജലക്കമ്മീഷന്‍ ഇടുക്കി അണക്കെട്ടില്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ തിട്ടപ്പെടുത്തിയിരിക്കുന്ന റൂള്‍ കര്‍വ് ലെവല്‍ 2398.85 അടിയാണ്. 2390.85 (ബ്ലൂ അലര്‍ട്ട്), 2396.85 (ഓറഞ്ച് അലര്‍ട്ട്), 2397.85 (റെഡ് അലര്‍ട്ട്) എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ജലനിരപ്പ് 2390.85 അടി പിന്നിട്ടതോടെ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് ഇടുക്കി ജില്ലാ കലക്ടര്‍ ഇന്ന്് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍ ലെവലായ 2398.85 അടിയിലെത്തിയാല്‍ നീരൊഴുക്കടക്കമുള്ള സാഹചര്യം പരിശോധിച്ച് അണക്കെട്ട് തുറന്നുവിടുന്ന കാര്യം വൈദ്യുതി ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിക്കും.


ഷട്ടര്‍ രണ്ടുവട്ടം  തുറന്നതും ഒക്ടോബറില്‍; 2018 ല്‍ ഓഗസ്റ്റില്‍


ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് രണ്ടും വട്ടം ഒക്ടോബറിലും ഒടുവില്‍ തുറന്ന 2018 ല്‍ ഓഗസ്റ്റിലും. 1981 ഒക്ടോബര്‍ 29നും 1992 ഒക്ടോബര്‍ 12നും 2018 ഓഗസ്റ്റ് 9 നുമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 1981ല്‍ 11 ദിവസമാണു ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ല്‍ 13 ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. എന്നാല്‍ 2018 ലെ മഹാപ്രളയത്തെത്തുടര്‍ന്ന ദിവസങ്ങളോളം തുറന്നുവിട്ട അണക്കെട്ടില്‍ നിന്ന് 620 കോടിയുടെ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുക്കിവിട്ടതായാണ് കണക്ക്. 2018 ല്‍ രണ്ടുവട്ടം അണക്കെട്ട് തുറന്നു.


വെള്ളം എങ്ങനെ ഒഴുകും? 

 
ഷട്ടര്‍ തുറന്നുവിട്ടാല്‍ ചെറുതോണി പുഴയിലേക്ക് ആദ്യം വെള്ളം എത്തും.  തൊടുപുഴ  പുളിയന്‍മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി  കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും. തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെ വെള്ളം ഒഴുകി, എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. നെടുമ്പാശേരി വിമാനത്താവളം വഴി ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ച്ചേരും. 2018ല്‍ അണക്കെട്ട് തുറന്നപ്പോള്‍ ആലുവ നഗരം അടക്കം വെള്ളത്തിലാകുകയും കോടികളുടെ നഷ്ടമുണ്ടാകുകയും ചെയ്തു.


ഡാമില്‍ നീരൊഴുക്ക് കൂടുമോ?

ഇപ്പോഴത്തെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ലഭിച്ച മഴകാരണം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. അടുത്ത ദിവസം പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ ലഭിച്ചാല്‍ വീണ്ടും ജലനിരപ്പ് സജീവമാകും. തുലാവര്‍ഷം തുടങ്ങും മുന്‍പാണ് ഇത്രയും ജലനിരപ്പ് എത്തിയത്. തുലാവര്‍ഷം സജീവമായാല്‍ നീരൊഴുക്ക് വീണ്ടും കൂടുമെന്നാണ് വിലയിരുത്തല്‍.


അണക്കെട്ടിന്റെ സുരക്ഷ


കെ.എസ്.ഇ.ബി.യുടെ റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി വിഭാഗത്തിനാണ് ഇടുക്കി അണക്കെട്ടിന്റെ ചുമതല. വാഴത്തോപ്പ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴില്‍ 30 ഉദ്യോഗസ്ഥര്‍ക്കാണ് അണക്കെട്ടിന്റെ നിയന്ത്രണം.


അണക്കെട്ടിനുള്ളില്‍ ഒരു ഗാലറി

അണക്കെട്ടിനുള്ളിലെ താപം പരിശോധിക്കുന്നതിനും നിരീക്ഷണത്തിനുമായി സജ്ജമാക്കിയ പ്രത്യേക അറയാണു ഗാലറി. അത്യാധുനിക ഉപകരണങ്ങള്‍ ഇവിടെയുണ്ട്. ദിവസവും ഉദ്യോഗസ്ഥര്‍ ഗാലറിയിലെത്തി താപം അടക്കം പരിശോധിക്കും.


ഇടുക്കി പവര്‍ ഹൗസ് വിസ്മയക്കൂടാരം

ഇടുക്കി ഭൂഗര്‍ഭ വൈദ്യുതി നിലയം വിസ്മയക്കൂടാരമാണ്. 2500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടില്‍ ആരംഭിക്കുന്ന 1966 അടി നീളമുള്ള തുരങ്കത്തിലൂടെയാണ് മൂലമറ്റത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയത്തിലേക്ക് പ്രവേശിക്കുന്നത്. 20 അടി ഉയരമുള്ള ഭൂഗര്‍ഭ തുരങ്കത്തിന് കുതിരലാടത്തിന്റെ ആകൃതിയാണ്. 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഭൂഗര്‍ഭ വൈദ്യുതി നിലയത്തിനുള്ളത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവര്‍ ഹൗസിന്റെ തറനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നും 2200 അടി ഉയരത്തിലുള്ള കുളമാവ് ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് പവര്‍ ഹൗസിലേക്ക് വെള്ളം എത്തുന്നത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഉള്ളത്. 780 മെഗാവാട്ടാണ് പൂര്‍ണ ഉത്പാദന ശേഷി.  രണ്ട് പ്രഷര്‍ ഷാഫ്റ്റുകളിലൂടെ പവര്‍ ഹൗസിലേക്ക് എത്തുന്ന വെള്ളം ഒരോന്നും മൂന്നായി തിരിഞ്ഞ് ഓരോ ജനറേറ്ററുകളിലേക്ക് പോകുകയാണ് ചെയ്യുന്നത്. 
ജനറേറ്ററിനുള്ളില്‍ എത്തുന്ന വെള്ളത്തെ ആറ് ജെറ്റ് നോസിലുകളിലൂടെ അതിശക്തമായി പായിച്ചാണ് ടര്‍ബൈന്‍ കറക്കുന്നത്. പെല്‍ടണ്‍ വീല്‍ ടൈപ്പ് ഹൈ ഹെഡ് ടര്‍ബൈനുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുത്തനെ ഘടിപ്പിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ക്ക് മുകളിലാണ് ജനറേറ്ററുകള്‍. ജനറേറ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പവര്‍ ഹൗസിനുള്ളില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന 220 കെ വി സിംഗിള്‍ ഫേസ് ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ശേഖരിക്കുകയും അവിടെ നിന്നും സ്വിച്ച്‌യാര്‍ഡിലേക്ക് പ്രവഹിക്കുകയുമാണ്. 57 ടണ്‍ ഭാരമാണ് ഓരോ ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുമുള്ളത്. ഒരു സ്റ്റാന്റ് ബൈ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പടെ 10 ട്രാന്‍സ്‌ഫോര്‍മറുകളാണ് 10 അറകളിലായി സ്ഥാപിച്ചിരിക്കുന്നത്.


കണ്‍ട്രോള്‍ റൂം

അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ കലവറയാണ് കണ്‍ട്രോള്‍ റൂം. കളമശേരി, പള്ളം എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി പ്രവാഹത്തെ ഇവിടെ നിന്നും നിയന്ത്രിക്കാനാകും. ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും വൈദ്യുതി പവര്‍ ഹൗസിന് പുറത്തുള്ള സ്വിച്ച്‌യാര്‍ഡിലേക്ക് കൊണ്ടുപോകുന്നത് ഓയില്‍ നിറച്ച പ്രത്യേകതരം ചെമ്പ് കേബിളുകളിലൂടെയാണ്. സ്വിച്ച് യാര്‍ഡിലേക്ക് ഈ കേബിളുകള്‍ പോകുന്നത് 1400 അടി നീളമുള്ള തുരങ്കത്തിലൂടെയാണ്. നാലിഞ്ച് വ്യാസമുള്ള ഈ ഒറ്റ കേബിളിന് 28 ടണ്ണിലധികം ഭാരമുണ്ട്. പവര്‍ ഹൗസില്‍ നിന്ന് കണ്‍ട്രോള്‍ കേബിളുകള്‍ പോകുന്നത് മറ്റൊരു തുരങ്കത്തിലൂടെയാണ്.


രാഷ്ട്രത്തിന് സമര്‍പ്പിച്ചത് ഇന്ദിരാ ഗാന്ധി


1976 ഫെബ്രുവരി 12ന്  മുഖ്യമന്ത്രി സി അച്യുതമേനോന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്  ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പദ്ധതിയിലെ ഒന്നാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഇടുക്കിയിലെ വൈദ്യുതികൊണ്ട് ‘ഇടുക്കി രാഷ്ട്രത്തിന് ‘ എന്ന് വൈദ്യുതി ദീപങ്ങളാല്‍ എഴുതിക്കാട്ടിയ അനര്‍ഘ നിമിഷം ഇന്നും പലരുടേയും ഓര്‍മയിലുണ്ട്. കുറവന്‍കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിന് പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം, പാറക്കുള്ളില്‍ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ഇന്നും അത്ഭുത്തോടെ മാത്രമേ വീക്ഷിക്കാനാകൂ.

ഇച്ഛാശക്തിയുടേയും മനുഷ്യപ്രയത്‌നത്തിന്റെയും വിയര്‍പ്പിന്റെ ഖനിയായ ഈ പദ്ധതിക്ക് ഓര്‍ക്കാന്‍ ഏറെയുണ്ട്. പ്രശാന്ത കേരളത്തെ പ്രകാശപൂരിതമാക്കിയ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ വിഭവസമൃദ്ധിയുണ്ട്. ഐതിഹ്യത്തിന്റെ ഉപദംശങ്ങളുണ്ട്. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി പദ്ധതി വഹിക്കുന്ന പങ്ക് ചെറുതല്ല. കരിവെള്ളയാന്‍ കൊലുമ്പന്‍ വിരല്‍ ചൂണ്ടിയ ഈ മുഖ്യ ഊര്‍ജസ്രോതസ്സാണ് കേരളത്തിന്റെ ജലവൈദ്യുതോത്പാദനത്തിന്റെ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്നത്.

ബാസിത് ഹസന്‍

 (ഇടുക്കിയിലെ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
പടം- കഴിഞ്ഞ ദിവസത്തെ മഴയില്‍ ചെറുതോണി ഡാം 89 % നിറഞ്ഞ നിലയില്‍
Photo – നാസര്‍ തൊടുപുഴ

Share News