അതിവേഗറെയിൽ ആരുടെ ആവശ്യം?

Share News

അതിരപ്പിള്ളി എന്ന നടക്കാത്ത പദ്ധതിയെ മുന്നിൽ വച്ച് സർക്കാർ ഇങ്ങനെ അപഹാസ്യമാകുന്നതെന്തിന് എന്ന സംശയം പലരിലും ഉണ്ടായി. എന്നാൽ ഈ ചർച്ചകൾക്കിടയിൽ കേരളത്തെ കൊള്ളയടിക്കുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി എന്നതാണ് കാര്യം. തോട്ടപ്പിള്ളിയിലെ കരിമണൽ കൊള്ള മറന്നു പോയി. 20000 ചതു. മീറ്റർ വരെയുള്ള കെട്ടിടനിര്മാണത്തിനു മണ്ണെടുക്കാൻ അനുമതി വേണ്ട എന്ന വലിയ കൊള്ളക്കുള്ള വഴി ഒരുങ്ങി. അതോടോപ്പമാണ് കോവിഡ് ബാധയിൽ വിറങ്ങലിച്ചു നിൽക്കുന്ന നമ്മുടെ മേൽ ഒരു ഇടിത്തീ പോലെ സിൽവർ ലെയിൻ എന്ന അർദ്ധ അതിവേഗ റെയിൽ പദ്ധതി മന്ത്രിസഭാ അംഗീകരിച്ചത്. അതിരപ്പിള്ളി വിഷയത്തിൽ കടുത്ത പാരിസ്ഥിതിക മുദ്രാവാക്യം മുഴക്കിയ ആരെയും അതിനേക്കാൾ നൂറുകണക്കിന് മടങ്ങു നാശം വിതക്കുന്ന ഈ പദ്ധതിക്കെതിരെ കാണാനില്ല. സിപിഐ മന്ത്രിമാർ കൂടെയിരുന്നല്ലേ ഈ പദ്ധതിക്കുള്ള അംഗീകാരം നൽകിയത്. ഇതിന്റെ പാരിസ്ഥിതികാഘാതം ഇവർ പരിശോധിച്ചുവോ? ഈ പദ്ധതിയുടെ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെട്ടുവോ?എന്താണ് പദ്ധതി? കാസർകോട് മുതല തിരുവനന്തപുരം വരെ ഒരു അതിവേഗ തീവണ്ടിപ്പാത, സിൽവർ ലൈൻ. കേവലം മൂന്ന് മണിക്കൂർ അമ്പത്തിരണ്ട് മിനുട്ടു കൊണ്ട് കാസർകോട്ടെ നിന്നും തിരുവനന്തപുരത്തെത്താൻ കഴിയും. ഒമ്പതു സ്ഥലത്തു നിര്ത്തുന്നു . പുതുശ്ശേരി സർക്കാർ എതിർത്തതിനാൽ മാഹി ഒഴിവാക്കി വഴി മാറിയാകും കടന്നു പോകുക. കേരള സർക്കാർ ഇന്ന് വരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതി. കേരള റെയിൽ വികസന കോർപറേഷൻ എന്ന സ്ഥാപനം കേരള സർക്കാരിന്റെയും റെയിൽ വകുപ്പിന്റെയും സംയുക്ത സംരഭമാണ് . 532 കിലോമീറ്റർ നീളത്തിൽ കാസർകോഡ് നിന്നും തിരുവനന്തപുരം വരെ ഒരു അർദ്ധ അതിവേഗ പാത, 64000 കോടി രൂപ അടങ്കൽ ഉള്ള പദ്ധതി. 33700 കോടി വായ്പയായും ബാക്കി കേന്ദ്ര സംസ്ഥാനസർക്കാറുകൾ എടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജപ്പാനിലെ ജിക്ക ബാങ്കാണ് ഒരു വായ്പാ സാധ്യതയായി കേൾക്കുന്നത്. ഫ്രാൻസിലെ സിസ്റ്ററെ എന്ന കമ്പനിയാണ് ഉപകരണങ്ങളും സാങ്കേതിക വിദ്യകളും നൽകുന്നത്. ആ സാങ്കേതിക വിദ്യ ഇന്ന് കാലഹരണപ്പെട്ടതായിരിക്കുന്നു. അവരുടെ നാട്ടിൽ 500 കി മി വേഗതയിൽ ഓടുന്ന വണ്ടികൾ വന്നു കഴിഞ്ഞു.സാമ്പത്തികംഇപ്പോൾ തന്നെ കടക്കെണിയിൽ മുങ്ങിയ ഒരു സംസ്ഥാനമാണ് കേരളം. കിഫ്‌ബി പോലെ കാണാക്കടങ്ങൾ വേറെയുമുണ്ട്. എന്നാൽ അതിനോടൊപ്പം ഇത്ര വലിയ ഒരു ബാധ്യത കൂടി വരുന്നതോടെ കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും കടം ( പലിശയും മുതലും ) തിരിച്ചടക്കാനായി ഉപയോഗിക്കേണ്ടി വരും. അതിനായി വേറെ കടം എടുക്കേണ്ടിയും വരും.ഇതിൽ നിന്നും കാര്യമായ വരുമാനമൊന്നും കിട്ടില്ല. പദ്ധതി സംബന്ധിച്ച ആകാശസർവെയും മറ്റും നടത്തി റൂട്ട് തീരുമാനിച്ചിരിക്കുന്നു. ആരോ പാരിസ്ഥിതികാഘാത പഠനം നടത്തിയെന്നും വിശദമായ പദ്ധതി റിപ്പോർട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു എന്നും മന്ത്രിസഭ അത് അംഗീകരിച്ചു എന്നും സ്ഥലം ഏറ്റെടുക്കാൻ വേണ്ട പണം കണ്ടെത്താൻ വിവിധ സാമ്പത്തിക സ്ഥാപനങ്ങളെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നുമാണ് പത്രവാർത്തകൾ. ഈ പാത ഒരിക്കലും ലാഭകരമാവില്ല എന്ന് ആർക്കും മനസ്സിലാകും. 6000 കോടി ചിലവാക്കി നിർമ്മിച്ച കൊച്ചി മെട്രോ ഇന്ന് കേവലം ഒരു അലങ്കാരവാഹനം മാത്രമാണ്. ( പഴയ തറവാടുകളിൽ ആന പോലെ) മുടക്കുമുതലിന്റെ പലിശപോലും അതിൽ തിരിച്ചു കിട്ടുന്നില്ല. അതിന്റെ കടം തീർക്കാൻ നമ്മുടെ നികുതിപ്പണം ചിലവാക്കുന്നു. കാരണം അവരുടെ കടത്തിന് സർക്കാർ ആണ് ജാമ്യക്കാർ. കടം തീർക്കാനുള്ള മറ്റൊരു പോംവഴിയാണ് പറയുന്നത് പൊതു ഭൂമി സ്വകാര്യമുതലാളിമാർക്ക് വിറ്റു പണം ഉണ്ടാക്കലാണ്. ഇത് തന്നെയാണ് സ്വകാര്യവൽക്കരണം. സർക്കാരിന്റെ ബാധ്യത കുറക്കാൻ അഥവാ വരുമാനം കൂട്ടാൻ എല്ലാ സർക്കാരുകളും ചെയ്യുന്നതാണിത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമിയടക്കമുള്ള സ്വത്തുക്കൾ വിൽക്കുന്നതും ഇതാണ്.ഇതൊരിക്കലും ലാഭകരമാകില്ലെന്നു പറയുന്നവരിൽ മെട്രോമാൻ ശ്രീധരനും ഉണ്ട്. ഇപ്പോഴത്തെ പാതയുടെ ആക്സിൽ ലോഡ് ശേഷി 17 ടൺ മാത്രമാണ്. യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമേ ഈ പാതക്ക് കഴിയൂ. അങ്ങനെ ചെയ്‌താൽ ഈ പാത വലിയ നഷ്ടത്തിലാകും. ചരക്കു കൊണ്ട് പോയാൽ മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടൂ. അതിനു പാതയുടെ ശേഷി 25 ടൺ ആക്സിൽ ലോഡ് ശേഷി 25 ടൺ എങ്കിലും വേണം. അങ്ങനെ നിർമ്മിക്കാൻ ചെലവ് നാളിൽ ഒന്നെങ്കിലും കൂടും. ഒരുലക്ഷം കോടി രൂപക്കടുത്താകും ചിലവ്.ഭൂമി എങ്ങനെ കിട്ടും? ഈ പദ്ധതിക്കുവേണ്ടി 2800 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 13000 കോടി രൂപ വേണം. ഈ പദ്ധതിയുടെ ഭാഗമായുള്ള റിയൽ എസ്റ്റേറ്റ് ഘടകത്തിനു ( അഞ്ചു ടൗൺഷിപ്പുകൾ) ഇനിയുമെത്രയോ കൂടുതൽ വേണ്ടി വരും. ഇത് അതിവേഗറെയിൽ ആണെന്നതിനാൽ ഇതിൽ നിന്നും കുറെ ദൂരെ മാത്രമേ മറ്റു കെട്ടിടങ്ങളോ മറ്റു നിർമ്മാണങ്ങളോ സാധ്യമാകൂ. ഇഇഇതിനു വേണ്ട പണം വിവിധ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാൻ കിഫബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. ഇതിനായുള്ള ഭൂമി എടുക്കൽ ഈ വര്ഷം തന്നെ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ഏതു പദ്ധതിയുടെയും ഏറ്റവും പ്രധാന കടമ്പ ഭൂമി ഏറ്റെടുക്കൽ ആണ്. ദേശീയ പാതയടക്കം ഒട്ടനവധി പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ട് പതിറ്റാണ്ടിലേറെ ആയി. ഇന്നും അതിൽ കാര്യമായ പുരോഗതിയില്ല. ഇതെന്തു കൊണ്ടാണെന്നു വിലയിരുത്താതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാൻ തീരുമാനമെടുക്കുന്നത് വിവരമില്ലായ്മ ആകില്ല. ആദ്യപഠനങ്ങൾ സൂചിപ്പിച്ചതു ഏഴായിരത്തോളം കുടുംബങ്ങൾ എന്നാണു. മുൻകാല അനുഭവങ്ങൾ വച്ചുകൊണ്ട് നോക്കിയാൽ ഇത് പതിനായിരത്തിൽ അധികം ഉണ്ടാകും എന്നുറപ്പാണ്. കഴിഞ്ഞ പ്രളയത്തിൽ നഷ്ടപ്പെട്ട വീടുകളിൽ പാതി പോലും ഇനിയും നിർമ്മിച്ച് നൽകിയിട്ടില്ല. കോവിഡ് വ്യാപനക്കാലത്തു ജനങ്ങളെ കുടിയിറക്കുമെന്ന ഭീഷണിയുമായി ഇറങ്ങുന്നത് കാര്യമായ പ്രതിരോധം ഉണ്ടാകില്ലെന്ന് കരുതിയാവാം. പക്ഷെ അമേരിക്കയിൽ കറുത്ത മനുഷ്യന് നേരെ പരസ്യമായ വധശ്രമം ഉണ്ടായപ്പോൾ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ട് ജനങ്ങൾ തെരുവിലിറങ്ങി. സ്വന്തം കിടപ്പാടം ഇല്ലാതാകും എന്ന് കണ്ടാൽ ഇവിടെയും നിയന്ത്രണനിയമങ്ങൾക്കു ഒരു വിലയും ഉണ്ടാകില്ല. സർക്കാർ പുനരധിവാസം നൽകുമെന്ന വാഗ്ദാനം പോലും ജനങ്ങൾ വിശ്വസിക്കില്ല. ഒരു വ്യാഴവട്ടം ( പന്ത്രണ്ട് വര്ഷങ്ങള്ക്കു മുമ്പ്) വല്ലാർപാടം പദ്ധതിക്കായി കുടിയിറക്കിയ 326 കുടുംബങ്ങളിൽ മഹാ ഭൂരിപക്ഷവും ഇന്നും സ്വന്തം വീട്ടിൽ താമസമാക്കിയിട്ടില്ല.പാരിസ്ഥിതികംജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്താൻ ആകാശസർവ്വേയിൽ ശ്രമിച്ചതിനാലാണ് വീടുകളുടെ എണ്ണം ഇത്രയും കുറവെന്നാണ് പഠിച്ച ഏജൻസി പറയുന്നത്. അങ്ങനെയെങ്കിൽ വലിയ തോതിൽ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും ഇടനാടൻ കുന്നുകളും ഇതിനായി നശിപ്പിക്കേണ്ടി വരും. 132 കിലോമീറ്റർ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളുമാണെന്നു പഠനങ്ങൾ പറയുന്നു. ഈ ഭൂമി മണ്ണും കല്ലുമിട്ട് നികത്തിയാൽ ജലനിർഗമന മാർഗ്ഗങ്ങൾ അടയും. പ്രളയങ്ങൾ ഒരു സാധാരണ സംഭവമാകും. രണ്ട് പ്രളയങ്ങളും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല. ( നെടുമ്പാശ്ശേരി അടക്കമുള്ള അനുഭവങ്ങൾ മറക്കരുത്) .ഒരു നെൽപാടത്തിനോ തണ്ണീര്തടത്തിനോ നടുവിൽ കൂടി ഈ പാത കടന്നു പോകുന്നതോടെ ശേഷിക്കുന്ന കൃഷിഭൂമി കൂടി നശിക്കും. കൃഷി വികസനം, നെൽവയൽ സംരക്ഷണം, ഭക്ഷ്യസ്വാശ്രയത്വം തുടങ്ങിയ വായ്ത്താരികളൊക്കെ വെറുതെയാണ് എന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ജൂൺ അഞ്ചിന് നടന്ന മരങ്ങൾ പിറ്റേന് തന്നെ പറിച്ചു കളയുന്നു. ജനവാസ മേഖലകളിൽ കൂടി ഒട്ടനവധി റോഡുകളെ മുറിച്ചുകൊണ്ടാണ് ഇത് പോകുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് മീറ്ററിൽ ഒന്നെന്ന രീതിയിൽ മേൽപ്പാലം വേണ്ടിവരും. എങ്കിൽ തന്നെ ഒട്ടനവധി യാത്രപ്രശ്നങ്ങൾ ഉണ്ടാകും. റോഡ് മുറിച്ചു കടക്കാൻ ഒരു കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടി വരും. . ഇത്ര ഉയരത്തിൽ പാത നിർമ്മിക്കാൻ വലിയ അളവിൽ കരിങ്കല്ലും മണലും മണ്ണും മറ്റും വേണ്ടിവരും. കിഴക്കൻ മലകൾ ഇപ്പോൾ തന്നെ വലിയ ദുരന്തഭീഷണിയിലാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ മിക്ക ജില്ലകളിലും ക്വാറികൾക്കെതിരായ ജനകീയ സമരങ്ങൾ ശക്തമാണ്. കവളപ്പാറയും പുത്തുമലയും പോലുള്ള മണ്ണിടിച്ചിലുകൾക്കു ഖനനം ഒരു കാരണമാണെന്ന് നിയമസഭാസമിതി തന്നെ വിലയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം അടക്കം നിരവധി നിർമ്മാണ പദ്ധതികൾ ഒരിക്കലും പൂർത്തിയാകില്ലെന്ന രീതിയിലാണ് കരിങ്കൽ ക്ഷാമം . ഈ പദ്ധതിക്ക് എവിടെ നിന്നും പ്രകൃതി വിഭവങ്ങൾ കിട്ടും എന്ന് ഇവർ ആലോചിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികൾ വന്നാൽ പാവപ്പെട്ട മനുഷ്യർക്ക് ഒരു ചെറിയ വീട് പോലും വക്കാൻ കഴിയില്ല.ഇതോ ജനാധിപത്യം?കേരളത്തെ ദീർഘകാല കുഴപ്പത്തിലേക്കു തള്ളിവിടുന്ന ഈ പദ്ധതിയുടെ രേഖകൾ വിവരാവകാശനിയമം അനുസരിച്ചു തരാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. ഇത് വിചിത്രമാണ്. പൊതു പണം ഉപയോഗിച്ച് സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ജനങ്ങളെ കുടിയിറക്കി നടപ്പിലാക്കുന്ന ഒരു പദ്ധതിയുടെ വിവരങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കുന്ന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.മുൻഗണനവികസനനയങ്ങളിൽ പ്രധാനം അതിന്റെ മുൻഗണനാ ക്രമമാണ്. കേരളത്തിന്റെ ഗതാഗതപ്രശ്നമാണ് നമ്മുടെ മുന്നിൽ എങ്കിൽ പരിഗണിക്കപ്പെടേണ്ട ആദ്യ സാധ്യത ഇതാണോ? നമ്മുടെ സംസ്ഥാനത്തെ റെയിൽ പാതകൾ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും സിഗ്നൽ സംവിധാനം പരിഷ്കരിക്കുകയും പാതകളും പാലങ്ങളും ശക്തിപ്പെടുത്തുകയും പുതിയ തരം (എൽ എച് ബി) കോച്ചുകൾ ഉപയോഗിക്കുകയും ചെയ്‌താൽ തന്നെ ഇപ്പോഴുള്ള പാതയിൽ 110 കിലോമീറ്ററിൽ അധികം വേഗതയിൽ വണ്ടി ഓടും. കാസർകോഡ് നിന്നും നാലര അഞ്ചു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താം. യഥാർത്ഥ ആവശ്യമായ മൂന്നാമതൊരു പാത എന്ന വിഷയം നാം ഉന്നയിക്കുന്നതേയില്ല. അത് കൂടി വന്നാൽ ഇന്ന് ഉള്ളതിന്റെ പലമടങ്ങു വേഗത ഉണ്ടാകും.നാം തുടക്കമിട്ടു പതിറ്റാണ്ടുകളായ നിലമ്പുർ- നഞ്ചങ്കോട്, ശബരി, ഗുരുവായൂർ- തിരുനാവായ ഒക്കെ എവിടെയെത്തി? പക്ഷെ അങ്ങനെ റെയിൽ വികസിച്ചാൽ ഒരു കുഴപ്പമുണ്ട്. എല്ലാ അലവലാതികൾക്കും കുറഞ്ഞ ചിലവിൽ ആ വണ്ടികളിൽ പോകാൻ കഴിയും. ഈ അതിവേഗ വാഹനം ആണെങ്കിൽ കിലോമീറ്ററിന് എട്ടും പത്തും രൂപ കൊടുത്തു യാത്ര ചെയ്യാൻ കഴിയുന്ന ഭാഗ്യവാന്മാർക്കു മാത്രവുംഇതിൽ എത്ര പേര് ഒരു ദിവസം യാത്ര ചെയ്യും എന്ന ചോദ്യമുണ്ട്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഇപ്പോൾ എല്ലാ വാഹനങ്ങളിലുമായി എത്ര പേര് സഞ്ചരിക്കുന്നു എന്ന് പഠിക്കണം. തീവണ്ടികളാണ് പ്രധാന മാർഗം. എല്ലാ വണ്ടികളിലും കൂടി ആയിരം പേര് അങ്ങനെ സഞ്ചരിക്കുന്നു എന്ന് കരുതിയാൽ അതിൽ എത്രപേർ ഈ വണ്ടിയിൽ യാത്ര ചെയ്യും? എങ്ങനെ കണക്കു കൂട്ടിയാലും വിമാനക്കൂലിയുടെ ഇരട്ടിയെങ്കിലും ഇതിലെ യാത്രക്കാകും . ആയിരത്തിൽ പരമാവധി അമ്പത് പേര് മാത്രം. കണ്ണൂർ നിന്നും ഒട്ടനവധി വിമാനങ്ങളൊന്നും തിരുവനന്തപുരത്തേക്ക് പറക്കുന്നില്ല. ചുരുക്കത്തിൽ കൊച്ചി മെട്രോ പോലെ ഇതും ഒരു കാഴ്ചവസ്തു മാത്രമാകും. ഇതിന്റെ ഭാരം ഓരോ കേരളീയന്റേയും മേൽ വരും. . നമ്മുടെ ജനപ്രതിനിധികൾ ഇതിൽ പോകും. കാരണം അവരുടെ യാത്ര സർക്കാർ ചെലവിലാണ്. അതും നമ്മുടെ തലയിൽ തന്നെ. ( കണ്ണൂർ നിന്നും കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഇപ്പോൾ വിമാനയാത്ര ചെയ്യുന്നവരിൽ വലിയൊരു പങ്കും സർക്കാർ ചിലവിൽ സഞ്ചരിക്കുന്നവരാണ്.) ചുരുക്കത്തിൽ കേരളീയരുടെ മേലുള്ള ഒരു വലിയ ബാധ്യതയാകും ഇത്. അതാണല്ലോ ഇടതുപക്ഷ സോഷ്യലിസം.ദേശീയജലപാത എന്നത് ഇപ്പോഴും നടക്കാത്ത സ്വപ്നം ആയി തുടരുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ ചരക്കു ഗതാഗതം സാധ്യമാകും. ഇപ്പോൾ ദേശീയപാതകളിലെ തിരക്ക് കാര്യമായി കുറക്കാം. അത് ടൂറിസം വികസനത്തിനും സഹായിക്കും. അപ്പോൾ ബദൽ മാര്ഗങ്ങള് ഇല്ലാത്തതാണ് പ്രശ്നം. സാധാരണക്കാർക്ക് പ്രയോജനമില്ലെങ്കിലും വലിയ അഴിമതി സാധ്യതകളുള്ള പദ്ധതികളോടാണ് നമ്മുടെ സർക്കാരുകൾക്ക് താല്പര്യം.

സി ആർ നീലകണ്ഡൻ

ഫേസ്‌ബുക്കിൽ നിന്നും

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു