
പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട പ്രയോഗം
പണ്ടൊക്കെ ആയിരുന്നെങ്കിൽ പ്രായം ചെന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു പ്രമേഹം. എന്നാൽ കാലം മാറിയതോടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി ഈ രോഗം പ്രായഭേദമന്യേ ആളുകളിൽ കണ്ടു തുടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണ ശീലവും മധുരം കണക്കില്ലാതെ കഴിക്കുന്നതും വ്യായാമത്തിന്റെ അഭാവവുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നു. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും കൊണ്ടെത്തിക്കും.മിക്ക പ്രമേഹ രോഗികൾക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പ്രമേഹം നിയന്ത്രിക്കാൻ അവർ നിരവധി മുൻകരുതലുകൾ ദിവസേന പാലിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അവർക്ക് ദോഷകരമായേക്കാവുന്ന പല തരം ഭക്ഷ്യവസ്തുക്കളും കഴിക്കുന്നത് കുറയ്ക്കേണ്ടതുണ്ട്.
ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നത് എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുവാൻ നിങ്ങളെ സഹായിക്കും. നാം നിത്യേന കഴിക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ധാരാളം ഔഷധഗുണങ്ങളുണ്ടെന്നും, അവ കൂടുതൽ കഴിക്കുന്നതിലൂടെ പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നത് നമുക്കറിയാം. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഒരു പ്രത്യേക സുഗന്ധവ്യഞ്ജനം നിങ്ങളുടെ അടുക്കളയിൽ ലഭ്യമാണ് എന്നാണ് അടുത്തിടെ ഒരു ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്.
ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിയന്ത്രിക്കുവാനും സഹായിക്കും.പഠനത്തിൽ പങ്കെടുത്ത 51 പ്രീഡയബെറ്റിക് രോഗികൾക്ക് 500 മില്ലിഗ്രാം കറുവപ്പട്ട കാപ്സ്യൂൾ പ്രതിദിനം മൂന്ന് തവണ നൽകുകയുണ്ടായി. അവരിൽ കണ്ടെത്തിയ ഫലങ്ങൾ തികച്ചും ആശ്ചര്യജനകമായിരുന്നു.
മുൻപ് നടന്ന പഠനങ്ങൾ
കറുവപ്പട്ട കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നത് ഇതാദ്യമല്ല. മുൻകാലങ്ങളിൽ അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പോലും പ്രമേഹ രോഗികളിൽ കറുവപ്പട്ട രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെടുത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം കറുവപ്പട്ട മനോഹരമായ സുഗന്ധമുള്ള ഒരു ചേരുവ കൂടിയാണ്. അതിനാൽ, ഇത് വൈവിധ്യമാർന്ന മധുരമുള്ളതും രുചികരവുമായ വിഭവങ്ങളിൽ ഉപയോഗിക്കുന്നു. കറുവപ്പട്ട വൃക്ഷത്തിന്റെ തടിയുടെ അകത്തെ തൊലിയിൽ നിന്നാണ് ഈ സുഗന്ധവ്യഞ്ജനം ഉപയോഗത്തിനായി എടുക്കുന്നത്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമൽഡിഹൈഡ് എന്ന സംയുക്തത്തിൽ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തിൽ സമ്പുഷ്ടമായ അളവിൽ കാണപ്പെടുന്നു. ആരോഗ്യത്തിനും ഉപാപചയത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാകുന്നത് ഈ സംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് ഗവേഷകർ പറയുന്നു.
കറുവപ്പട്ടയുടെ മറ്റ് ഔഷധ ഗുണങ്ങൾ
> ഈ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതാണ്.
> ഇത് പ്രകൃതിദത്തമായി വീക്കവും വേദനയും ശമിപ്പിക്കുന്ന ഒറ്റമൂലിയാണ്. കൂടാതെ, ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുവാനും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കും.
> ഫംഗസ് മൂലമുണ്ടാകുന്ന ശ്വാസകോശ നാളിയിലെ അണുബാധയ്ക്ക് ഇത് ഉത്തമ ഒറ്റമൂലിയാണ്.
> ക്യാൻസർ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ തടയുവാനും ഇവയ്ക്ക് സാധിക്കുന്നതാണ്.
വ്യത്യസ്ത തരം വിഭവങ്ങൾ തയ്യാറാക്കാൻ നമ്മൾ മലയാളികൾ കറുവപ്പട്ട ധാരാളമായി ഉപയോഗിക്കുന്നു. എന്നാൽ, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിങ്ങൾ കറുവപ്പട്ട കഴിക്കുന്ന കാര്യം പരിഗണിക്കുന്നതിന് മുൻപായി, ആദ്യം നിങ്ങളുടെ ഡോക്ടറെ സമീപിച്ച് നിർദ്ദേശം തേടുക. പ്രമേഹം ഭേദമാക്കാനാവാത്ത ഒരു ആരോഗ്യ പ്രശ്നമായതിനാൽ, നമുക്ക് അതിനെ നിയന്ത്രിച്ച് നിർത്താൻ മാത്രമേ കഴിയൂ. അതിനാൽ, ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് വളരെയധികം ശ്രദ്ധിക്കുക.