കോടതിയലക്ഷ്യ കേസ്: കോടതിയുടെ ദയയും ഔദാര്യവും ചോദിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോടതിയില്‍ വാദം തുടങ്ങി. വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി തള്ളി. കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
അതേസമയം, കോടതി അലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചു. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരെ പ്രശാന്ത് ഭൂഷണ്‍ ചെയ്ത ട്വീറ്റുകളാണ് കേസിന് ആധാരം. ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്ന ചിത3ം പങ്കുവെച്ചായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രിം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രിം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.
ട്വീറ്റുകളിലൂടെ സുപ്രിം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ച് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തു. പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് കോടതി വിധിച്ചു. ആഗസ്റ്റ് 14നായിരുന്ന വിധി. ഭൂഷണെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.