
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു
കോല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മരണം. പശ്ചിമ ബംഗാളിലെ മുതിര്‍ന്ന തൊഴിലാളി നേതാവാണ് ശ്യാമള്‍ ചക്രവര്‍ത്തി.76 വയസ്സായിരുന്നു.
1982 മുതല്‍ 1996 വരെ പശ്ചിമബംഗാളില്‍ മൂന്നു തവണ ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. ജൂലൈ 30 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവാണ്. രണ്ടുതവണ രാജ്യസഭാംഗം ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ ഉഷാസി ചക്രവര്‍ത്തി നടിയാണ്.
ബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ശ്യാമള്‍ ചക്രവര്‍ത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തനോനാഷ് ഘോഷ് ജൂണില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.