എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം: ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും സെല്‍ഫ് ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ . സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 38 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവരും കഴിവതും വീട്ടിലിരിക്കണം. ജോലിക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ പോകേണ്ടവര്‍ മാത്രം പുറത്തിറങ്ങണം. സ്വയം രോഗം പകരുന്ന സാഹചര്യവും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുന്ന സാഹചര്യവും ഉണ്ടാക്കരുത്. ബുദ്ധിമുട്ടിക്കുന്ന കോവിഡ് വാര്‍ത്തകളാണ് ലോകത്തെമ്പാടുനിന്നും വരുന്നത്. പനി വന്ന് പോകുന്ന പോലെ ആരും കരുതരുത്. അത് വന്ന് കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും. മരണം പോലും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത വേണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു.

രോഗ പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കാത്തതിന്റെ ഫലം ഈ കോവിഡ് കാലത്ത് അനുഭവിക്കുന്നുണ്ട്. കോവിഡ് വന്നപ്പോള്‍ ഏറ്റവുമധികം മരണം ഇവിടെയുണ്ടാകുമെന്ന് പലരും പറഞ്ഞു. ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും ജീവിതശൈലീ രോഗങ്ങളുമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം കാരണം മരണം വളരെയേറെ കുറയ്ക്കാന്‍ സാധിച്ചു. വയോജനങ്ങളും മറ്റ് രോഗമുള്ളവരും കോവിഡ് ബാധിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Share News