
ഇഡബ്ല്യുഎസ്: കുപ്രചാരണങ്ങൾ വ്യാപകം
ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന റാങ്ക് നേടിയ ഒബിസി വിഭാഗക്കാരൻ അഡ്മിഷന് പുറത്തായി, വളരെ താഴ്ന്ന റാങ്ക് നേടിയ ഇഡബ്ല്യുഎസ് സംവരണക്കാരൻ അഡ്മിഷൻ നേടി, ഇത്ര ശതമാനം ഈഴവ, ഇത്ര ശതമാനംമുസ്ലിം, ഇത്ര ശതമാനം ലാറ്റിൻ അഡ്മിഷൻ നേടിയപ്പോൾ 10 ശതമാനം ഇഡബ്ല്യുഎസ്കാർ എന്തോ അനർഹമായി നേടി തുടങ്ങിയ പ്രചാരണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു . ഇതിന്റെ വാസ്തവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയാനുള്ളത്.
- ഇഡബ്ല്യുഎസിന്10 ശതമാനം മാത്രമാണ് സംവരണം ഉള്ളത്. എന്നാൽ ഒബിസിക്ക് 40 ശതമാനം സംവരണം ഉണ്ട് . ഇതിൽ കേരളത്തിലാണ് ഒബിസിക്ക് ജാതിയും മതവും തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്വാട്ടാ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ഇപ്രകാരം ജാതി വേർതിരിവുകളില്ലാതെ ഒബിസിയെ ഒരുമിച്ചാണ് കണക്കാക്കുന്നത്. അത് 27 ശതമാനം മാത്രം. ഒബിസിയിൽ ഏതെങ്കിലും വിഭാഗത്തിന് സീറ്റ് കുറഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് ഒബിസിയിലെ മറ്റ് ചില സംഘടിത വിഭാഗങ്ങൾക്ക് അനർഹമായി കൂടുതൽ ക്വോട്ട ലഭിച്ചിട്ടുള്ളതുകൊണ്ടാണ്. മുൻ വർഷങ്ങളിലും അതങ്ങനെ ആയിരുന്നു. എന്നാൽ 10 ശതമാനം ഇഡബ്ല്യുഎസിൽ സംവരണേതര വിഭാഗത്തിൽപ്പെട്ട 149 ഹിന്ദു വിഭാഗങ്ങളെയും 19 ക്രിസ്ത്യൻ വിഭാഗങ്ങളെയും ജാതി മത രഹിതരെയും കൂടി ഒരുമിച്ചാണ് കണക്കാക്കുന്നത്. ഇഡബ്ല്യുഎസിലും ഇപ്രകാരം വേർതിരിവ് ഏർപ്പെടുത്തിയിരുന്നുവെങ്കിൽ ഒരോ വിഭാഗത്തിനും കുറവ് സീറ്റ്കൾ മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. ചില വിഭാഗങ്ങൾക്ക് ഒന്നും ലഭിക്കുമായിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇഡബ്ല്യുഎസിൽ ഉപസംവരണം ആവശ്യമില്ലതാനും.
- ഒബിസി സംവരണം ഏർപ്പെടുത്തിയിരിക്കുന്നതിന്റെ അശാസ്ത്രീയതയാണ് ഈ ആരോപണങ്ങൾ വെളിവാക്കുന്നത്. ഒബിസിയുടെ ക്രീമിലെയർ എട്ടു ലക്ഷം രൂപ വാർഷിക വരുമാനമാണ്.15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് ഒബിസി സംവരണം ലഭിക്കും. കൂടാതെ ക്ലാസ് ഒന്ന് ആയി നേരിട്ട് നിയമനം ലഭിച്ചവർ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, ഭൂ ഉടമകളുടെ കൃഷി വരുമാനം എന്നിവ ഇതിനുള്ളിൽ കണക്കാക്കുകയില്ല. അപ്പോൾ വളരെ ഉയർന്ന സാമ്പത്തികവും ആസ്തികളും ഉള്ളവരും വളരെ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരുമായ ഉദ്യോഗസ്ഥരുടെ മക്കളൊക്കെ ഒബിസി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകളിൽ സ്ഥാനം പിടിക്കുന്നു. അതുകൊണ്ടുതന്നെ ഒബിസിയിലെ പാവപ്പെട്ടവരും വിദ്യാഭ്യാസപരമായ സാഹചര്യങ്ങൾ ലഭിക്കാത്തവരുമായിട്ടുള്ള, യഥാർഥത്തിൽ ഈ സംവരണം ആരെ ഉദ്ദേശിച്ചു നടപ്പിലാക്കിയോ അവർ പുറംതള്ളപ്പെടുന്നതിനു കാരണമാകുന്നു. അതുകൊണ്ടാണ് ഒബിസി റാങ്കുകളിൽ അവർ ഉയർന്ന റാങ്കുകളിൽ വന്നിട്ടുപോലും അഡ്മിഷൻ കിട്ടാതെ വരുന്നത്. അനർഹർ ഒബിസി സംവരണം കൈപ്പറ്റുകയാണ്. ഈ യഥാർഥ പ്രശ്നം പരിഹരിക്കാൻ ഒബിസി സമുദായങ്ങളുടെ ഭാഗത്തുനിന്ന് ആത്മാർഥമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാതെ ഒബിസി സംവരണത്തിലെയും ഒബിസി റിസർവേഷൻ റോട്ടേഷനിലെയും ആശാസ്ത്രീയത ഇഡബ്ല്യുഎസിന്റെ മേൽ ആരോപിക്കുകയല്ല വേണ്ടത്. ഈ പ്രശ്നത്തിനുള്ള പരിഹാരം ഒബിസി, ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ ഏകീകരിക്കുക എന്നതാണ്.
- ഇഡബ്ല്യുഎസ് ക്വോട്ടയിൽ കുറഞ്ഞ റാങ്കുകാർക്ക് അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് ഇഡബ്ല്യുഎസ് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെയാണ്. ഒബിസി വിഭാഗങ്ങളെക്കാൾ വളരെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തിലേക്കും ബൗദ്ധിക നിലവാരത്തിലേക്കും സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവർ താണുപോയതിന്റെ പ്രകടമായ സൂചനയാണ് ഇത്. അതുകൊണ്ടുതന്നെ അവരെ ഉയർത്തിക്കൊണ്ടുവരേണ്ടതിന് ഇഡബ്ല്യുഎസ് സംവരണം വളരെ അനിവാര്യമാണ് എന്നത് വസ്തുതയാകുന്നു . ഒബിസിയിലും താഴ്ന്ന റാങ്കാണ് ഇഡബ്ല്യുഎസ് കാർക്ക് ഉള്ളത് എന്നത് ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയ തീരുമാനത്തെ സാധൂകരിക്കുന്നു.
- ഇഡബ്ല്യുഎസ് സംവരണം ഈ വർഷം ആരംഭിച്ചതു മാത്രമേയുള്ളൂ. ഇതേക്കുറിച്ച് ആളുകൾക്ക് ഗൗരവമായിട്ടുള്ള അറിവ് ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സംവരണത്തെക്കുറിച്ച് അറിവില്ലാത്തതുമൂലം അർഹതയുള്ള പലരും ഇ ഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് വാങ്ങി അർഹതപ്പെട്ട സംവരണം നേടിയെടുക്കുന്ന സാഹചര്യം വ്യാപകമായി ഉണ്ടായിട്ടില്ല.
- സർക്കാർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ചില ലോബികൾ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ പല കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. പല നുണകളും പറഞ്ഞ് ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ നിശ്ചയിക്കാത്ത മാനദണ്ഡങ്ങൾ പോലും നിലവിലുണ്ട് എന്നു പറഞ്ഞ് ആളുകളെ മടക്കി അയയ്ക്കുന്നു. ഈ സംഘടിത നീക്കത്തിനെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തിടത്തോളം കാലം അർഹതപ്പെട്ടവർക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രതിബന്ധങ്ങളേറെയാണ്.
എല്ലാ സംവരണവും ആകെ സീറ്റുകളുടെ നിശ്ചിതശതമാനം എന്ന രീതിയിലാണ് നടപ്പിലാക്കിവരുന്നത്. മെറിറ്റ് സീറ്റിന്റെ 10 ശതമാനം മാത്രമെ ഇഡബ്ല്യുഎസിൽ അനുവദിക്കാവൂ എന്ന വാദം കണക്കിലെടുത്താൽ അത് എല്ലാ സംവരണങ്ങൾക്കും ബാധകമാക്കേണ്ടി വരും. എസ് സി -എസ് ടി യുടെ 10 ശതമാനം അടിസ്ഥാന സംവരണത്തിനു ശേഷമാണ് ഒബിസിയുടെ സംവരണം ഏർപ്പെടുത്തേണ്ടത്. അതായത് ബാക്കിവരുന്ന 90 ശതമാനം സീറ്റുകളിലെ 40 ശതമാനത്തിൽ ആണ് അവർക്ക് അർഹത. അപ്പോൾ ആകെ സംവരണത്തിന്റെ 36 ശതമാനം മാത്രമെ ഒബിസിക്കാർക്ക് ലഭിക്കു. ഈ സംവരണങ്ങളിൽ ഒന്നുമില്ലാത്ത തത്വം ഇഡബ്ല്യുഎസിൽ മാത്രമായി ബാധകമാവുന്നത് എങ്ങനെയാണ്?
സർട്ടിഫിക്കറ്റ് മുടക്കുന്ന ഉദ്യോഗസ്ഥർ
ഇഡബ്ല്യുഎസ് സംവരണത്തിലൂടെ കേന്ദ്ര സർക്കാരിന്റെ യുപിഎസ്സി, എസ്എസ്സി, റെയിൽവേ, ബാങ്കിംഗ് സർവീസിലും യുജുസി -നെറ്റ്, നീറ്റ് തുടങ്ങിയ യോഗ്യതാ പരീക്ഷകളിലും മികച്ച സാധ്യതകളാണ് ഉള്ളത്. എന്നാൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബി സർക്കാർ മാനദണ്ഡങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അർഹരായ അനേകർക്ക് കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. സംസ്ഥാനത്ത് ആകെ ആയിരത്തിൽ താഴെ ആളുകൾക്കു മാത്രമെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നല്കിയിട്ടുള്ളു എന്നത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിട്ടുണ്ട്.
ആകെ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ, അഞ്ച് ഏക്കർ കൃഷിഭൂമി, പഞ്ചായത്ത് പ്രദേശത്ത് 4.2 സെന്റ് ഹൗസ് പ്ലോട്ട്, മുൻസിപ്പൽ കോർപറേഷനിൽ 2.1 സെന്റ് ഹൗസ് പ്ലോട്ട്, വീടിന്റെ വിസ്തീർണം 1000 സ്ക്വയർ ഫീറ്റ് എന്നിവയാണ് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഉയർന്ന പരിധികൾ. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ കൃഷിയിടവും വീടും ഒരുമിച്ചാണ്. അഥവാ ഒരുമിച്ച് അല്ലെങ്കിലും സ്വന്തമായി വീടു പോലും ഇല്ലെങ്കിലും കരഭൂമിയായ കൃഷി സ്ഥലം മുഴുവനും ഹൗസ്പ്ലോട്ട് ആയി ഉദ്യോഗസ്ഥർ കണക്കാക്കുകയാണ്.
സംസ്ഥാനത്ത് കൃഷിക്കു യോജ്യമായ കരഭൂമികൾ റവന്യു രേഖകൾ പ്രകാരം തോട്ടം അല്ലെങ്കിൽ പുരയിടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരയിടം എന്ന വാക്കിന്റെ ഇംഗ്ലീഷ് വിവർത്തനമായി കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ഹൗസ് പ്ലോട്ട് എന്നതിനെ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതു ചോദ്യം ചെയ്യപ്പെടേണ്ട അനീതിയാണ്. കാരണം പുരയിടം എന്നത് ഒരു റവന്യൂ തരം തിരിവ് മാത്രമാണ്. ഉദ്യോസ്ഥ വ്യാഖ്യാനം അനുസരിച്ചാണെങ്കിൽ കേരളത്തിലെ കരഭൂമികളൊന്നും കൃഷിഭൂമികൾ അല്ല എന്നു വരും. എങ്കിൽപ്പിന്നെ എന്തിനാണ് കൃഷി വകുപ്പ് പുരയിടങ്ങളിലെ തെങ്ങ്കൃഷിക്കും മറ്റും ജലസേചന സൗകര്യങ്ങളും വളം, സബ്സിഡികൾ തുടങ്ങിയവയും നൽകുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഹൗസ് പ്ലോട്ട് – കൃഷിയിടം വേർതിരിവിലും ഇതു തന്നെയാണ് പ്രശ്നം. യഥാർഥത്തിൽ ഇപ്രകാരമുള്ള ഒരു വേർതിരിവ് സംസ്ഥാനത്തില്ല . അതിനാൽ സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവിറക്കാൻ തയാറാകണം. അതിൽ വീടിന്റെ വിസ്തീർണം ഉൾക്കൊള്ളുന്ന സ്ഥലം മാത്രമേ ഹൗസ്പ്ലോട്ടായി കണക്കാക്കാൻ പാടുള്ളൂ.
അർഹരായ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഇതിനോടകം തന്നെ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതു മലയാളികൾക്ക് മുഴുവനുമുള്ള നഷ്ടമാണ്. കാരണം ഇങ്ങനെ നഷ്ടപ്പെടുന്ന കേന്ദ്ര അവസരങ്ങൾ കേരളത്തിലെ മറ്റ് സംവരണ വിഭാഗങ്ങൾക്ക് അല്ല ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇഡബ്ല്യുഎസ് പരിധിയിൽ വരുന്നവർക്കാണ്. അതിനാൽ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീതി നിഷേധങ്ങൾ അടിയന്തരമായി തിരുത്തപ്പെടണം.

ഫാ. ജയിംസ് കൊക്കാവയലിൽ
(ചങ്ങനാശേരി അതിരൂപതയിലെ കാർപ്പ് ഡിപ്പാർട്മെന്റ് ഡയറക്ടറും
സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ
അസി. സെക്രട്ടറിയുമാണ് ലേഖകൻ)
