തൊഴിൽ തർക്കങ്ങളിലെ അസാധാരണ മധ്യസ്ഥൻ

Share News

ഒരു നിയമസഭാ മണ്ഡലത്തിൽനിന്നുതന്നെ തുടർച്ചയായി ജയിച്ച് അരനൂറ്റാണ്ട് എം.എൽ.എ ആയിരിക്കുക; അതിൽ രണ്ടു വട്ടം മുഖ്യമന്ത്രിയും കൂടാതെ അഭ്യന്തരം, ധനകാര്യം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയും ആയിരിക്കുക. ഈ അസാധാരണ നേട്ടത്തിൻ്റെ ഉടമയായി മാറി ചരിത്രം കുറിക്കുന്ന ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്, എല്ലാഭാവുകങ്ങളും അർപ്പിക്കുകയാണ്.

ഇ എം എസ്സിൻ്റെ രണ്ടാംമന്ത്രിസഭ താഴെ വീണശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇ.എം. ജോർജിനെ തോൽപ്പിച്ചുകൊണ്ട് പുതുപ്പള്ളി മണ്ഡലത്തിനെ പ്രതിനിധീകരിച്ച് 1970 സെപ്തംബർ 17ന് എം.എൽ.എ ആയ അദ്ദേഹം പിന്നീട് കേവലം മുപ്പത്തിനാലാം വയസ്സിൽ സംസ്ഥാനത്തെ തൊഴിൽ മന്ത്രിയായി. പത്തു വർഷം കഴിഞ്ഞ് ഞാൻ സംസ്ഥാന ലേബർ കമ്മീഷണർ ആയപ്പോൾ ഉമ്മൻ ചാണ്ടി സാർ പ്രതിപക്ഷത്താണ്‌.

ഇ.കെ. നായനാർ മുഖ്യമന്ത്രി. തൊഴിൽ വകുപ്പ് RSP ക്ക്. പങ്കജാക്ഷൻ തൊഴിൽ മന്ത്രി. ഒരുപാട് തൊഴിൽ സമരങ്ങളും തർക്കങ്ങളും നടക്കുന്ന കാലം. ലേബർ കമ്മീഷണർ എന്നനിലയിൽ എനിക്ക് വിശ്രമമില്ലാതിരുന്ന നാളുകൾ. നീണ്ട മണിക്കൂറുകൾ ദിവസങ്ങളായി മാറുന്ന തലവേദനപിടിച്ച തർക്കപരിഹാര ചർച്ചകളിൽ പലപ്പൊഴും ഐ.എൻ.റ്റി.യു.സിയെ പ്രതിനിധീകരിച്ച് അദ്ദേഹം വന്നിട്ടുള്ളതോർക്കുന്നു. ഒരു മുൻ തൊഴിൽ വകുപ്പു മന്ത്രി ലേബർ കമ്മീഷണറുടെ ഓഫീസിൽ യാതൊരു നാട്യങ്ങളുമില്ലാതെ വന്നിരിക്കുക എന്നത് എനിക്ക് ഏറെ ആശ്ചര്യകരമായി തോന്നി.

ആദ്യത്തെ ആശ്ചര്യം പിന്നീട് ആത്മവിശ്വാസത്തിനു വഴിമാറി. ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ കൊണ്ടുവരുമായിരുന്ന അനുരഞ്ജനത്തിൻ്റെ സന്ദേശമാണ് അതിനു കാരണം. അദ്ദേഹം ചർച്ചയ്ക്കുണ്ടെങ്കിൽ തർക്കങ്ങൾ അധികമങ്ങനെ വഴിവിട്ടു പോകുകയില്ല. അഥവാ വഴിവിട്ടു പോയാൽ പഴയ ട്രാക്കിലാക്കാൻ അദ്ദേഹത്തിന് തനതായൊരു കഴിവുണ്ട്. വളരെക്കുറച്ചു മാത്രം വാക്കുകൾ, സൗമ്യമായൊരു പുഞ്ചിരി; സ്വന്തം യൂണിയൻ മാത്രമല്ല, ഇതരയൂണിയൻ പ്രതിനിധികളും തൊഴിലുടമകൾപോലും ആരോഗ്യകരമായ ചർച്ചയുടെ പാതയിലേക്കു വരും.

അന്നത്തെ പ്രായത്തെയും മറികടന്ന ഒരു മുതിർന്ന നേതാവിൻ്റെ പക്വതയായിരുന്നു അത്. അതിനു മുന്നിൽ ഐ.എൻ.റ്റി.യു.സി. മാത്രമല്ല മറ്റു യൂണിയനുകളും മാനേജുമെൻറും ഡിമാൻഡുകൾ പരിമിതപ്പെടുത്തുന്നതും അനുരഞ്ജനത്തിനു തയാറാകുന്നതും ഞാൻ വിസ്മയത്തോടെ കണ്ടിട്ടുണ്ട്… ഒരുപാടു തർക്കങ്ങൾ തീർക്കാൻ സഹായിച്ചതിന്, എനിക്ക് വലിയ ആത്മവിശ്വാസം തന്നതിന് ഞാൻ ഹൃദയപൂർവം നന്ദി പറയുകയാണ്.
പിന്നീട് കേരളം വിട്ട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനിൽ ഉദ്യോഗസ്ഥനായി പത്തിരുപതു വർഷം സേവനം ചെയ്തശേഷം 2012ൽ തിരിച്ചു വന്നപ്പോൾ ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയാണ്. നാലഞ്ചു മാസം കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ഗസ്റ്റ് ഹൗസിൽ പോയി കണ്ടു. അന്താരാഷ്ട്ര തൊഴിൽ രംഗത്തെ അനുഭവസമ്പത്ത് ഏതെങ്കിലും രീതിയിൽ കേരളത്തിനു ഉപകാരപ്പെടുത്താനായാൽ നന്നായിരിക്കും എന്ന താൽപ്പര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഒരു രണ്ടു മിനുട്ട് തനിക്കു തരണമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

അപ്പോൾത്തന്നെ മുഖ്യമന്ത്രി തൻ്റെ ചീഫ് സെക്രട്ടറിയെ വിളിച്ച് അഭിപ്രായമാരാഞ്ഞു. എൻ്റെ ബാച്ച് മേറ്റായ കെ. ജയകുമാർ lAS ആയിരുന്നു അന്ന് ഉദ്യോഗസ്ഥസമൂഹത്തെ നയിച്ചിരുന്നത്. അനുകൂലമായിരുന്നു മറുപടി. അങ്ങനെയാണ് കേവലം രണ്ടാഴ്ചയ്ക്കകം സംസ്ഥാനസർക്കാരിൻ്റെ തൊഴിൽകാര്യ ഉപദേഷ്ടാവായി ഞാൻ നിയമിതനായത്. അതിലൂടെ, അന്തർദേശീയതലത്തിലെ എൻ്റെ അനുഭവം സ്വദേശത്തിന് ഉപകാരപ്പെടുത്താനുള്ള ഒരു മാർഗം തുറന്നുകിട്ടി. അതിലെനിക്ക് ഉമ്മൻ ചാണ്ടി സാറിനോട് വലിയ കടപ്പാടുണ്ട്.
കേരള നിയമസഭയിൽ അര നൂറ്റാണ്ടിലധികം സാമാജികനായിരുന്ന, എൻ്റെ ഭാര്യാപിതാവുകൂടിയായിരുന്ന ശ്രീ കെ.എം. മാണി ഇദ്ദേഹത്തെക്കുറിച്ച് പലപ്പൊഴും എന്നോടു വ്യക്തിപരമായി പറഞ്ഞിട്ടുള്ള ഏറെ നല്ല കാര്യങ്ങളും ഞാനിപ്പോൾ ഓർത്തുപോകുന്നു. കേരളത്തിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് ഉപകാരപ്രദമായ പലകാര്യങ്ങളും ഒരുമനസ്സോടെ നിർവഹിച്ചിട്ടുള്ള വ്യക്തികളാണിവർ.

ജനാധിപത്യത്തിൻ്റെ, ജനപ്രതിനിധി സഭകളുടെ ചരിത്രത്തിൽത്തന്നെ അധികംപേർക്ക് അവകാശപ്പെടാനാകാത്ത നേട്ടം കൈപ്പിടിയിലൊതുക്കിയ ഉമ്മൻ ചാണ്ടി സാറിന് എല്ലാ ആയുരാരോഗ്യസൗഖ്യവും ഞാൻ നേരുന്നു. പ്രശ്നകലുഷിതമായ ഇന്നത്തെ കാലത്തിൽനിന്ന് ഒരു പുതുകേരളം സൃഷ്ടിച്ചെടുക്കാനുള്ള വലിയ കരുത്ത് സർവേശ്വരൻ അങ്ങേക്ക് തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
എം.പി. ജോസഫ് IAS (മുൻ)
(ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ തൊഴിൽകാര്യ ഉപദേഷ്ടാവ്)

MP joseph Nammude naadu

MP Joseph

Share News