സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വർധിക്കുകയാണ്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതൽ നടപടികളും സ്വീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും സംസ്ഥാനത്ത് കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് സൂചന. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്തു. കേരള തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.
പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസമേകി കഴിഞ്ഞ ദിവസം തുറന്ന പമ്പാ ഡാമിെൻറ ഷട്ടറുകള്‍ തിങ്കളാഴ്ച പുലർച്ചെ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് അടച്ചത്.
ഷട്ടറുകള്‍ 60 സെൻറിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് പുറത്തുവിട്ടത്. ഇതിനെത്തുടർന്ന് പമ്പാനദിയില്‍ 30 മുതൽ 40 സെൻറീമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.