കുടുംബം തകര്‍ക്കുന്ന സൗഹൃദക്കെണികള്‍
അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ കോട്ടയത്തു നിന്നും അറസ്റ്റുചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയില്‍ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയച്ചുനല്‍കും. ഇതോടെ ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവുമായി അകലു കയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. ഇത് മുതലെടുത്ത് വീഡിയോ ചാറ്റിംഗിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. തുടര്‍ന്ന് ഇത് നഗ്നഫോട്ടോകളാക്കി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും.
സൗഹൃദം കെണിയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിത നിയന്ത്രണം പ്രതി ഏറ്റെടുത്തി രിക്കും. പിന്നീട് ഇയാള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിമിഷങ്ങള്‍ക്കകം എത്തണം. ഭര്‍ത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോണ്‍ എടുത്തിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റും വീഡിയോകോളും ചെയ്യണം. ഇങ്ങനെയുള്ള പ്രതിയുടെ നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. അവര്‍തന്നെ യാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം കോഡ് ടൈപ്പ് ചെയ്യണം. വാട്ട്സാപ്പിലെ ചാറ്റുകള്‍ ഓരോദിവസവും ക്ലിയര്‍ ചെയ്തു സ്ക്രീന്‍ ഷോട്ടുകള്‍ അയക്കണം. ഒരു സ്ത്രീയോടു അവര്‍ അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021 നു മുന്‍പ് നൂറ് തികയ്ക്കുമെന്നും പ്രതി പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി.
പ്രതിയുമൊത്തുള്ള മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. 58 ലേറെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓരോ ഫോര്‍ഡറുകളിലാക്കി സൂക്ഷിച്ചിട്ടുള്ളതും പോലീസ് കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും കണ്ണു തുറപ്പിക്കേണ്ട വാര്‍ത്തയാണിത്. സൈബര്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബബന്ധങ്ങള്‍ തകര്‍ച്ചയിലാണ്. ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഫേസ്ബുക്ക്, ഈ മെയില്‍, റ്റ്വിറ്റര്‍ തുടങ്ങി സൈബര്‍ ലോകം മുന്നോട്ടുവച്ച സുഖസൗകര്യങ്ങള്‍ അനുഗ്രഹത്തോടൊപ്പം അപകടങ്ങള്‍ക്കും വഴിവച്ചു. മാധ്യമങ്ങളുടെ ദുരുപയോഗം വഴി 2014 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ 2868 വീട്ടമ്മമാര്‍ ഒളിച്ചോടിപ്പോയി അഥവാ അവരെ കാണാതായി. പോലീസിന്‍റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരമാണിത്. വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് 2605 പേരെ കണ്ടെത്തി. 263 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാ കുന്ന വീട്ടമ്മമാരുടെ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമാകുമെന്നാണ് പോലീസ് പറയുന്നത്. പലരും മാനഹാനി ഓര്‍ത്ത് പോലീസില്‍ പരാതിപ്പെടാറില്ല. ഒളിച്ചോടി തിരികെ വന്നവരെ ഭര്‍ത്താക്കന്മാര്‍ സ്വീകരിക്കാത്തതിനാല്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കൂലിപ്പണിയിലേക്കു നീങ്ങി. മറ്റുചിലര്‍ വേശ്യാവൃത്തിയിലേക്കും. ഒളിച്ചോടിയതു മണ്ടത്തരമായി എന്ന് വിലപിക്കുന്നവരാണധികംപേരും.
അന്വേഷണം നടത്തി കണ്ടെത്തിയ 90 ശതമാനം പേരും മിസ്ഡ്കോളിലും ചാറ്റിങ്ങിലുമായി കാമുകനക്കൊപ്പം ഒളിച്ചോ ടിയവരാണ്. 2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 18 വയസ്സിയനു താഴെയുള്ള 664 പെണ്‍കുട്ടികളെയും കാണാതായിരുന്നു. അതില്‍ 603 പേരെ കണ്ടെത്തി. ഭൂരിപക്ഷവും കാമുകനോടൊപ്പം പോയി തിരികെ വന്നവരാണ്. കേരളത്തില്‍ ഓരോവര്‍ഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യചെയ്യുന്നത് കേരളത്തിലാണ്. ഇവിടെ ഒരു ലക്ഷത്തില്‍ 21 സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന കേസുകള്‍ പരിശോധിച്ചാലും ഇവര്‍ കുറച്ചുകാലം പ്രണയത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.
സൗഹൃദ-പ്രണയക്കെണികള്‍ മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തി, സ്നേഹരാഹിത്യം അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍, നവമാധ്യമ ങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളിലെ തെറ്റായ സന്ദേശങ്ങള്‍, ഉപഭോഗസംസ്കാരം സുഖജീവിത തൃഷ്ണ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബബന്ധങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. സൗഹൃദങ്ങള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കാതെയും കുടുംബബന്ധങ്ങളെ ബാധിക്കാതെയും നോക്കണം. അങ്ങനെയാകുന്ന നിമിഷം ആ ബന്ധങ്ങള്‍ ഉപേക്ഷിക്കണം.
ഭൂമിയിലെ സ്വര്‍ഗം വീടാണ്. വീടായിരിക്കണം. ചൈനയിലെ സുപ്രസിദ്ധ ചിന്തകനും പണ്ഡിതനുമായ ലിന്‍ടുയാങ് എഴുതി: “മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കുവാന്‍ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റ് രംഗങ്ങളില്‍ വിജയിക്കുക ഏറെ പ്രയാസമാണ്.” മനസ്സുകളുടെ മേളനവും ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബ ജീവിത വിജയരഹസ്യം. “ഭാര്യയില്‍ സന്തുഷ്ടനായ ഭര്‍ത്താവും ഭര്‍ത്താവില്‍ സന്തുഷ്ടയായ ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തില്‍ സദാ മംഗളം നിലനില്‍ക്കും” എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. വിലകൊടുത്ത് ബന്ധങ്ങളെ നിലനിര്‍ത്തുക. സൗഹൃദ ക്കെണികളില്‍ ചെന്ന് വീണ് ജീവിതം ബലികൊടുക്കാതിരിക്കുക.
അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,
ട്രെയ്നര്‍ & മെന്‍റര്‍, 8075789768