അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗർഭിണിയാക്കി: സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
പട്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഇയാള്‍ 50000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറും അധ്യാപകന്‍ അഭിഷേക് കുമാറും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
2018 സെപ്റ്റംബറില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്, പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.