ഗേറ്റ് 2021: പരീക്ഷായോഗ്യത പരിഷ്കരിച്ചു
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിലെ പിജി പഠനത്തിനും പിഎച്ച്‌ഡി ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പല ഗവേഷണ സ്‌കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും പൊതുമേഖലയിലെ പ്രമുഖസ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഈ യോഗ്യത തുണയായി വരും.
2021ലെ ഗേറ്റ് എഴുതാനുള്ള പരീക്ഷായോഗ്യത പരിഷ്കരിച്ചു. സയൻസ്, കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കും ഇനി ഗേറ്റെഴുതാം. ബിരുദം നേടിയവർക്കും, 10+2+2 അഥവാ 10+3+1 പൂർത്തിയാക്കി, അംഗീകൃത അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ മൂന്നാം വർഷമെങ്കിലും പഠിക്കുന്നവരെയും പരിഗണിക്കും.
പരീക്ഷ 2021 ഫെബ്രുവരി 5,6,7,12,13,14 തീയതികളിൽ. പതിവുപോലെ ഒരു പേപ്പറല്ല, ആവശ്യമുള്ളവർക്ക് രണ്ടു പേപ്പറുകൾ എഴുതാം. പക്ഷേ രണ്ടാമത്തെ പേപ്പർ നിർദിഷ്ട കോംബിനേഷനുകളിൽപ്പെട്ടതായിരിക്കണം. ഇതിന്റെ വിശദാംശങ്ങൾ പിന്നാലെ ലഭ്യമാകും.
എൻവയൺമെന്റൽ എൻജിനീയറിങ് (ES), ഹ്യൂമാനിറ്റീസ് സോഷ്യൽ സയൻസസ് (XH) എന്നീ 2 പേപ്പറുകൾകൂടി ചേർത്ത് ആകെ പേപ്പറുകൾ 27 ആക്കി.