
വോട്ട് ചെയ്യാന്‍ കൈയുറ, പത്രിക ഓണ്‍ലൈനില്‍; കൊവിഡ് കാല തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി നിലനില്‍ക്കേ, യഥാസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷന്‍. കോവിഡ് കാലത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പു പ്രചാരണത്തിലും നടപടിക്രമങ്ങളിലും പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
പോസ്റ്റല്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കും. വീട് വീടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിക്കാപ്പം അഞ്ചുപേരെ അനുവദിക്കും.
ബിഹാര്‍ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചാണ് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തുമ്‌ബോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരേ പാടുള്ളു. ഓണ്‍ലൈനായി പത്രിക പൂരിപ്പിച്ച ശേഷം റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ നിന്ന് പ്രിന്റ് എടുത്ത് നല്‍കണം. കെട്ടിവെക്കുന്ന തുക ഓണ്‍ലൈനായി അടക്കാം.
വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അഞ്ച് പേരെ പാടുള്ളു. റോഡ് ഷോകളില്‍ ഓരോ അരമണിക്കൂറിലും അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്‌ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളില്‍ സാമൂഹിക അകലം പാലിച്ച് നടത്താം. 80 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കും.
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററില്‍ ഒപ്പിടാനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ, ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.