വന്യമൃഗ അക്രമത്താല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റം ചുമത്തണം: വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമംമൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസംതോറും പെരുകുമ്പോള്‍ സര്‍ക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഈ നില തുടര്‍ന്നാല്‍ വന്യജീവി ആക്രമത്തില്‍നിന്നും ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. വന്യജീവി അക്രമങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചത് വനത്തിലല്ല. നിയമപരമായി കരമടച്ച് കാലങ്ങളായി കൈവശംവെച്ചനുഭവിക്കുന്ന സ്വന്തം കൃഷിഭൂമിയിലാണ്. അതിനാല്‍ തന്നെ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനോ കര്‍ഷകരുടെമേല്‍ കുതിരകയറാനോ സര്‍ക്കാര്‍ സംവിധാനങ്ങളോ വനംവകുപ്പ് ഉന്നതരോ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും.

മനുഷ്യനെ മൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തിട്ട് വന്യമൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം സൃഷ്ടിച്ച് നടപ്പിലാക്കുന്ന സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സാക്ഷരസമൂഹത്തിനും ജനാധിപത്യസംവിധാനത്തിനും വലിയ അപമാനമാണ്. നൂറില്‍പരം ജനങ്ങളാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ആനയുടെ ചവിട്ടേറ്റ് കൃഷിയിടങ്ങളില്‍ മരിച്ചുവീണത്. കാട്ടുപന്നികളുടെ കുത്തേറ്റു മരിച്ചവരും പരിക്കേറ്റവരും അതിലേറെ. എന്നിട്ടും പരിസ്ഥിതി സംരക്ഷകരുടെ വക്താക്കളായി കിരാതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളാണ് ജനാധിപത്യസര്‍ക്കാര്‍ കര്‍ഷകരുള്‍പ്പെടെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കര്‍ഷകര്‍ ഭൂനികുതിയടച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയില്‍ അനധികൃതമായി കടന്നുവന്ന് ജീവിക്കുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി കാണാനാവില്ല. വന്യമൃഗങ്ങള്‍ വളരേണ്ടതും ജീവിക്കേണ്ടതും വനത്തിനുള്ളിലാണെന്നിരിക്കെ കര്‍ഷകരുടെ ഭൂമിയിലെത്തുന്ന മൃഗങ്ങളെ മനുഷ്യജീവന്റെയും കൃഷിയുടെയും സംരക്ഷണത്തിനായി എന്തു ചെയ്യണമെന്നു നിശ്ചയിക്കുവാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതികള്‍ വരുത്തുവാന്‍ ജനപ്രതിനിധികളും സര്‍ക്കാരും തയ്യാറാകണം.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഫണ്ട് കൈവശപ്പെടുത്തി വനവിസ്തൃതി കൂട്ടുവാനും കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് പട്ടാളത്തെയും പോലീസിനെയുമിറക്കി മുന്‍കാലങ്ങളില്‍ കുടിയിറക്കിയതുപോലെ വന്യമൃഗങ്ങളെ കൃഷിഭൂമിയിലേയ്ക്ക് ഇറക്കിവിട്ട് കര്‍ഷകരെ കൊന്നൊടുക്കിയും കൃഷിനശിപ്പിച്ചും കുടിയിറക്കുവാനുള്ള ഭീകരവും അതിക്രൂരവുമായ രീതി അവലംബിക്കുന്നത് സംഘടിതമായി എതിര്‍ക്കാതെ നിവൃത്തിയില്ല. വന്യമൃഗങ്ങള്‍ പെരുകി ജനവാസകേന്ദ്രങ്ങളിലേയ്ക്കിറങ്ങുമ്പോള്‍ പെര്‍മിറ്റഡ് ഹണ്ടിംഗ് അഥവാ അനുവദിച്ചുള്ള വേട്ട എല്ലാരാജ്യത്തും നിയമമായിട്ടുള്ളപ്പോള്‍ സാക്ഷരകേരളം കര്‍ഷകരെ കുരുതികൊടുക്കുന്നത് ദുഃഖകരവും കൊടും പാപവുമാണ്. വന്യമൃഗ അക്രമങ്ങളും കൃഷിനാശവും കൂടാതെ കടക്കെണിയും ഉദ്യോഗസ്ഥപീഢനവും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം ഈ രീതിയില്‍ പോയാല്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തേയ്ക്കുയരും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുമെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനാവാഗ്ദാനം നിറവേറ്റുവാന്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ വീഴ്ചവരുത്തിയാല്‍ ജീവന്റെ സംരക്ഷണത്തിനായി ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊഴിവാക്കാന്‍ വന്യജീവിസംരക്ഷണ വനനിയമങ്ങളില്‍ അടിയന്തരഭേദഗതികള്‍ വരുത്തണം. വനാതിര്‍ത്തികളില്‍ സംരക്ഷണഭിത്തികള്‍ കെട്ടി വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുകയും വേണം.

ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങിവന്നുള്ള വന്യജീവികളുടെ അക്രമത്തില്‍ പിതാവിനെ നഷ്ടപ്പെട്ട മക്കളുടെയും, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും, കുടുംബം ഒന്നാകെ തകര്‍ന്നടിഞ്ഞവരുടെയും ജീവിതവും ജീവനും മാത്രമല്ല വര്‍ഷങ്ങളെടുത്തു വളര്‍ത്തിയെടുത്ത കൃഷിയൊന്നാകെ തകര്‍ന്നവരുടെയും കണ്ണീരും കാണാതെപോകുന്ന കൊടുംക്രൂരത വച്ചുപൊറുപ്പിക്കാനാവില്ലന്നും വന്യജീവി അക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതരപരിക്കേറ്റവരുടെയും കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു