രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ്: പ്രധാനമന്ത്രി
ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മൊബൈൽ കോണ്ഗ്രസ് 2020-നെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ ഉടനടി മാറ്റുന്ന സ്വഭാവമുള്ളവരാണ് ഇന്ത്യക്കാർ. മൊബൈൽ സാങ്കേതിക വിദ്യയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കു കോടിക്കണക്കിനു ഡോളർ വരുമാനമായി ലഭിക്കുന്നുണ്ട്. കോവിഡ് കാലത്തും മറ്റു പ്രതിസന്ധികളിലും മൊബൈൽ സാങ്കേതിക വിദ്യയിലൂടെയാണു കോടിക്കണക്കിന് പാവപ്പെട്ടവർക്ക് സഹായം ലഭ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ മൊബൈൽ നിരക്കുകൾ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. മൊബൈൽ ഉപകരണങ്ങളുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.