
നൗള്‍ ചുഴലിക്കാറ്റ്; കേരളത്തിലും മഴ നല്‍കുമോ ?
ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമില്‍ നിന്ന് ഏകദേശം 716 കി.മി അകലെ പിറവി കൊണ്ട നൗള്‍ ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്തമഴക്ക് കാരണമാകുമോ. കാലാവസ്ഥാ നിരീക്ഷകരുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം കേരളത്തില്‍ നിന്ന് 4300 ലേറെ കിലോമീറ്റര്‍ അകലെയുള്ള ഈ ചുഴലിക്കാറ്റിനെ കുറിച്ചാണ്.
നൗളിന്റെ സഞ്ചാര പാത
ഫിലിപ്പൈന്‍സിനു പടിഞ്ഞാറായി കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇപ്പോള്‍ ഫിലിപ്പൈന്‍സിനും വിയറ്റ്‌നാമിനും ഇടയിലുള്ള കടലില്‍ വച്ച് ചുഴലിക്കാറ്റായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നൗള്‍ 20 കി.മി വേഗതയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ വിയറ്റ്‌നാമിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍ ഇതിന്റെ സ്വാധീനഫലമായി മഴ ലഭിക്കുന്നുണ്ട്. നാളെ കൂടി കടലിലൂടെ സഞ്ചരിക്കുന്ന നൗള്‍ ഈ മാസം 18 ന് വിയറ്റ്‌നാമിലെ ദനാഗിന് സമീപത്തു കൂടെ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ നിന്ന് വര്‍ധിച്ച തോതില്‍ ഊര്‍ജം വലിച്ചെടുത്ത് ശക്തിപ്രാപിച്ചാകും കരതൊടല്‍. ഇത് വിയറ്റ്‌നാമില്‍ കനത്തമഴയും കാറ്റും നാശനഷ്ടങ്ങളും വരുത്തും. വീണ്ടും ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി തായ്‌ലന്റിലേക്ക് നീങ്ങാനാണ് സാധ്യത. തുടര്‍ന്ന് മ്യാന്‍മര്‍ വഴി വീണ്ടും ബംഗാള്‍ ഉള്‍ക്കടല്‍ മുറിച്ചുകടന്ന് ബംഗ്ലാദേശിലേക്കോ ഇന്ത്യയിലേക്കോ എത്താനുള്ള സാധ്യതയാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് പ്രവേശിച്ചാല്‍ അതിനെ സജീവമായി നിലനിര്‍ത്താന്‍ കഴിയും വിധമാണ് അവിടത്തെ നിലവിലുള്ള അന്തരീക്ഷ, സമുദ്രസ്ഥിതി. ഈ മാസം 20 ന് ഈ മേഖലയില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനിരിക്കുന്നുമുണ്ട്. ഇവ ഏതെല്ലാം തരത്തില്‍ സ്വാധീനിക്കുമെന്ന് വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കണം.
കേരളത്തില്‍ ?
ഏതായാലും ഈ മാസം 18 മുതല്‍ ഈ ചുഴലിക്കാറ്റിന്റെ പരോക്ഷസ്വാധീനം കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് നിരീക്ഷണം. നാളെ മുതല്‍ കേരളത്തിലെ കാലാവസ്ഥയില്‍ ഇന്നത്തേക്കാള്‍ മാറ്റം പ്രതീക്ഷിക്കാം. 18 മുതല്‍ 22 വരെയുള്ള കാലയളവില്‍ ശക്തമായ മഴയും ലഭിക്കാവുന്ന അന്തരീക്ഷ സ്ഥിതിയാണ് നമുക്കു മുന്നിലുള്ളത്. ഒരാഴ്ചവരെ മഴ ഏറിയും കുറഞ്ഞും മഴയുടെ സാന്നിധ്യം ഉണ്ടാകാം.