എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ്‌‌ എത്തിയത്.

Share News

വർഷങ്ങൾക്ക് മുൻപ് വീട് പുതുക്കിപ്പണിതപ്പോൾ ടോയ്‌‌ലറ്റ് കമോഡ് സെലക്റ്റ് ചെയ്യേണ്ടി വന്നപ്പോൾ എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ്‌‌ എത്തിയത്. ഇക്കാലത്ത് പൊതുവേ വാൾ മൗണ്ട് കമോഡുകൾ ആണ്‌‌ വളരെ പ്രചാരത്തിലുള്ളത്. അതിന്റെ പ്രധാന കാരണങ്ങൾ തറ വൃത്തിയാക്കാൻ എളൂപ്പം ആണ്‌‌. അഴുക്ക് അടീഞ്ഞ് കൂടീല്ല, കൺസീൽഡ് ഫ്ലഷ് സിസ്റ്റം ആണ്‌ ഉള്ളത് എന്നതിനാൽ സ്ഥലം ലാഭിക്കാം. നല്ല ഭംഗിയുമാണ്‌. വിലയിൽ നല്ല സിംഗിൾ യൂണിറ്റ് ഫ്ലോർ മൗണ്ട് കമോഡുകളെ താരതമ്യപ്പെടുത്തിയാൽ വലിയ വ്യത്യാസമൊന്നുമില്ല. ഇനി എന്തുകൊണ്ട് ഇത് വേണ്ട എന്ന തീരുമാനത്തിൽ എത്തി എന്നതിനെക്കുറീച്ച് പറയാം. പൊതുവായ കാരണങ്ങളേക്കാൾ കൂടൂതൽ വ്യക്തിപരമായ കാരണങ്ങൾ കൂടി ആണെന്ന് വേണമെങ്കിൽ കണക്കാക്കാവുന്നതാണ്‌.

1. വ്യക്തിപരമായി പറഞ്ഞാൽ എന്തിലും ഒരു അപകട സാദ്ധ്യത മുന്നിൽ കാണുന്ന സ്വഭാവം പണ്ടു തൊട്ടേ ഉണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വാൾ മൗണ്ട് സിസ്റ്റം എന്തെങ്കിലും കാരണത്താൽ തകരാറിലായി ഇളകി വീഴില്ലേ‌എന്ന തോന്നൽ ഉള്ളതിനാൽ ആ റിസ്ക് ഫാക്റ്ററിന്‌‌ മറ്റെന്തിനേക്കാൾ കൂടുതൽ മുൻഗണന നൽകി ഒഴിവാക്കി.

2. ലോകത്തെല്ലായിടത്തും ഇത്തരം വാൾ മൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതാണ്‌‌ , പക്ഷേ ഇളകി വീണ്‌‌ അപകടങ്ങൾ ഉണ്ടായതിനെക്കുറിച്ചുള്ള വാർത്തകളും മറ്റും അധികം കേട്ടിട്ടുമില്ല എന്നത് പൊതുവേ ഇത് സുരക്ഷിതമാണെന്നതിനുള്ള തെളിവാണെങ്കിലും ഇതിന്റെ ഡിസൈൻ ഒരു “fail safe” ഡിസൈൻ ആണെന്ന് പറയാൻ കഴിയില്ല. മൂന്നു ഘടകങ്ങളിൽ ആണ്‌‌ ഇതിന്റെ സുരക്ഷിതത്വം ഇരിക്കുന്നത്. ഒന്ന് – നിർമ്മാണത്തിന്റെ ഗുണ നിലവാരം, ഡിസൈൻ. രണ്ട് – ഉറപ്പിക്കുന്ന പണിക്കാരന്റെ വൈദഗ്ദ്യവും അറിവും മൂന്ന് – ഉറപ്പിച്ച് വച്ചിരിക്കുന്ന ചുവരിന്റെ ഗുണനിലവാരം. ഇതിൽ ഒന്നാമത്തെ കാര്യം നല്ല കമ്പനിയുടെ നല്ല ഉല്പന്നം വാങ്ങി പരിഹരിക്കാമെന്ന് കരുതാം. പക്ഷേ പണിക്കാരുടെയും ചുവരിന്റെയും കാര്യത്തിൽ അത്ര ഉറപ്പ് പറയാൻ കഴിയില്ല എന്നതിൽ റിസ്ക് ഫാക്റ്റർ കൂടുന്നു.

3. അടുത്തത് സേഫ്റ്റിയുമായി ബന്ധപ്പെട്ടതല്ല , മെയ്ന്റനൻസുമായി ബന്ധപ്പെട്ടതാണ്‌. പൊതുവേ ടൊയ്‌‌ലറ്റ് ഫ്ലഷ് സിസ്റ്റം തകരാറീലാകാൻ സാദ്ധ്യത കൂടുതൽ ഉള്ള ഒരു മെക്കാനിസമാണ്‌. ശരിയായി പ്രവർത്തിക്കാതിരിക്കുക, സ്റ്റക് ആവുക, ലീക് ആവുക എന്നീ പ്രശ്നങ്ങൾ എല്ലാം പൊതുവായി ഉള്ളതാണ്‌. ഹാർഡ്നെസ് , അയേൺ കണ്ടന്റ് കൂടുതൽ ഉള്ളത് ഒക്കെ ഉള്ള മോശമായ വേള്ളം ആണെങ്കിൽ പറയേണ്ടതുമില്ല. കൺസീൽഡ് ഫ്ലഷിംഗ് സിസ്റ്റത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതും റീപ്ലേസ് ചെയ്യുന്നതും ഒക്കെ താരതമ്യേന എളുപ്പമല്ല. കൂടുതൽ ഫ്ലഷ് ചെയ്യപ്പെടുന്ന ഇടങ്ങളിൽ തകരാറീലാകാനുള്ള സാദ്ധ്യതയും കൂടുന്നു. പല നല്ല ഹോട്ടലുകളിലെയും മെയ്ന്റനൻസ് ഉണ്ടായിട്ട് പോലും ഉന്നത ഗുണനിലവാരമുള്ള ബ്രാൻഡുകൾ ഉപയോഗിച്ചിട്ട് പോലും കൺസീൽഡ്‌‌ ഫ്ലഷിംഗ് സിസ്റ്റം സ്റ്റക് ആകുന്ന പ്രശ്നം ധാരാളം കണ്ടിട്ടൂണ്ട്.

4. വാൾ മൗണ്ട് കമോഡുകൾക്കെല്ലാം നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ള ഭാരം താങ്ങാനുള്ള പരിധി ഉണ്ട്. പൊതുവേ 135 കിലോഗ്രാം ആണ്‌. അതിനാൽ ശരാശരി ഭാരമുള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്‌‌. പക്ഷേ ഭാരം കൂടുതൽ ഉള്ളവർക്ക് ഇരിക്കുമ്പോൾ ഇതെങ്ങാൻ പൊട്ടി വീണാലോ എന്ന ഒരു തോന്നൽ ഉണ്ടായി മനസ്സമാധാനം പോകാനുള്ള സാദ്ധ്യത ഉണ്ട്.

5. പിന്നെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ മെറ്റീരിയൽ ഫെയ്‌‌ലിയറിനുള്ള അപൂർവ്വമായ സാഹചര്യം- കാലപ്പഴക്കത്താലും, നിർമ്മാണത്തിലുള്ള പ്രശ്നങ്ങളാലുമെല്ലാം സെറാമിക് കമോഡുകളിൽ വിള്ളൽ വരാറുണ്ട്. ഗുണനിലവാര നിബന്ധനകൾ കൃത്യമായി പാലിക്കുന്ന നല്ല കമ്പനികളിൽ വിശദമായ പരിശോധനകൾക്ക് ശേഷമൊക്കെ ആണ്‌‌ ഇത്തരത്തിലുള്ള പ്രൊഡക്റ്റുകൾ പുറത്തിറങ്ങുന്നത് എങ്കിലും ഹെയർ ലൈൻ ക്രാക്കുകളും മറ്റും അകത്ത് ഉണ്ടോ‌ എന്നറിയാൻ കഴിയില്ല. ഈ പ്രശ്നം എല്ലാ തരം കമോഡുകൾക്കും ഒരുപോലെ ബാധകമാണെങ്കിലും മറ്റ് കമോഡുകളിൽ അതുമൂലമുണ്ടാകുന്ന അപകട സാദ്ധ്യത താരതമ്യേണ കുറവാണ്‌‌ എന്നതാണ്‌.

വീട്ടിൽ ഏറ്റവും മനസ്സമാധാനത്തൊടെ ഇരിക്കേണ്ട ഒരു സ്ഥലം മനസ്സമാധാനം കളയേണ്ട ഇടം ആകരുത് എന്നു കണ്ടുള്ള വ്യക്തിപരമായ “paranoid” പ്രശ്നങ്ങൾ ആകാം ഒരുപക്ഷേ വാൾ മൗണ്ട് ഒപ്ഷനിലേക്ക് പോകേണ്ട എന്ന് തീരുമാനത്തിൽ എത്തിച്ചത് എങ്കിലും പൊതുവായി പറഞ്ഞാൽ നല്ല ഗുണനിലവാരമുള്ള ലൈഫ് ടൈം ഗ്യാരണ്ടി, വാറന്റി ഒക്കെ തരുന്ന ബ്രാൻഡ് സെലക്റ്റ് ചെയ്യുക, വിദഗ്ദരായ പണീക്കാരെക്കൊണ്ട് ഫിക്സ് ചെയ്യിക്കുക, ഉറപ്പിക്കുന്ന ചുവര്‌‌ നല്ലതാണെന്ന് ഉറപ്പ് വരുത്തുക.. ഇക്കാര്യങ്ങൾ ചെയ്താൽ വാൾ മൗണ്ട് കമോഡുകളും പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാം. അതുപോലെ ചെറിയ ഇളക്കം സംഭവിച്ചാൽ തന്നെ പിന്നേക്ക് മാറ്റി വയ്ക്കാതെ വിദഗ്ദരായ പണിക്കാരെക്കൊണ്ട് അഴിച്ചെടുത്ത് പരിശോധിച്ച് വീണ്ടും ഉറപ്പിക്കുക.

വാൾ മൗണ്ട് കമോഡ് പൊട്ടി വീണ്‌‌ വീട്ടമ്മയ്ക് ഉണ്ടായ ദാരുണാന്ത്യ വാർത്തയുടെ പ്ശ്ചാത്തലത്തിൽ എഴുതിയതാണ്‌.

Sujith Kumar  (സുജിത്)

സുജിത്കുമാറിന്റെ Sujith Kumar വാൾമൗണ്ടഡ് ക്ളോസറ്റിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്ക്കുന്ന പോസ്റ്റ് കണ്ടപ്പോൾ ഓർമ്മ വന്നൊരു സംഭവം:

പത്തിരുപത്തഞ്ചു കൊല്ലം മുന്നേ നടന്നതാണ്. ഞാൻ പിജി ചെയ്യുന്ന കാലം. സ്ഥിരം വീട്ടിലിരുന്നു ഫോണിലൂടെ മാത്രം ഡ്യൂട്ടി എടുക്കുന്ന ഒരു ഡ്യൂട്ടി എം ഓ രാത്രി ഒരു പത്തു പണിയോടെ ഓടിക്കിതച്ചു ആശുപത്രിയിൽ എത്തുന്നു. വന്നയുടനെ അവിടുത്തെ മെയ്ക്കാട് ഡ്യൂട്ടി തൊഴിലാളികളായ എന്നോടും സഹ പിജിയോടും ‘ഡേയ് പെട്ടെന്ന് തിയേറ്ററിൽ എത്തണം, അനസ്തറ്റിസ്റ്റിനെ വിളി, ബ്ലഡ് ബാങ്കുകാരോട് റെഡിയായിരിക്കാൻ പറയണം’ എന്നൊക്കെ എന്തൊക്കെയോ വെപ്രാളത്തിൽ പറയുന്നു. എന്താ സാറെ കാര്യം എന്ന് ചോദിച്ചപ്പോ ‘ഇപ്പൊ ഒരു വിഐപി വരുമെടേ, കാഷ്വാലിറ്റീന്ന് നേരെ തിയേറ്ററിൽ എത്തിക്കാൻ പറഞ്ഞിട്ടുണ്ട്’ എന്ന്.

ഏതായാലും നമ്മളും പോയി തിയേറ്ററിൽ നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ പത്തറുപത് വയസ്സുള്ള ഒരാളെ ട്രോളിയിൽ തള്ളി കുറേപ്പേർ ഓടിക്കൊണ്ട് വരുന്നു. പിന്നാലെ ഓടിവരുന്ന സംഘത്തിൽ നമ്മുടെ യൂണിറ്റ് ചീഫ് പ്രൊഫസറും സൂപ്രണ്ടും ഒക്കെ ഉണ്ട്. ആളെ തിയേറ്ററിൽ കേറ്റി. ഏമാന്മാരൊക്കെ ഉള്ളപ്പോൾ നമുക്കെന്ത് റോൾ എന്ന മട്ടിൽ ഞാനും സഹ പി ജിയും ഒരു മൂലയ്ക്ക് മാറി നിന്നു സംഭവം വാച്ച് ചെയ്യുന്നു.

സംഭവം അന്നത്തെ ഒരു മന്ത്രിയുടെ ബന്ധുവാണ്. അങ്ങേര് ദൂരെയുള്ള സ്വദേശത്തു നിന്ന് ബന്ധുവീട്ടിൽ (മന്ത്രിമന്ദിരത്തിൽ) വിരുന്നു വന്നതാണ്. വിരുന്നു കഴിഞ്ഞപ്പോ ആൾക്ക് ടോയ്‌ലെറ്റിൽ പോകാൻ മുട്ടി. ടോയ്‌ലെറ്റിൽ കേറി വാതിലടച്ചു. പിന്നെ കേട്ടത് നിലവിളിയാണ്. പോലീസുകാരും മന്ത്രിമന്ദിരത്തിലെ ജോലിക്കാരും കൂടി വാതിൽ പൊളിച്ചപ്പോ ഇദ്ദേഹം ടോയ്‌ലെറ്റ് ബൗൾ പൊട്ടി അതെല്ലാം കൂടെ മുന്നിലും പിന്നിലുമൊക്കെ കുത്തിക്കയറി ചോരവാർന്ന് തറയിൽ കിടക്കുന്നു. അങ്ങനെ ഉടനെ മെഡിക്കൽ കോളേജ് പ്രിന്സിപ്പലിനെയും സൂപ്രണ്ടിനേയും ക്കെ ഫോൺ ചെയ്തു വിവരമറിയിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്.

നല്ല മുറിവുകളായിരുന്നു. എന്തോ ഭാഗ്യത്തിന് മേജർ രക്തക്കുഴലുകളും നാഡികളും tendons, കുടൽമാല ഒക്കെ മുറിയാതെ രക്ഷപ്പെട്ടു. ഒരു രണ്ടു മൂന്ന് മണിക്കൂർ തയ്‌ച്ചെടുക്കാനുള്ള പണിയുണ്ടാരുന്നു. ഡ്യൂട്ടി അസിസ്റ്റന്റ് പ്രൊഫസറും യൂണിറ്റ് ചീഫും കൂടി കുത്തിയിരുന്ന് തയ്ച്ചു. ഇവന്മാർക്ക് വല്ലപ്പോഴുമല്ലേ ഇങ്ങനെ ഉള്ള മുറിവൊക്കെ വൃത്തിയാക്കി തയ്ക്കാനുള്ള ചാൻസ് കിട്ടൂ എന്ന് കരുതി ഞങ്ങൾ ചുമ്മാ നോക്കിക്കൊണ്ടു നിന്നു.

യൂറോപ്യൻ ക്ളോസറ്റ് ഉപയോഗിച്ച് പരിചയമില്ലാത്ത ആൾ അതിന്റെ മോളിൽ കേറി കുത്തിയിരുന്നതാണ് ക്ളോസറ്റ് പൊട്ടാൻ കാരണം. അന്നൊക്കെ യൂറോപ്യൻ ക്ളോസറ്റ് അത്ര വ്യാപകമല്ലാതിരുന്നത് കാരണം പലർക്കും അതെങ്ങനെ ഉപയോഗിക്കണമെന്ന് വലിയ പിടിയില്ലാരുന്നത് കൊണ്ടാവാം. ഇപ്പോഴത്തെക്കാലത്ത് അങ്ങനെയുള്ളവർ ഉണ്ടാവില്ലെന്ന് തോന്നുന്നു.

Kunjaali Kutty

@Sajeesh Mannnur എഴുതുന്നു…

സുഹൃത്തുക്കളെ,

നിങ്ങളിൽ ഭൂരിഭാഗവും എന്റെ ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വർഷം എന്റെ കൂടെ എന്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തിൽ തകർന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി.

ഞങ്ങൾ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആകന്നുള്ളൂ. നാട്ടിലില്ലാത്തതിനാൽ വീട് പണിയുവാൻ ഫുൾ കോൺട്രാക്ട് നൽകുകയായിരുന്നു. ബാത്റൂമുകളിൽ കൂടുതൽ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്പനിയുടെ വാൾ മൗണ്ട് ക്ലോസറ്റുകൾ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഞങ്ങൾ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ബാത്റൂമിൽ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച് ചിതറിത്തെറിച്ച് അതിൻ്റെ മൂർച്ചയേറിയ ഭാഗങ്ങൾ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാർന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു. ഞാൻ ജോലി സംബന്ധമായി തിരുവനന്തപുരത്തും 14 ഉം 11 ഉം വയസ്സുള്ള മക്കൾ കളിക്കുകയുമായിരുന്നു.

ഇപ്പോൾ പലരും പറയുന്നു ഇത്തരം വാൾ മൗണ്ട് ക്ലോസറ്റുകൾ അപകടകാരികൾ ആണ് എന്നും ധാരാളം പേർക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല.

അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നവരും അൽപ്പം ജാഗ്രത പുലർത്തുക. പുറംഭംഗിയിലല്ല കാര്യം. നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. കൂടാതെ പരിചയ സമ്പന്നരായ പ്ലംബർമാരെ ജോലി ഏൽപ്പിക്കുക. കാരണം ഇതിൻ്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും . ഇതിൻ്റെ ദോഷവശങ്ങൾ ഒരു ബിൽഡറോ കമ്പനിയോ നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.

ഈ ദുരന്തത്തിൻ്റെ ഭീകരത മനസ്സിലാകാത്തവർക്കായി പ്രസ്തുത ബാത്റൂമിൻ്റെ ഒരു ഫോട്ടോ കൂടെ ചേർക്കുന്നു.

എന്ന് അകാലത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭർത്താവും അമ്മയെ നഷടപ്പെട്ട മക്കളും.

Share News