
സിവിൽ സർവീസിനും മുകളിൽ, ഐക്യരാഷ്ട്രസഭയിലെ തൊഴിലവസരങ്ങൾ: ജലീഷ് പീറ്റര്‍

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി
പ്രത്യേക വിഷയങ്ങളിൽ നിപുണരായവർക്ക് ഐക്യരാഷ്ട്ര സഭയിൽ അവസരങ്ങളേറെയാണ്. മലയാളികൾക്ക് പരിചിതമായ ഗ്ലാമർ ജോലി സിവിൽ സർവീസാണ്. ഐ.എ.എസ്., ഐ.പി.എസ്.എന്നിവയാണ് മലയാളികളുടെ സ്വപ്നത്തിൽ ഇന്നുമുള്ളത്. ഐക്യരാഷ്ട്രസഭയിലെ ജോലി ഇവയിലെല്ലാം എത്രയോ മുകളിലാണെന്ന് നമുക്കാർക്കുമറിയില്ല. നമുക്കിന്നും സായ്പ് സമ്മാനിച്ച സിവിൽ സർവീസാണ് പ്രിയം.
യുണിസെഫ്, യുനെസ്‌കോ, ഐ.എൽ.ഒ. എന്നിങ്ങനെ നിരവധി സവിശേഷ സേവന വിഭാഗങ്ങളും ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയ്ക്കും വിഭാഗങ്ങൾക്കും എല്ലാ അംഗരാജ്യങ്ങളിലും ഒന്നിലധികം ഓഫീസുകളുണ്ട്. രാജ്യതലസ്ഥാനങ്ങളിലും മുഖ്യനഗരങ്ങളിലുമാണ് അവ പ്രവർത്തിക്കുന്നത്. ഒരു രാജ്യാന്തര കമ്പനി പോലെ വളരെ ചിട്ടയോടെ, ഉയർന്ന പ്രൊഫഷനലിസം പ്രകടമായ തൊഴിലവസരങ്ങൾ നൽകുന്ന ഒട്ടേറെ തൊഴിൽ മേഖലകൾ ഐക്യരാഷ്ട്രസഭ വാഗ്ദാനം ചെയ്യുന്നുണ്ട്. മതിയായ വിദ്യാഭ്യാസയോഗ്യതയും അഭിരുചിയുമുണ്ടെങ്കിൽ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളിലെ ഏതൊരു പൗരനും അപേക്ഷിക്കാവുന്നതാണ്.

ഐക്യരാഷ്ട്രസഭ, അതിന്റെ വിവിധ ഏജൻസികളിലും വിഭാഗങ്ങളിലുമായി, ലോകമെമ്പാടും 60,000 പേരെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് പ്രക്രിയ കടുത്ത മത്സരം നിറഞ്ഞതാണ്. 190 അംഗരാജ്യങ്ങളിലെ അപേക്ഷകരുണ്ടാകും. വികസ്വര രാജ്യങ്ങളിലെ പ്രാദേശിക ഓഫീസുകളിലായാലും സഭാ ആസ്ഥാനത്തായാലും ഐക്യരാഷ്ട്രസഭയിലെ ജോലി അങ്ങേയറ്റം അനുഭവ വൈവിധ്യം നിറഞ്ഞതും ആത്മസംതൃപ്തി നൽകുന്നതുമാകയാൽ മത്സരത്തെ വെല്ലുവിളിയായി സ്വീകരിക്കണം.
ഒഴിവുകളറിയാൻ………..
ഇന്റർനെറ്റാണ് യോജ്യമായ മാർഗം. എല്ലാ ഒഴിവുകളും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തും. ഇ-മെയിലിൽ അപേക്ഷ അയയ്ക്കാം. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.un.org) നിന്നും വിശദവിവരങ്ങളറിയാം ഈ സൈറ്റിൽ നിന്നും ഒഴിവുകളുടെ വിവരങ്ങൾ യഥാക്രമം അറിയാം. കൂടാതെ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെ സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകളും മാതൃ വെബ്‌സൈറ്റിൽനിന്നും സാധ്യമാണ്. ഉദാഹരണത്തിന് യുണെസ്‌കോ, ലോകബാങ്ക്, അന്തർദേശീയ ആറ്റമിക് എനർജി ഏജൻസി, യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം etc.
ആർക്കാണ് അവസരം?
സാമ്പത്തികകാര്യ വിദഗ്ധർ, പബ്ലിക്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ വിദഗ്ധർ, ധനകാര്യ, നിയമകാര്യ മേഖലയിലെ വിദഗ്ധർ, സ്റ്റാറ്റിസ്റ്റിഷ്യൻ, രാഷ്ട്രതന്ത്ര വിദഗ്ധർ എന്നിവർക്കാണ് കൂടുതൽ സാധ്യതകൾ. എന്നാൽ പ്രവർത്തന മേഖലയുടെ വ്യാപ്തിയും വൈവിധ്യവും മൂലം വിവിധ മേഖലകളിലെ ഒട്ടേറെ വിദഗ്ധരരെ ആവശ്യമുണ്ട്. ഉദാഹരണത്തിന് റോം ആസ്ഥാനമായുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന് (FAO) കാർഷികരംഗത്ത് വൈദഗ്ധ്യം നേടിയവരെ വേണം. പാരീസ് ആസ്ഥാനമായ യുനെസ്‌കോയ്ക്ക് (United Nations Educational, Scientific and Cultural Organization)പത്രപ്രവർത്തകരേയും എഡിറ്റർമാരെയും ഗ്രാഫിക് ആർട്ടിസ്റ്റുകളെയും വേണം.

വിയന്ന ആസ്ഥാനമായ കോംപ്രിഹെൻസീവ് ന്യൂക്ലിയർ ടെസ്റ്റ് ബാൻ ട്രീറ്റി ഓർഗനൈസേഷൻ (CTBTO) ഫിസിക്കൽ സയൻസിലോ ജിയോഫിസിക്‌സിലോ ബിരുദം നേടിയവരെ നിയമിക്കാറുണ്ട്. എല്ലാത്തിനും പുറമേ കമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെയും കംപ്യൂട്ടർ വിദഗ്ധരുടെയും ഒട്ടേറെ ഒഴിവുകൾ എല്ലാ വിഭാഗങ്ങളിലും ഉണ്ടാകാറുണ്ട്.
യോഗ്യത
പ്രാഥമിക ഒഴിവുകളിൽ (പി-1, പി-2) എന്നാണ് എൻട്രി ലെവൽ തസ്തികകളെ വിളിക്കുന്നത്. സർവകലാശാല ബിരുദം നിർബന്ധം. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ ജോലി പരിചയം അഭികാമ്യം. ഉയർന്ന തലങ്ങളിൽ (പി-3, പി-4, പി-5) ബിരുദാനന്തര ബിരുദമോ അതിലും ഉയർന്ന യോഗ്യതയോ വേണം. കൂടുതൽ വർഷം ജോലിപരിചയം നിർബന്ധം. ഓരോ രാജ്യത്തെയും കേന്ദ്രസർക്കാരുമായി സഹകരിച്ചാണ് ഐക്യരാഷ്ട്രസഭയും ഏജൻസികളും പ്രവർത്തിക്കുന്നത്. അതുകൊണ്ട് സർക്കാർ തലത്തിലുള്ള ജോലി പരിചയത്തിന് മുൻഗണന ലഭിക്കും.
സ്വകാര്യമേഖലയിലേയും സന്നദ്ധസംഘടനകളിലെയും സർക്കാരിതര സംഘടനകളിലെയും തൊഴിൽ പരിചയവും പ്രസക്തമായിരിക്കും. ലോകത്തിലെ ഏത് ദിക്കിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. ഇംഗ്ലീഷിന് പുറമേ മറ്റേതെങ്കിലും ലോകഭാഷയിലെ പരിജ്ഞാനം അഭികാമ്യം. പ്രാദേശിക ഭാഷകളിലെ അറിവും സഹായകരമാകും.
വേതന നിരക്ക്
ലോകത്തിലെ മറ്റേതു സർക്കാർ മേഖലയിലെക്കാളും വേതനം ഐക്യരാഷ്ട്രസഭ നൽകും. ജോലി ചെയ്യുന്ന സ്ഥലത്തെ ജീവിതനിലവാരം, ജോലിപരിചയം, തസ്തിക തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വേതന നിരക്കും ആനുകൂല്യങ്ങളും നിർണ്ണയിക്കപ്പെടും. വർഷത്തിൽ ശമ്പളത്തോടെ ആറാഴ്ചവരെ അവധി ലഭിക്കും. ആദായനികുതി ബാധകമല്ല.

മറ്റ് വ്യവസ്ഥകൾ
നിയമന നടപടികൾ സാവധാനമായിരിക്കും. അപേക്ഷ നൽകിയാൽ മിക്കപ്പോഴും മാസങ്ങൾ കഴിഞ്ഞാകും അടുത്ത അറിയിപ്പുണ്ടാകുക. ചിലപ്പോൾ അപേക്ഷയ്ക്ക് മറുപടി ലഭിച്ചെന്നും വരില്ല. നിയമനം സംബന്ധിച്ച വിവരങ്ങളറിയാൻ നേരിട്ട് ബന്ധപ്പെടുന്നതിൽ തടസ്സമില്ല.
ഐക്യരാഷ്ട്രസഭയിലെ വിവിധ തൊഴിൽ മേഖലകൾ സംബന്ധിച്ച് ചില അടിസ്ഥാന വിവരങ്ങൾ ചുവടെ:
1.അഡ്മിനിസ്‌ട്രേഷൻ : മനുഷ്യശേഷിയും വിഭവശേഷിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം, രൂപകല്പന, നടത്തിപ്പ് എന്നിവ ഈ വിഭാഗത്തിലെ അംഗങ്ങൾ ചെയ്യുന്നു. ജീവനക്കാരെ നിയമിക്കുന്നതും പരിശീലനം നൽകുന്നതും യു.എൻ. കാര്യനിർവഹണ വിഭാഗമാണ്.
2.ഇക്കണോമിക്‌സ് : ഒട്ടേറെ സ്‌പെഷ്യലൈസേഷൻ ഉൾപ്പെടുന്ന മേഖലയാണ്. വിവിധ രംഗങ്ങളിലെ ഗവേഷണം, വികസന പരിപാടികൾ, സാങ്കേതിക സഹായം തുടങ്ങിയവ.
3.ഇലക്‌ട്രോണിക്‌സ് ഡാറ്റാ പ്രോസസിംഗ് : ഡാറ്റാ പ്രോസസിംഗ്, ടെലികോം, ഇൻഫ്രാസ്ട്രക്ചർ.
4.ഫിനാൻസ് : അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഫിനാൻഷ്യൽ അനാലിസിസ്, ട്രഷറി തുടങ്ങിയവ. യു.എൻ. സമാധാന സേനയുടെ ബജറ്റ്, ഫണ്ട്, എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. യു. എന്നിന്റെ മുഴുവൻ ധനകാര്യ പ്രവർത്തനങ്ങളുടെ ഓഡിറ്റിംഗ്, യു.എൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യൽ എന്നിവയും ഇതിൽപ്പെടുന്നു.
5.ഭാഷ: വിവർത്തനം, ദ്വിഭാഷി, എഡിറ്റിംഗ്, റിപ്പോർട്ടിംഗ്, പ്രൂഫ് റീഡിംഗ് തുടങ്ങിയവ. എല്ലാ ഐക്യരാഷ്ട്രസഭാ സമ്മേളനങ്ങളിലും കുറഞ്ഞത് മൂന്ന് ലോകഭാഷയെങ്കിലും പരിജ്ഞാനം ഉള്ളവർ അതേപടി റിപ്പോർട്ട് ചെയ്യാൻ ഉണ്ടാകും. വിവർത്തകരും ഈ നിലയിൽ തന്നെ.

6.ലീഗൽ : രാജ്യാന്തര നിയമസംഹിതകൾ, വാണിജ്യനിയമങ്ങൾ, സ്വകാര്യനിയമങ്ങൾ, വിവിധ നിയമസംഹിതകളുടെ ക്രോഡീകരണം, വിശകലനം. രാജ്യാന്തര കോടതിയിൽ യു. എൻ. സെക്രട്ടറി ജനറലിനു വേണ്ടി ഹാജരാകുന്നതും ഈ വിഭാഗത്തിലെ നിയമവിദഗ്ധരാണ്.
7.ലൈബ്രറി: പുരാവസ്തു രേഖകളും സുപ്രധാന രേഖകളും പുസ്തകങ്ങളും സൂക്ഷിക്കുക എന്ന ചുമതലയുണ്ട്. അംഗരാജ്യങ്ങളിലെ പ്രതിനിധികൾക്കും സ്‌പെഷ്യലിസ്റ്റുകൾക്കും ആവശ്യമായ വിവരങ്ങൾ നൽകുന്നതും ലൈബ്രറി വിഭാഗത്തിന്റെ ചുമതലയാണ്.
8.പബ്‌ളിക് ഇൻഫർമേഷൻ: മാധ്യമങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ വാർത്താക്കുറിപ്പുകൾ, പ്രചാരണ ലഘുരേഖകൾ, കുറിപ്പുകൾ, പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുക. പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുക.
9.സോഷ്യൽ ഡവലപ്‌മെന്റ് : ദുരന്ത സഹായപദ്ധതികൾ, മാനുഷിക സഹായങ്ങൾ, കുറ്റകൃത്യങ്ങൾ തടയൽ, മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതിനിർവഹണം, ലഹരി മരുന്ന് വിരുദ്ധ പ്രചാരണങ്ങൾ, സ്ത്രീകളോടും കുട്ടികളോടുമുള്ള വിവേചനത്തിനെതിരായ പദ്ധതികൾ, ജനസംഖ്യാ പഠനങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങൾ, പരിസ്ഥിതി സംരക്ഷണം.
10.സ്റ്റാറ്റിസ്റ്റിക്‌സ്: വിവിധ മേഖലകളിലെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, ഏകോപിപ്പിക്കുക.
അപേക്ഷ നൽകുന്നതിനും വിവരങ്ങൾക്കും ഇന്ത്യയിൽ ബന്ധപ്പെടേണ്ട വിലാസം:
National Information Officer
UNIC (United Nations Information Centre)
55 Lodi Estate, New Delhi – 110 003.
E-mail: unicindia@unicindia.org
Website: https://in.one.un.org/who-we-are/unic-india/
കൂടുതൽ വിവരങ്ങൾക്ക് – www.careers.un.org, www.un.org
ജലീഷ് പീറ്റര്‍@9447123075