കരുണ നിറഞ്ഞ മനസുമായി ഓടുകയാണ് ജൂഡ്സൺ ചേട്ടൻ നന്മയുടെ പാഥേയമായി .

Share News

‘ അനുവദിക്കപ്പെട്ട ആയുസ്സിനപ്പുറത്തേക്കു ആർക്കും ജീവിക്കാനാകില്ല . ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അതാണ് ആത്മസംതൃപ്തി’ .

കാരുണ്യക്കടലായ ജൂഡ്സൺ ചേട്ടനെയാണു ഇന്നു വിളിച്ചത് . കൾട്ടസിൽ ഡ്രൈവറായിരുന്നപ്പോൾ തുടങ്ങിയ പരിചയവും സ്നേഹവും .

കരുണ നിറഞ്ഞ മനസുമായി ഓടുകയാണ് ജൂഡ്സൺ ചേട്ടൻ നന്മയുടെ പാഥേയമായി . +919847727088 വിളിച്ചപ്പോൾ ഫോണെടുത്തു

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ലോകത്തോടു വിടപറഞ്ഞു . പട്ടിണി എന്തെന്നറിഞ്ഞ ജീവിതമാണു പിന്നീടു നേരിട്ടത് . രാവിലെ ചായക്കടയിലെ ഒരു ഉണ്ടംപൊരി കഴിച്ചു സ്കൂളിലേക്കു യാത്ര . പുസ്തകത്തോടൊപ്പം കൈയിൽ കാലിയായ പാത്രവും കരുതും .ഉച്ചയ്ക്കു വിതരണം ചെയ്യുന്ന ഉപ്പുമാവു വാങ്ങിക്കാനായ് . തിരിച്ചു വീട്ടിലെത്തിയാൽ രാത്രിയാകും വരെ പിതാവിനെ കാത്തിരിപ്പ്തയ്യൽ ജോലിക്കാരനായ പിതാവു വീട്ടിലെത്തുമ്പോൾ ഏറെ വൈകും . അരിയും കരുതിയായിരുക്കും വരവ് . വീണ്ടും വേവോളം ഉറക്കമൊഴിഞ്ഞിരിക്കും . ഒട്ടിയ വയറു അന്യമല്ലാതിരുന്ന ഓർമകൾ ജൂഡ്സൺ ചേട്ടനു ഇപ്പോഴുമുണ്ട്

പത്താം ക്ലാസിനു ശേഷം വരാപ്പുഴയിലെ കർമ്മലീത്താ സഭ സെമിനാരിയിൽ ബ്രദർ റൂട്ടായി ചേർന്നു . സേവനം , സുവിശേഷ പ്രവൃത്തി ,കുഷ്ഠരോഗീ പരിചരണം ഇതൊക്കെയായിരുന്നു മനസ്സിൽ കൊണ്ടു നടന്ന സ്വപ്നങ്ങൾ . സെമിനാരിയിൽ നിന്നു വീട്ടിലേക്കു തിരിച്ചു .

മെക്കാനിക്കു ജോലിയിൽ പ്രവേശിച്ചു .അതോടൊപ്പം ഡ്രൈവിങ്ങും പഠിച്ചു .ഒരു വർഷക്കാലം ഫിഷിങ് ഹാർബറിൽ മീൻ വണ്ടിയിൽ ഡ്രൈവറായി ജോലി ചെയ്തു . ഫാ.ഡോമിനിക് ആലുവാപ്പറമ്പിലാണ് ജീവിത യാത്ര തിരിച്ചു വിട്ടത് . അരമനയിൽ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കി . ബിഷപ്പു ഹൗസിൽ കുറച്ചു നാൾ ജോലി ചെയ്തു .

1988ൽ ഡോമിനിക് അച്ചൻ വഴിയായിത്തന്നെ പെരുമ്പടപ്പ് കൾട്ടസിൽ ഡ്രൈവറായി നിയമിച്ചു . നിറയെ കുഷ്ഠരോഗികളുള്ള ആശുപത്രി . യാത്രയുടെ ഒഴിവു സമയങ്ങളിൽ കുഷ്ഠരോഗികളെ പരിചരിക്കാൻ തുടങ്ങി . അവരുമായി മനസുകൊണ്ടടുത്തു . അവരുടെ വേദനയിൽ പങ്കാളിയായി . വ്രണങ്ങൾ വൃത്തിയാക്കുന്നതും ,,മരുന്നു വച്ചുകെട്ടുന്നതും ഏറ്റെടുത്തു .

ആശുപത്രിയിലെ മറ്റു ജീവനക്കാർ എത്തുന്നതു 8.30ന് ആയിരുന്നു . ജൂഡ്സൺ ചേട്ടൻ വെളുപ്പിനെ സൈക്കിളിലെത്തി രോഗികൾക്കു ചായയും , അവരെ കുളിപ്പിക്കുകയും ചെയ്തു . ചെരുപ്പിടാതെ അകത്തു കയറുകയായിരുന്നു പതിവ് .ഒരിക്കൽ രോഗിയുടെ കിടയ്ക്കരുകിൽ കാൽ തെന്നി . രോഗിയുടെ കാലിൽ നിന്നും താഴെ വീണ പുഴുക്കളെ അന്നാദ്യമായി കണ്ടു . ചാടി ചാടി നടക്കുന്ന പുഴുക്കൾ . രോഗിയെ വൃത്തിയാക്കി ഡ്രസ്സു ചെയ്തു .അവരുടെ മനസിൽ നിന്നു ഉരുവിടുന്ന പ്രാർഥനയാണ് തൻ്റെ കർമ്മഫലം എന്നാണു ജൂഡ്സൺ ചേട്ടൻ്റെ വിശ്വാസം

1992 ൽ വിവാഹം . കല്യാണ ശേഷമുള്ള ആദ്യ ശമ്പളം ഭാര്യയുടെ കൈയിൽ കവറടക്കം ഏൽപ്പിച്ചു. അതു കണ്ടു ഭാര്യ വിഷമിച്ചു 888 രൂപ . വീട്ടിൽ കരച്ചിൽ , ബഹളം ഇതായിരുന്നോ വരുമാനം എന്നതായിരുന്നു ചോദ്യം .അന്നു നഴ്സ് ആയിരുന്ന ഭാര്യയ്ക്കു 3000 രൂപ ലഭിക്കുമായിരുന്നു . ബുദ്ധിമുട്ടായെങ്കിലും തൻ്റെ മനസു തളർന്നില്ല .ശമ്പളം പിന്നീടു 2000 രൂപയാക്കി .കോട്ടേഴ്സും അനുവദിച്ചു .ഡോമിനിക്കച്ചനു ഫോൺ വന്നതിനനുസരിച്ചു കുമ്പളങ്ങിയിൽ ഒരു സ്ത്രീയെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന വിവരം ലഭിച്ചു. ആംബുലൻസുമായി അങ്ങോട്ടു തിരിച്ചു . അവിടെ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു . ഇരുട്ടായ മുറിയിൽ അർദ്ധനഗ്ന ശരീരമായി ഇരിക്കുന്ന സ്ത്രീയുടെ കാലിൽ പ്ലാസ്റ്റിക് കവർ കയറ്റി കെട്ടിവച്ചിരിക്കുന്നു . അകത്തു വീട്ടിലുള്ളവർ കയറാറില്ല . അവിടവിടെ കുറച്ചു പാത്രങ്ങൾ , മുഷിഞ്ഞ വസ്ത്രങ്ങൾ . ചുറ്റും ആളുകൾ കൂടിയെങ്കിലും ആരും അടുത്തു വന്നില്ല . അമ്മയെ വസ്ത്രം ധരിപ്പിക്കാൻ മോളെ വിളിച്ചെങ്കിലും സഹകരിച്ചില്ല . താൻ തനിയെ പ്ലാസ്റ്റികു മാറ്റി വസ്ത്രം ധരിപ്പിച്ചു ചുമലിൽ താങ്ങി ആംബുലൻസിൽ എത്തിച്ചു . മോളേയും വിളിച്ചു കയറ്റി . യാത്രയ്ക്കിടെ അവർ വെള്ളം ചോദിച്ചു . കടയിൽ നിന്നു സർബ്ബത്തു വാങ്ങി നൽകി . ” മേനേ ദൈവം അനുഗ്രഹിക്കും വർഷങ്ങളായി പുറം ലോകവും വെളിച്ചവും കണ്ടിട്ട് ” അമ്മയെ മോൾ ശകാരിക്കുന്നുണ്ടായിരുന്നു. കൾട്ടസിൽ എത്തിച്ചു . എല്ല് ഉണങ്ങിയിരിക്കുന്നതു കാണാം . പുഴുക്കളും പുറത്തു വരുന്നു . മരുന്നു വച്ചുകെട്ടി. ചേർത്തല ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു . തിരിച്ചു കൾട്ടസിൽ എത്തി ചേർത്തല ആശുപത്രിയിൽ നിന്നും ഫോൺ വന്നു . അവർ മരിച്ചു . ഒരു പക്ഷേ അവസാനമായി അവർ പറഞ്ഞതു ദൈവം അനുഗ്രഹിക്കട്ടെ എന്നതാകാം ,,,,,,

1997ൽ അമരാവതിയിൽ സുഹൃത്തു ജോയിയുടെ കടയിൽ സംസാരിച്ചു കൊണ്ടിരിന്നപ്പോൾ തലേന്നു കൾട്ടസിൽ നിന്നു ഡിസ്ചാർജു ചെയ്ത ജോണുചേട്ടൻ വിശന്നു തളർന്നിരിക്കുന്നു. വീട്ടുകാരില്ലാത്ത ചേട്ടനു ഹോട്ടലിൽ നിന്നു ചോറുവാങ്ങി നൽകി .പിറ്റേന്നു വീട്ടിൽ നിന്നു പൊതിച്ചോറു കൊണ്ടുപോയി കൊടുത്തു .വീണ്ടും ചോറുമായെത്തിയപ്പോൾ ജോൺ ചേട്ടൻ്റെ കൂടെ അന്തോണി ചേട്ടനുമുണ്ടായി .ഇരുവരും ചേർന്നു അതു കഴിച്ചു . പിന്നെ രണ്ടു പേർക്കുമായി തുടർന്നു. ഭക്ഷണത്തിനായി ആളുകൾ കൂടി തുടങ്ങി . സുഹൃത്തുക്കളോടും ,ബന്ധുക്കളോടും കൾട്ടസ് സ്റ്റാഫിനോടും കാര്യം അവതരിപ്പിച്ചു . അവരും സഹകരിച്ചു തുടങ്ങി . ആദ്യം ബസിൽ , പിന്നെ സൈക്കിളിലും ,കൂടുതലായപ്പോൾ M80 യിലും ,പിന്നെ ഓട്ടോ റിക്ഷയിലും പൊതിച്ചോർ വിതരണം ചെയ്തു .

ആവശ്യക്കാർ കൂടിയതോടെ വിതരണം നിലയ്ക്കാതിരിക്കാൻ അരൂർ ,ചന്തിരൂർ ,എഴുപുന്ന ,എരമല്ലൂർ കുടുംബ യൂണിറ്റുകൾ കേന്ദ്രീകരിച്ചു ഭക്ഷണം സമാഹരിച്ചു ആവശ്യക്കാർക്കെത്തിച്ചു നൽകി കൊണ്ടിരുന്നു .

1997 ഡിസംബർ 25 നു 65 പേർ പങ്കെടുത്ത ക്രിസ്തുമസ് സംഗമം നടത്തി .ഫ്രണ്ട്സ് ചാരിറ്റീസ് എന്ന സംഘടന ഫാ.ആൻ്റണി കൊച്ചുകരിയിൽ , ഫാ .ഡോമിനിക് ആലുവാപ്പറമ്പിൽ നേതൃത്വത്തിൽ തുടങ്ങി . സംഗമത്തിനു സംഘടന പിന്തുണയേകി .

സെഹിയോൻ പ്രേക്ഷിത സംഗം എന്ന പേരിൽ 2002 ജൂൺ 29 ന് മൊബൈൽ ബാത്ത് ഓട്ടോറിക്ഷയിൽ തുടങ്ങി . തെരുവിൽ അലയുന്നവരെ കുളിപ്പിച്ചു .വൃത്തിയുള്ള വസ്ത്രങ്ങൾ നൽകി . കൊച്ചി രൂപതയുടെ കീഴിലുള്ള ജൂബിലിയിൽ നിന്നു മഹീന്ദ്ര വാൻ ലഭിച്ചതോടെ ഭക്ഷണ വിതരണം ഇതിലൂടെയായി

ഓണ അവധിക്കാലത്തു കൊച്ചിയിൽ നിന്നും കാസർഗോഡ് , കണ്ണൂർ ,തലശേരി വഴി തിരിച്ചെത്തുന്ന മൊബൈൽ ബാത്ത് സേവനം വഴിയോരത്തു അലയുന്നവർക്കായി ഒരുക്കാറുണ്ട് .മുത്തൂറ്റ് ഗ്രൂപ്പ് കാരുണ്യ യാത്രയ്ക്കായി വണ്ടി സജ്ജീകരിച്ചു കൊടുത്തിട്ടുണ്ട് . 16 വർഷം ഇതു തുടർന്നു .കൊച്ചിയിൽ നിന്നും ആലപ്പുഴ വഴി തിരുവനന്തപുരം ,കോട്ടയം വഴി തിരിച്ചും അലയുന്നവരെ മുടി വെട്ടി, കുളിപ്പിച്ചു പുതുവസ്ത്രങ്ങൾ നൽകി കാരുണ്യ യാത്ര തിരിച്ചെത്തും .

Ace വണ്ടിയിൽ ഭക്ഷണം ഒരുക്കുന്നതിനുള്ള സാമഗ്രികൾ കരുതും ,പുലർച്ചെ എഴുന്നേറ്റു പാചകം ചെയ്തു അലയുന്നവർക്കു വിതരണം ചെയ്യും. 15 പേർ ഇതിനായി അനുഗമിക്കും യാത്രയിൽ തങ്ങാൻ അമ്പലം ,പള്ളി ,ഫയർ സ്റ്റേഷൻ എന്നി സ്ഥാപനങ്ങളിൽ അനുമതി തേടും .എറണാകുളം പൊലീസ് കമ്മീഷണറുടെ അനുമതി പത്രവും ,കൊച്ചി ബിഷപ്പിൻ്റെ അംഗീകാരവും കൈയിൽ കരുതും .

ചിലർ മുടിവെട്ടുന്നതിന് സമ്മതിക്കാറില്ല . കുളിക്കുന്നതിനും . തന്മയത്തോടെ പെരുമാറിയില്ലെങ്കിൽ അവർ അക്രമിക്കുകയും ചെയ്യും .

തോപ്പുംപടിയിൽ നിന്നും വിളിച്ചതനുസരിച്ച് അലഞ്ഞു തിരിഞ്ഞ ഒരാളെ പൊലീസ് സഹായത്തോടെ തോപ്പുംപടി സ്റ്റേഷനിൽ എത്തിച്ചു. മുടി വെട്ടാൻ ഒരുങ്ങി . അയാളുടെ ജടപിടിച്ച മുടി താഴെ വീണതു കണ്ടു ജൂഡ്സൺ ചേട്ടനെ ചവിട്ടി വീഴ്ത്തി കാലിൻ്റെ മുട്ടിനു അപകടം സംഭവിച്ചു . പൊലീസ് പിടിച്ചു മാറ്റിയെങ്കിലും അയാൾ അക്രമിച്ചുകൊണ്ടിരുന്നു . രാത്രിയിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു . പിറ്റേന്നു ഇടപ്പള്ളിയിൽ നിന്നു 800 പൊതിച്ചോറ് വിതരണത്തിനായി തയ്യാറാക്കിയതു കൈപ്പറ്റേണ്ടതായിരുന്നു . അതു മുടക്കിയില്ല .വാങ്ങി വിതരണം ചെയ്തു . അന്നു 2000 രൂപ മാത്രമാണു കൈയിൽ ഉണ്ടായിരുന്നത് . ലൂർദ്ദ് ആശുപത്രിയിൽ ഒരാഴ്ച കിടന്നു .ചികിത്സാ ചെലവ് 10000 കടന്നു .ഇതു സംഘടിപ്പിച്ചു നൽകി .

കുറച്ചു മാസങ്ങൾ കാൽ തളർന്നു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു . ഇതു പത്രങ്ങളിൽ വാർത്തയായിരുന്നു .ശിഖ ബസ് ജൂഡ്സൺ ചേട്ടനു വേണ്ടി കാരുണ്യ യാത്ര ഒരുക്കി . നാട്ടുകാരുടെയും സഹായത്തോടെ കടങ്ങൾ ഉണ്ടായതു തീർത്തു . അക്കാലത്തു വാടക വീട്ടിലായിരുന്നു താമസം . അമ്മായി ഇടക്കൊച്ചിയിലേക്കു വിളിച്ചു .അവരോടൊപ്പം താമസമാക്കി .

2003 ജനു 1 ന് ചിറക്കലിൽ ആദ്യത്തെ ഊട്ടുശാല ആരംഭിച്ചു . മേരി ചേച്ചിയുടെ ഭവനത്തോടു ചേർന്നു നിർദരർയ്ക്കായി ഉച്ചയ്ക്ക് ഊണു നൽകി . കമ്മറ്റിക്കാർ ഇതിൻ്റെ പ്രവർത്തനം നടത്തി . ആദ്യത്തെ സെഹിയോൻ ഊട്ടുശാല ബിഷപ് ജോൺ തട്ടുങ്കൽ ആശീർവദിച്ചു .

മകന് രണ്ടര വയസിൽ ശരീരം വീർക്കുന്നതും ,കണ്ണു അടഞ്ഞു തന്നെ ഇരിക്കുന്നതുമായ രോഗം പിടിപെട്ടു . ആദ്യം വെസ്റ്റ് സൈഡ് ഹോസ്പിറ്റലിലും പിന്നീടു ലൂർദ്ദിലും ചികത്സിച്ചു . പരിശോധനയിൽ കിഡ്നി തകരാർ ഉണ്ടെന്നു കണ്ടു . മനമുരുകി പ്രാർത്ഥിച്ച നാളുകൾ . മകൻ ആശുപത്രിയിലായിരുന്നപ്പോഴും അലഞ്ഞു തിരിയുന്നവരെ കുളിപ്പിക്കുന്നതു നിർത്തിയില്ല . ഈ പുണ്യ പ്രവർത്തിക്കു അവിടെ ഫലം കണ്ടുതുടങ്ങി .ഒരു നേർച്ചയെന്നോണം പ്രതിഫലം ആഗ്രഹിക്കാതെ നന്മ ചെയ്യുന്നതിനാൽ മകൻ്റെ രോഗം പൂർണ്ണമായും വിട്ടകന്നു .ഡോക്ടർമാർക്കു പോലും അതിശയമായിരുന്നു ആ ദിനങ്ങൾ .ഇതു പറയുമ്പോൾ ദൈവത്തെ സ്തുതിക്കാനും ജൂഡ്സൺ ചേട്ടൻ മറന്നില്ല .

തിരക്കു കാരണം ഞങ്ങളുടെ സംസാരം ഇവിടെ നിർത്തുകയാണ് വീണ്ടും തുടരും …..

Leenachan Vb

Share News