ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.നാല് വര്‍ഷമായി ശമ്ബള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലെ 375 ജൂനിയര്‍ നഴ്സുമാര്‍ നാളെ പ്രതിഷേധിക്കും.സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ജൂണിയര്‍ നഴ്സുമാരുടെ ആവശ്യം.
2016ല് നിശ്ചയിച്ച 13900 രൂപയാണ് ഇപ്പോഴും സ്റ്റൈപ്പൻറെ. വര്‍ധനവ് ആവശ്യപ്പെട്ട് പലതവണ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാത്തതിനാല്‍ ഈ മാസം എട്ടിന് കരിദിനം ആചരിക്കുകയും ഒന്‍പതിന് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. നിരന്തരം ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് സിഎന്‍എസ് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.