സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കെഎസ്‌ഇബിയുടെ റെഡ് അലര്‍ട്ട്:അതീവ ജാഗ്രത പാലിക്കാൻ നിർദേശം

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്.

അതേസമയം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്ബ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്ബ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട്ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു.

Share News