
പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം
മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.