
എൽഡിഎഫിന്റെ വിജയം പിണറായി സർക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്ക് എതിരെ വലിയ ദുഷ്പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ പ്രചരണങ്ങള്‍ വിശ്വസിച്ചില്ല എന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളോടുള്ള പിന്തുണയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള കരുതല്‍ മാറ്റിവയ്ക്കാത്ത ഒരു സര്‍ക്കാരാണിത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടയുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടായി. ബിജെപി-കോണ്‍ഗ്രസ്- മുസ്ലിം മതമൗലിക വാദ ശക്തികള്‍ ഒരുമിച്ച് നിന്നാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ജനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.