മക്കള്‍ താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

Share News

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം അിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്സിനുചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ഇത്രയും വര്‍ദ്ധിക്കാനുള്ള കാരണം ഇതാണെന്ന് കൂടി കോടതി പറഞ്ഞുവച്ചു. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ താത്പര്യമില്ലാത്ത കോഴ്സുകള്‍ അടിച്ചേല്പിക്കരുത്. കുട്ടികള്‍ക്ക് ലക്ഷ്യബോധവും സ്വപ്നങ്ങളുമുണ്ട്. രക്ഷിതാക്കള്‍ അവരുടെ വഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലകപ്പെടുകയാണ് കുട്ടികള്‍. അത് ദിശമാറിപ്പോകാന്‍ ഇടവരുത്തിയേക്കാം. മക്കള്‍ അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്.

വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്സിന്‍റെ ദൈര്‍ഘ്യം, കുടുംബത്തിന്‍റെ സാമ്പത്തികനില എന്നിവക്കനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവൂ. രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികള്‍ താത്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണമൃഗങ്ങളാക്കാന്‍ തുനിയരുത്. താത്പര്യമില്ലാത്ത കോഴ്സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്തുവാനാവാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ ചെയ്യേണ്ടിവരികയും ചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത്. അവര്‍ തെരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമാകൂ.

ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ ഗ്ഗികമായ താത്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജ്ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (അുശേൗറേല) എന്ന് വിളിക്കാം. അഭിരുചിയില്ലാത്ത മേഖല തെരഞ്ഞെടുത്താല്‍ ഇടക്ക് പഠനം ഉപേക്ഷിക്കേണ്ടിവരാം. മാനസികപ്രശ്നങ്ങള്‍, കുറ്റബോധം, വിവിധ അഡിക്ഷന്‍, ദേഷ്യം, പ്രേമം, നിരാശ, സംഘര്‍ഷം, അക്രമവാസന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലന്‍റ് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യവൈഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയസമീപനം അത്യാവശ്യമാണ്. കേരള ഹയര്‍ സെക്കണ്ടറി ഡിപാര്‍ട്ട്മെന്‍റിന്‍റെ കെ-ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) എല്‍ -ക്യാറ്റ് (ലീഡ് കരിയര്‍ അസസ്മെന്‍റ് ടെസ്റ്റ്) തുടങ്ങി വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകള്‍ ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മന:ശാസ്ത്ര ടെസ്റ്റുകള്‍ വെബ്സൈറ്റുകളിലും ലഭ്യമാണ്.

സാമാന്യബുദ്ധിയില്‍ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യ മായ ദിശയിലൂടെ നീങ്ങിയാല്‍, കുട്ടിക്ക് ലക്ഷ്യത്തിലെത്താനാകും. പരിചിതത്വവും സൂക്ഷ്മനിരീക്ഷണവും അഭിരുചി കണ്ടെത്താന്‍ സഹായിക്കും. വിദഗ്ദ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗത കോഴ്സുകളെ മറികടന്ന് കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള പുത്തന്‍ കോഴ്സുകളാണ് പഠിക്കേണ്ടത്. ഡിഗ്രി കോഴ്സുകള്‍ തെഞ്ഞെടുക്കുമ്പോള്‍ വിദേശപഠന സാധ്യതകളും മനസ്സിലാക്കണം. വിദേശ പഠനത്തിനുള്ള നടപടിക്രമം, ചെലവ് തുടങ്ങിയവ പരിഹരിക്കാന്‍ അതത് രാജ്യത്തെ എജ്യുക്കേഷണല്‍ പ്രൊവൈഡര്‍മാരുടെ സഹായം തേടാം.

തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ആധുനിക ജീവിതത്തിന്‍റെ വൈവിധ്യത്തിന് അനുസരിച്ച് കോഴ്സുകളും തൊഴിലുകളും അനവധിയാണ്. അവയില്‍ യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. വിജയകര മായി കോഴ്സ് പൂര്‍ത്തിയാക്കി, പഠിച്ചതിന് യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ പഠനം അര്‍ത്ഥവ ത്താകും. ഏതു കോഴ്സും പഠിക്കേണ്ടവിധം പഠിച്ചാല്‍ സാധ്യതകളുണ്ട്. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്. പക്ഷെ അന്തിമ തീരുമാനം കുട്ടിയുടേത് തന്നെയാകണം.

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,
ട്രെയ്നര്‍ & മെന്‍റര്‍, 9847034600

Share News