
…സഹജീവികളോടുള്ള നമ്മുടെ സ്നേഹവും ശ്രദ്ധയും കരുതലും ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി നമുക്ക് ഈ ദിനാചരണത്തെ മാറ്റം.
എടാ നാളെ നേരം വെളുക്കുമ്പോൾ നിങ്ങൾ എന്നെ കാണില്ല…
ഇനി ഞാൻ ജീവിച്ചിരിക്കില്ല..
അവൾ എന്നെ ചതിചെടാ…
ഫോണിൻറെ മറുതലയ്ക്കൽ പഴയൊരു സഹപാഠിയാണ്. ലോകം കൊറോണ ഭീതി യിലേക്ക് വഴുതിവീണ മാർച്ച് മാസത്തെ ഒരു സായാഹ്നത്തിലാണ് ഓർക്കാപ്പുറത്തു സുഹൃത്തിൻറെ ഈ ഫോൺ സന്ദേശം ലഭിച്ചത്. വർഷങ്ങളുടെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ.ഏതാണ്ട് എട്ട് വർഷം ഹൃദയത്തിലേറ്റിയ പ്രണയം തകർന്നതിന്റെ സകല നൈരാശ്യവും അവൻറെ വാക്കുകളിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. പിന്നീടങ്ങോട്ട് സുദീർഘമായ ഇടപെടലുകൾ വേണ്ടിവന്നു അവനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ.
പ്രണയനൈരാശ്യം,സാമ്പത്തിക പ്രതിസന്ധി, മാറാരോഗം, ജോലിയുടെ സമ്മർദ്ദം, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങി അനവധി കാരണങ്ങളാൽ ഇന്ന് ആത്മഹത്യകൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ഒരു വർഷം എട്ട് ലക്ഷത്തിൽപരം ആളുകൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.
ഓരോ നാൽപ്പത് സെക്കന്റിലും ഒരാളെ ങ്കിലും ഇൗ വിധത്തിൽ മരണം വരിക്കുന്നു എന്ന വസ്തുത അല്പം ഞെട്ടലോടെ മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ.
ഇൗ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള ആളുകളിൽ ആത്മഹത്യയെക്കുറിച്ചും ആത്മഹത്യ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (IASP)നും സംയുക്തമായി 2003 മുതൽ സെപ്റ്റംബർ മാസം പത്താം തീയതി അന്തർദേശീയ ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നു.
ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട വിദഗ്ധ ചികിത്സയും മാനസിക പരിഗണനയും നൽകുക എന്നത് നമൊരോരുത്തരുടെയും കടമയാണ്.
പുരുഷന്മാരേക്കാൾ സ്ത്രീകൾ ആത്മഹത്യാ ചിന്തകൾക്ക് കൂടുതൽ ഇരയാകുന്നുണ്ടെങ്കിലും ആത്മഹത്യാനിരക്ക് പുരുഷന്മാരിൽ കൂടുതലാണ്. ഓരോ സ്ത്രീക്കും ശരാശരി മൂന്ന് പുരുഷ ആത്മഹത്യകൾ സംഭവിക്കുന്നു എന്നാണ് WHO യുടെ കണക്ക്.
ആത്മഹത്യയെ പ്രതിരോധിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം എന്ന ആപ്തവാക്യവുമായി വീണ്ടും ഒരു സെപ്റ്റംബർ 10 വന്നണയുമ്പോൾ ആണ്ടുവട്ടത്തിൽ നടക്കുന്ന ഒട്ടനവധി ദിനാചരണങ്ങളിൽ ഒന്ന് മാത്രമായി പരിമിതപ്പെടുത്താതെ സഹജീവികളോടുള്ള നമ്മുടെ സ്നേഹവും ശ്രദ്ധയും കരുതലും ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി നമുക്ക് ഈദിനാചരണത്തെ മാറ്റം.

സെമിച്ചൻ ജോസഫ്
അസിസ്റ്റൻറ് പ്രഫസർ,
സ്കൂൾ ഓഫ് സോഷ്യൽ വർക്ക്
ഭാരത മാത കോളേജ് തൃക്കാക്കര