
ഗ്രന്ഥശാലകൾ അറിവിനെയും നവോത്ഥാനത്തിന്റയും മൺചിരാതുകൾ
“സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരാൻ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങൾ മാറ്റണം .അതിന് ഗ്രാമങ്ങൾതോറും വായനശാലകൾ നടത്തണം. “
1936 കെപിസിസി സെക്രട്ടറി ആയിരുന്ന ഇ.എം.എസിന്റെ ആഹ്വാനം ആണിത് . ഇത് ഗ്രന്ഥശാല സംഘങ്ങൾക്ക് ആർജ്ജവം വീണ്ടെടുക്കാനുള്ള ആഹ്വാനമായിരുന്നു.
1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴയിൽ പി. എൻ .പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ തുടക്കം .
47 ഗ്രന്ഥശാലകൾ പങ്കെടുത്ത ആ സമ്മേളനത്തിന്റെ ഓർമ്മയാണ് സെപ്റ്റംബർ 14 ലെ ഗ്രന്ഥശാല ദിനം .
പട്ടിണിയിലും, അടിമത്വത്തിലും ആകാൻ സാഹചര്യമൊരുക്കിയ വരോട് ,നിവർന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാണ് പുസ്തകങ്ങൾ എന്ന് കാലം കരുതിവെച്ച സത്യം. മാത്രമല്ല കേരള നവോത്ഥാനത്തിൻറെ വീഥിയിലെ വിളക്കും, അക്ഷരങ്ങളും ആയിരുന്നു ഗ്രന്ഥശാലകൾ.
കേരള നവോത്ഥാനം ലോക നവോത്ഥാനത്തിൻറെ ഭാഗമാണ്. പതിനാലാം നൂറ്റാണ്ടിലാണ് നവോത്ഥാന പ്രക്രിയയുടെ തുടക്കം. ഇറ്റലിയിലെ ഫ്ലോറൻസിൽ ആണ് തുടക്കം. ഫ്ലോറൻസ് അന്നൊരു സ്വതന്ത്ര റിപ്പബ്ലിക് ആയിരുന്നു . അവിടെ രൂപം കൊണ്ട ഒരു പുതിയ വിദ്യാഭ്യാസ പരിപാടിയോടെ ആണ് നവോത്ഥാന പ്രക്രിയ ആരംഭിക്കുന്നത്.
സംസ്കാരിക പ്രസ്ഥാനമായി ആരംഭിച്ച ഈ നവോത്ഥാനത്തിന്, ആ
വഴി തെളിച്ചത് പ്രധാനമായും 4 കണ്ടുപിടിത്തങ്ങളാണ്.
വടക്കുനോക്കിയന്ത്രം / വെടിമരുന്ന് / അച്ചടിയന്ത്രം /കടലാസ് . വടക്കുനോക്കിയന്ത്രം, പുതിയ ഭൂപ്രദേശങ്ങൾകണ്ടു പിടിക്കുവാനുള്ള സാഹസിക യാത്രകളെ സഹായിച്ചു.
വെടിമരുന്ന് നാട്ടുരാജാക്കന്മാരുടെ സൈനികശക്തി കൂട്ടി. അച്ചടിയന്ത്രവും കടലാസും സംസ്കാരിക നവോത്ഥാനത്തിന് കാരണമായി. പണ്ഡിതന്മാരുടെ കൃതികൾക്ക് വളരെവേഗം പ്രചാരണം സിദ്ധിക്കുവാൻ ഇത് ഇടയാക്കി.
എന്നാൽ കേരളത്തിൽ നടന്നു വന്നിട്ടുള്ള നവോത്ഥാന പഠനങ്ങളിൽ, എന്തുകൊണ്ടാണ് ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്താതെ പോയത് എന്നത് കാലം തരേണ്ട ഉത്തരം.
1829 ൽ തിരുവനന്തപുരത്ത് സ്വാതിതിരുനാൾ ഗ്രന്ഥശാല തുടങ്ങി. 1870 ൽ തൃശ്ശൂരിൽ ലൈബ്രറി വന്നു. എറണാകുളം കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും, ഭേദപ്പെട്ട ഗ്രന്ഥശാലകൾ വന്നു. പ്രസ്ഥാനം എന്ന നിലയിൽ അനൗപചാരിക വിദ്യാഭ്യാസത്തിൻറെ കളരി എന്ന നിലയിൽ ഗ്രന്ഥശാലകൾ വളർന്നു വന്നു എന്നത് , ഗ്രന്ഥശാല പ്രസ്ഥാന ചരിത്രത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നു.
തൃശ്ശൂർകേന്ദ്രമാക്കി 1931 ൽ സമസ്ത കേരള പുസ്തകാലയ സമിതി രൂപംകൊണ്ടു . കേരള അടിസ്ഥാനത്തിൽ ഗ്രന്ഥശാല പ്രസ്ഥാനം എന്ന ആശയം 1931 ലെ സമ്മേളനത്തിൽ അവതരിപ്പിച്ചത് എം. കെ. രാജൻ ആണ് .
കൊച്ചി സംസ്ഥാനത്ത് ഗ്രന്ഥശാല വകുപ്പ് തുടങ്ങിയത് ഡോക്ടർ എ ആർ മേനോൻ ആണ് , അന്നത്തെ ഗ്രാമോദ്ധാരണ മന്ത്രി .
1937 ഏപ്രിൽ 20 ന് കെ.ദാമോദരൻ, കെ. കേളപ്പൻ , തുടങ്ങിയവരുടെ നേതൃത്വത്തിൽ മലബാർ വായനശാല സംഘവും പിന്നീട്, 1943 കേരള ഗ്രന്ഥശാലാ സംഘവും രൂപീകരിച്ചെങ്കിലും ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിംഗിന്റെ ആദ്യരൂപം ആകാനുള്ള ഭാഗ്യമുണ്ടായത് ,തിരുവതാംകൂർ ഗ്രന്ഥശാല സംഘത്തിനാണ് എന്നത് ചരിത്രത്തിന്റ യാദൃശ്ചികത .
പുസ്തകങ്ങൾ , അക്ഷരങ്ങൾ, അറിവ്, എന്നും മനുഷ്യ ജീവിതത്തിൻറെ വിമോചനത്തിന്റ മാറ്റത്തിന്റ , ആയുധമാണ്. അതുകൊണ്ടാണ് മഹാനായ അയ്യങ്കാളി എന്റെ സമുദായത്തിൽനിന്ന് 10 B .A .ക്കാരെങ്കിലും ഉണ്ടാകണം എന്ന സ്വപ്നം മഹാത്മ ഗാന്ധിയോട് പങ്കുവെച്ചത്. ശ്രീനാരായണഗുരു തന്റെ സമൂഹത്തിന് നൽകിയ സന്ദേശം , “സംഘടിച്ച് ശക്തരാകുവിൻ, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ” എന്നതാണ്. പുസ്തകങ്ങളെ ആയുധമാക്കി ഗ്രന്ഥശാലകളിലെ അക്ഷരവെളിച്ചം മനുഷ്യജീവിതത്തിൽ കാതലും കരുത്തുമായി പ്രയാണം തുടരുന്നു.

- ലൂയിസ് തണ്ണിക്കോട്ട് .