
ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ തായ്യാറായിരിക്കണം.
സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണെന്നാണ് ഈ ദിവസങ്ങളിലെ കണക്കുകൾ ബോധ്യപ്പെടുത്തുന്നത്.
അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പുതിയ സാഹചര്യവും വെല്ലുവിളികളും നേരിടുന്നതിൽ തദ്ദേഭരണ സ്ഥാപനങ്ങൾക്ക് നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്.
നമ്മുടെ പ്രവർത്തനങ്ങൾക്ക് സാങ്കേതികത്വത്തിന്റെ നൂലാമാലകൾ തടസ്സമാകരുത്. ഈ ലക്ഷ്യത്തോടെ നയപരമായ ചില തീരുമാനങ്ങൾ സർക്കാർ കൈകൊണ്ടിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്ററുകൾ സ്ഥാപിക്കൽ, കമ്യൂണിറ്റി കിച്ചൻ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ഡിപിസിയുടെ മുന്‍കൂർ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാവുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏര്‍പ്പെടുത്തും. ഡിപിസികൾ ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതിയാകും.ഇത്തരത്തിൽ പ്രോജക്ടുകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന തുകയിൽ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദനീയമായ പ്രോജക്ടുകള്‍ക്കുള്ള തുക ജില്ലാ കലക്ടറില്‍നിന്നും റീ ഇമ്പേഴ്സ്മെന്‍റായി അനുവദിക്കും.
തദ്ദേശഭരണ സെക്രട്ടറിമാർ ബന്ധപ്പെട്ട രേഖകൾ സമര്‍പ്പിക്കണം. ബാക്കിയുള്ള തുക പ്ലാന്‍ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കുന്നതാണ്.ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ അധിക തുക ലഭ്യമാക്കുന്നതിന് നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക തുക ലഭ്യമാക്കുന്നതാണ്.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ മാതൃകാപരവും സ്തുത്യർഹവുമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ഒത്തൊരുമയോടെ പരമാവധി ജനകീയ പങ്കാളിത്തത്തോടെ ഈ മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.

മന്ത്രി എ സി മൊയ്‌ദീൻ