മധ്യപ്രദേശിലെ മലയാള ഗ്രാമം.

Share News

സുൽത്താൻപുരിലെ മലയാളഗ്രാമം

ഒരു യാത്രാ മധ്യേ എനിക്ക് കിട്ടിയ അറിവ്. അതിനെ പറ്റി കൂടുതൽ അറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശ്ചര്യം ജനിപ്പിക്കുന്നത് ആയിരുന്നു.

മധ്യപ്രദേശിലെ മലയാള ഗ്രാമം.

1955ഇൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തിരു -കൊച്ചിയുടെ മന്ത്രി പട്ടം താണുപിള്ളയും തമ്മിലുള്ള ധാരണയിൽ മധ്യപ്രദേശിലേക്ക് കുടിയേറിയവർ.

പാവപ്പെട്ട ജനങ്ങളുടെ അതിജീവനത്തിനായുള്ള കൈത്താങ്ങ് എന്ന നിലയിലാണ്‌ അന്നത്തെ സർക്കാർ ഈ സൗകര്യം ഒരുക്കുന്നത്.മണ്ണിനോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ട് പോയ കുടിയേറ്റ ജനവിഭാഗത്തിന്റെ അത്യപൂർവ്വമായ ജീവിത ഗാഥ.

മധ്യപ്രദേശിലെ കാലാവസ്ഥയോട് പൊരുതിയും സമരസപ്പെട്ടും കൃഷി ചെയ്തും ഈ ജനവിഭാഗം അവരുടെ ഉപജീവനം സാധ്യമാക്കി. ഈത്കടിയും ഇമിലിയയും മജൂസും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ അവർക്ക് ജീവിതത്തിന്റെ വാതായനമായി. മറ്റൊരർത്ഥത്തിൽ ഇവയെല്ലാം മധ്യപ്രദേശിലെ മലയാളഗ്രാമങ്ങളായി മാറി.

തോമസും ലില്ലിയും ബേബിയും ആദർശ് നായരും ഉൾപ്പെടെയുള്ളവർ ഈ ദേശത്തിന്റെ ഭാഗമായി മാറുകയാണുണ്ടായത്. അതിജീവനത്തിന്റെ സമാനതകളില്ലാത്ത ചരിത്രം പങ്ക് വയ്ക്കുപ്പോഴും ഒരു നൈരാശ്യത്തിന്റെ കഥയും ഇവർക്ക് പറയുവാനുണ്ട്.

പത്തു വർഷത്തെ പാട്ടത്തിന് കിട്ടിയ ഭൂമി ഇന്നും ഇവർക്ക് സ്വന്തമല്ല. പിന്നീട് സ്വന്തമായി മാറും എന്ന സർക്കാരിന്റെ ഉറപ്പിലാണ്‌ അവർ ഇവിടേക്ക് പ്രയാണം ചെയ്തതെങ്കിലും,ആ വാഗ്ദാനം ഇന്നും ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുന്നു.

ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിന് പരിചയമില്ലാത്ത മറ്റൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടിട്ടും മുന്നിലുണ്ടായ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി കേരള സംസ്കാരത്തെയും ഭാഷയെയും നെഞ്ചോട് ചേർക്കാൻ ഇവരാരും മറന്നില്ല.

അവിടുത്തെ ആ ഗ്രാമവിശുദ്ധി ഇന്നും മലയാള തനിമയോടെ നിൽക്കുന്നു. ഇവരുടെ സ്വപ്നങ്ങൾ സഫലമാകട്ടെ. ആശംസകളോടെ.

പാർവതി പി ചന്ദ്രൻ

Share News