മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏർപ്പെടുത്തും: സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോലിസ് ഉന്നതതല യോഗം തീരുമാനിച്ചു.

നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്ബ്രദായം ഉപയോഗിച്ച്‌ വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത. കൊല്ലം റൂറലിലെ മാതൃകയില്‍ മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്കും രൂപം നല്‍കി. കൊല്ലം സിറ്റിയില്‍ നിലവിലുളള ക്ലോസ്ഡ് ഗ്രൂപ്പ് സംവിധാനം അടുത്ത രണ്ട് ദിവസത്തിനുളളില്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കും.
സാമൂഹിക അകലം പാലിക്കല്‍ സംസ്ഥാനത്ത് എമ്ബാടും കൃത്യമായി പാലിക്കുന്നുവെന്ന് പോലിസ് ഉറപ്പാക്കും. തിരുവനന്തപുരം സിറ്റി, റൂറല്‍, ആലപ്പുഴ, മലപ്പുറം ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ഇതിന് മുന്തിയ പരിഗണന നല്‍കും.

ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎസ്പിമാരുടെ സേവനം പരമാവധി വിനിയോഗിക്കും. ക്വാറന്‍റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി നേരിട്ടുളള പരിശോധന തുടരും. സ്റ്റുഡന്‍റ് പോലിസ് സംവിധാനം നിലവിലുളള സ്കൂളുകളില്‍ യൂണിഫോം ധരിക്കാന്‍ അനുവാദമുളള റിസോഴ്സ് പേഴ്സന്‍സ് ആയ അധ്യാപകരെ ഇതിനായി വിനിയോഗിക്കാം. ഇക്കാര്യത്തില്‍ അവരെ സ്പെഷ്യല്‍ പോലിസ് ഓഫീസര്‍മാരായി കണക്കാക്കാം. ബൈക്ക് പട്രോള്‍ സംഘങ്ങളുടെ സേവനവും നിരീക്ഷണത്തിനായി വിനിയോഗിക്കും.

പൊതുജനങ്ങളുടെ സഹകരണത്തോടെയുളള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പോലിസിനെ വിനിയോഗിക്കും. ഈ സംവിധാനത്തിലൂടെ സാമൂഹിക അകലം പാലിക്കല്‍, മറ്റ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി വീട്ടമ്മമാര്‍, ചെറുപ്പക്കാര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. പൊതുജനങ്ങളുടെ സഹകരണത്തോടെ പരിസര നിരീക്ഷണം ശക്തിപ്പെടുത്താനുളള നൈബര്‍ഹുഡ് വാച്ച്‌ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കും.

കോണ്‍ടാക്റ്റ് ട്രേസിംഗ് കൃത്യമായി നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായവും സഹകരണവും പോലിസ് നല്‍കും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നപക്ഷം അക്കാര്യം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്‍റ് നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ ഐജിമാരുടെയും ഡിഐജിമാരുടെയും ജില്ലാ പോലിസ് മേധാവിമാരുടെയും നേരിട്ടുളള ഇടപെടല്‍ നിര്‍ണായകമാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Share News