
മത്തായിയുടെ കസ്റ്റഡി മരണം സിബിഐക്ക്: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സംസ്കാരത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് കോടതി മത്തായിയുടെ ഭാര്യയോടു നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ മാസം 28നാണ് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.