
ഔഷധ മൂല്യമേറിയ പാഷൻ ഫ്രൂട്ട്; തലശ്ശേരി സ്വദേശി ബാബു പാറാൽ തൻ്റെ വീട്ടിൽ പന്തലു കണക്കെ വളർത്തിയ വള്ളികളിൽ നിന്നും ഇത്തവണ ലഭിച്ചത് ആയിരത്തിലധികം കായ്ഫലമാണ്
വീട്ടുമുറ്റം ഉൾപ്പെടെ പറമ്പ് നിറയെ പച്ചപ്പാണ്… മുകളിൽ തിങ്ങി നിറഞ്ഞ വള്ളികളിൽ പച്ച തൊങ്ങലുകണക്കെ പാഷൻ ഫ്രൂട്ടു കായ്കൾ നിരനിരയായി തൂങ്ങിയാടുകയാണ്…
സാമൂഹിക പ്രവർത്തകനായ ബാബു പാറാൽ 3 വർഷം മുൻപാണ് പറമ്പിൽ തൈ നട്ടത്. അശരണർക്ക് കൈത്താങ്ങാക്കുന്ന ഇദ്ദേഹത്തിൻ്റെ മനസ്സുപോലെ തന്നെ സമ്പന്നമായിരുന്നു ഓരോ വർഷത്തെയും വിളവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൂന്നു തവണയാണ് വിളവെടുത്തത്. മൂന്നാമതും 1000ത്തിലധികം ഫലം ലഭിച്ചു.

ഔഷധ ഗുണ മൂല്യമേറെയുള്ള ഫലം ആവശ്യക്കാർക്ക് നൽകും . നിപ്പ പനി ക്കാലത്ത് പ്രതിരോധശേഷിക്കായി പാഷൻ ഫ്രൂട്ടിനെ അന്വോഷിച്ചവരും കുറവല്ല. ഫലത്തിൻ്റെ തൈ ആവശ്യപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ബാബു പാറാലിനു കച്ചവട ലക്ഷ്യമല്ല വിതരണത്തിനെന്നതും ശ്രദ്ധേയം.

പാഷൻ ഫ്രൂട്ടിന് പരിപാലനവും അത്യാവശ്യമാണെന്ന് ഇദ്ദേഹം പറയുന്നു. ചാണകപ്പൊടിയും, ഗോമൂത്രവും വെള്ളവുമായി മിക്സ് ചെയ്ത കൂട്ടാണ് വളമായി ഉപയോഗിക്കുന്നത്. 2 ദിവസം കൂടുമ്പോൾ ഈ വള പ്രയോഗം നടത്തും. വെയിലും വളർച്ചയ്ക്ക് അത്യാവശ്യമാണ്.

സ്നേഹ കൂടെന്ന വീട്ടിലെ കുടുംബാംഗങ്ങൾ ഉൾപ്പെടെ വലിയ പിന്തുണയാണ് ബാബു പാറാലിനു ലഭിക്കുന്നത്.
ഇനി പാഷൻ ഫ്രൂട്ടിനെയറിയാം:
രോഗ പ്രതിരോധ ശേഷി,വിറ്റാമിൻ സി, രക്തത്തിൽ ഹീമോഗ്ലോബിൻ ഉൽപ്പാദനം, തൈറോയിഡ് ഗ്രന്ഥിയുടെ ഉദ്ദീപനം തുടങ്ങി ശരീരത്തിനു ആവശ്യമേറിയ ഔഷധ സസ്യമാണ് പാഷൻ ഫ്രൂട്ട് . തെക്കെ അമേരിക്കയിൽ നിന്നാണ് വരവ് എങ്കിലും, പിന്നീട് ഇന്ത്യയുടെ മണ്ണിലും വിളഞ്ഞു. വള്ളി നാരങ്ങ ,മുസോളിക്കായ്, സർബത്ത് നാരങ്ങ എന്നിങ്ങനെ നാടൻ പേരുകളിലും അറിയപ്പെടുന്നു.