നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കില്ല: സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Share News

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബര്‍ മാസം 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്.

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Share News