സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം

Share News

തിരുവനന്തപുരം:കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകള്‍ എട്ടുമുതല്‍ 14 വരെ പുനഃസംപ്രേഷണം ചെയ്യാനാണ് തീരുമാനം.

വിക്ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുക. ട്രയലിനിടെ അപാകതകള്‍ പരിഹരിക്കും. എല്ലാ കുട്ടികള്‍ക്കും ക്ലാസ്സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് വീടിന് സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. സൗകര്യങ്ങള്‍ ഉറപ്പാക്കാതെ, സര്‍ക്കാര്‍ ധൃതിപിടിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു