വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഉത്തരവ്, രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്
കണ്ണൂര്‍: രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്.
ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
എന്നാല്‍, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു. ഓഗസ്റ്റ് 24-ലെ ഉത്തരവ് അനുസരിച്ച് രേഖകള്‍ പുതുക്കുന്നതിന് ഡിസംബര്‍ 30 വരെ സമയം നല്‍കുന്നുണ്ട്.
ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകള്‍, ടാക്‌സികള്‍ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇത്തരം വാഹന ഉടമകള്‍ ചെറുതല്ലാത്ത ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.