
ഒരു സിനിമാക്കഥ
രണ്ടുദിവസം മുമ്പാണ് (ആഗസ്റ്റ് 26) ഇറ്റലിയിലെ തിയറ്ററുകളിൽ ക്രിസ്റ്റഫർ നോളന്റെ Tenet റിലീസായത്. അന്ന് തന്നെ രാത്രി 8 മണിക്കത്തെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. റോമിലെ റിപ്പബ്ലിക് സ്ക്വയറിലെ The Space എന്ന സിനി കോംപ്ലക്സിലാണ് പോയത്. കൂടെ അരിസ്റ്റോ അച്ചനുമുണ്ടായിരുന്നു. നോളൻ സിനിമകൾ അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ലാത്ത അച്ചനാണ് അരിസ്റ്റോ. ഞാൻ നോളന്റെ സിനിമകളെക്കുറിച്ച് വാചാലനായി. അദ്ദേഹത്തിന്റെ Following മുതൽ Batman Triology യിലൂടെ Dunkirk വരെയുള്ള സിനിമകളുടെ പ്രത്യേകതകളെ കുറിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ അച്ചനെ ഉദ്ബോധിപ്പിച്ചു. എട്ടുമണിക്ക് തുടങ്ങേണ്ട സിനിമ എട്ടരയ്ക്ക് തുടങ്ങി. അരമണിക്കൂറോളം പരസ്യങ്ങളും ട്രെയിലറുകളും. അപ്പോൾ ഒരു കാര്യം മനസ്സിലായി; പരസ്യങ്ങളുടെ ആധിക്യം നമ്മുടെ ലുലുമാളിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്. അത് പോട്ടെ. സിനിമ തുടങ്ങി ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷയുടെ തേരിലേറ്റി കൊണ്ടുവന്ന അരിസ്റ്റോ അച്ചൻ ഞെരി പിരി കൊള്ളാൻ തുടങ്ങി. പിന്നെ ഉണ്ടായിരുന്നത് ഏകദേശം രണ്ടുമണിക്കൂറോളം “എപ്പോ തീരുമിത് ?” എന്ന ചോദ്യവും “ദാ ഇപ്പോ തീരും” എന്ന ഉത്തരവുമായിരുന്നു.

രേഖീയമായ ഒരു ഇതിവൃത്തം പ്രതീക്ഷിച്ചു നോളൻ സിനിമകൾ കാണാൻ ആരും പോകരുത്. Tenet അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും സങ്കീർണമായ ഒന്നാണ്. വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ Memento എന്ന സിനിമ കണ്ടപ്പോൾ തോന്നിയ ഒരു കാര്യമുണ്ട് സമയം എന്ന സങ്കല്പത്തിൽ ഇയാൾക്ക് ആരോ കൂടോത്രം കൊടുത്തിട്ടുണ്ട്. Inception ൽ അദ്ദേഹം സമയ സങ്കൽപ്പത്തിന്റെ സ്വപ്നാത്മകമായ തലത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുമ്പോൾ Tenet ൽ സമയ സങ്കൽപത്തിന്റെ മാന്ത്രികത മുഴുവൻ ആവഹിച്ചിരിക്കുകയാണ്.
Sator Square എന്ന അഞ്ചു വാക്കുകൾ ഉള്ള ലത്തീൻ Palindrome നെ കുറിച്ച് (അനുലോമവിലോമ പദം) ഏകദേശ ധാരണയുണ്ടെങ്കിൽ Tenet ആസ്വദിക്കാൻ പറ്റുമെന്നു തോന്നുന്നു. മുമ്പോട്ടും പുറകോട്ടും ഒരു പോലെ വായിക്കാവുന്ന പദത്തിനെയോ വാക്യത്തിനെയോ ആണ് Palindrome എന്ന് വിളിക്കുന്നത്. ഉദാഹരണം Malayalam, Madam, കനക …അഞ്ചു വാക്കുകളുള്ള Sator Square ശ്രദ്ധിക്കുക.
SATOR ROTAS
AREPO OPERA
TENET TENET
OPERA AREPO
ROTAS. SATOR
SATOR AREPO TENET OPERA ROTAS
ഇത് എങ്ങനെയൊക്കെ വായിക്കാൻ പറ്റുമോ അതേ തലത്തിലാണ് സിനിമയിലെ സമയ സങ്കല്പം. സമയത്തെയും യാഥാർത്ഥ്യത്തെയും നോളൻ കീഴ്മേൽ മറിക്കുന്നു. പ്രമേയം, ഇതിവൃത്തം, സംഭവങ്ങൾ, പശ്ചാത്തലം, സാമൂഹിക പരിതോവസ്ഥകൾ, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകൾ അങ്ങനെ എല്ലാം തന്നെ Sator Square Palindrome പോലെയാണ്. സിനിമയിലെ ഒരു കഥാപാത്രം നായകകഥാപാത്രമായ John David Washington നോട് പറയുന്നുണ്ട്; “Don’t try to understand it – feel it”. അതെ Tenet ഒരു ദൃശ്യ-ശ്രവണ അനുഭവമാണ്.
007 എന്ന കഥാപാത്രത്തിലൂടെ ഇയാൻ ഫ്ലെമിംഗ് ഉണ്ടാക്കിയ ഒരു ആഗോള ചാര ശൃംഖലയുടെ ത്രില്ലിംങ്ങും നിർവചനങ്ങൾ സംഭാഷണങ്ങളായി മാറുന്ന Matrix പോലെയുള്ള സിനിമകളുടെ ശൈലിയുമെല്ലാം കൂടി പിണഞ്ഞു കിടക്കുന്ന ഒരു ലബറിന്ത് തന്നെയാണ് Tenet. നോളന്റെ മറ്റ് സിനിമകൾ കണ്ടിട്ടില്ലാത്തവർ ശരിക്കും കുഴഞ്ഞു പോകും.
ചുരുക്കിപ്പറഞ്ഞാൽ Tenet ഒരു പസ്സിൽ ആണ്. സിനിമയിലെ നായകനും പ്രേക്ഷകരും കൂടി ഒന്നിച്ചു സോൾവ് ചെയ്യേണ്ട പസ്സിൽ. ഭൂതം വർത്തമാനം ഭാവി എന്നീ സമയ സങ്കല്പത്തിനുള്ളിൽ ചിതറിക്കിടക്കുന്ന കഥയുടെ അല്ലെങ്കിൽ സംഭവങ്ങളുടെ ശകലങ്ങളെ നായകനോടൊപ്പം പ്രേക്ഷകരും കൂട്ടിച്ചേർക്കണം. കാലത്തിന്റെ കീഴ്മേൽ മറിക്കലാണ് നോളൻ കാഴ്ചവയ്ക്കുന്നത്. ഒരു പിടിവള്ളി പോലുമില്ലാതെ നമ്മൾ വർത്തമാനകാലത്തിൽ മുങ്ങി കിടക്കുകയാണ്, ആ വർത്തമാനകാലത്തെ അപഗ്രഥിച്ച് നമ്മിൽ നിന്നും നഷ്ടപ്പെട്ടു പോയ മാന്ത്രികമായ സാധാരണതയെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമാണ് ക്രിസ്റ്റഫർ നോളന്റെ Tenet.
ഇത് ഈയുള്ളവന്റെ സിനിമയുടെ കാഴ്ചപ്പാടാണ്. സിനിമ കാണാൻ കൂടെ വന്ന അരിസ്റ്റോ അച്ചൻ പറഞ്ഞത് മറ്റൊന്നാണ്; ” സിനിമയ്ക്ക് പോകുമ്പോ ഒറ്റയ്ക്ക് പൊയ്ക്കോണം. എന്നെ വിളിക്കരുത്”

.///മാർട്ടിൻ N ആന്റണി///