മൗണ്ടന്‍ ലാന്‍റ്സ്കേപ്പ് പദ്ധതി അവലോകനം നടത്തി

Share News

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണവും പ്രാദേശിക ജനതയുടെ ഉപജീവനമാര്‍ഗ വികസനവും ലക്ഷ്യമാക്കി യു.എന്‍.ഡി.പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മൗണ്ടന്‍ ലാന്‍റ്സ്കേപ്പ് പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

മൂന്നാര്‍ മേഖലയില്‍ അഞ്ചുനാടിനും സമീപ ഭൂവ്യവസ്ഥയ്ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. 2014 ല്‍ പദ്ധതി ആരംഭിച്ചെങ്കിലും വേണ്ടത്ര വേഗയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. 2015 ല്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ ആശങ്കകള്‍ കാരണം പദ്ധതി നിര്‍ത്തിവച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ല്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ച് വിവിധ മേഖലയിലുള്ളവരുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് പദ്ധതിയ്ക്ക് വീണ്ടും പുതുജീവന്‍ വെക്കുന്നത്.

സംസ്ഥാനതല പദ്ധതി രേഖ അടിയന്തിരമായി തയ്യാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പത്തു ദിവസത്തിനുള്ളില്‍ അയക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യു.എന്‍.ഡി.പി. കേന്ദ്ര സര്‍ക്കാര്‍ മുഖേന നല്‍കുന്ന 35 കോടി രൂപ ഗ്രാന്‍റ് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. വനം വകുപ്പും ഹരിതകേരള മിഷനും ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊള്ളണം. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ചീഫ്സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Share News