റബ്ബർ ആക്ട്: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം: അഡ്വ. ടോമി കല്ലാനി

Share News

റബ്ബർ ആക്ടുമായി ബന്ധപെട്ട് റബ്ബർ ബോർഡ്‌ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. കൃത്രിമ റബ്ബർ ഉത്പാദന മേഖലയെ വളർത്തുന്നതിനുള്ള ശുപാർശ ആയി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്‍റെ നിർവചനത്തിൽ പ്രകൃതി ദത്ത റബ്ബറിന് പുറമെ കൃത്രിമ റബ്ബർ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ശുപാർശ സ്വാഭാവികറബ്ബർ ഉത്പാദക മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കൂ. ശുപാർശകൾ സമർപ്പിക്കും മുൻപ് റബ്ബർ ബോർഡ്‌, റബ്ബർ കൃഷിക്കാരുടെ സംഘടനകൾ, ഉത്പാദക സംഘങ്ങൾ, ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകൾ ഇവരുമായെല്ലാം ചർച്ചകൾ നടത്തി അഭിപ്രായരൂപീകരണം നടത്തേണ്ടയിരുന്നു.

സിന്തറ്റിക് റബ്ബർ, റീക്ലെയിംഡ് റബ്ബർ എന്നിവകൂടി റബ്ബറിന്റ നിർവചനത്തിൽ ഉൾപെട്ടാൽ സ്വാഭാവികം റബ്ബർ കൃഷിക്കാർ തകർന്നുപോകും. റബ്ബർ ബോർഡിന് കേന്ദ്ര ബഡ്ജറ്റ് പ്രകാരം ലഭിക്കുന്ന 160 കോടി രൂപ മറ്റു മേഖലകളിലേക്ക് വഴി മാറ്റി ചിലവഴിച്ചാൽ 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബ്ബർ കൃഷിക്കാർക്ക് ലഭിച്ചുവരുന്ന സഹായം നഷ്ടപ്പെടും.

റബ്ബർ ബോർഡ്‌ രൂപീകരിച്ചത് റബ്ബർ കൃഷിക്കാരെ സഹായിക്കാനാണ്. റബ്ബർ ആക്ടിന്റെ അടിസ്ഥാനത്തിലാണ് റബ്ബർ ബോർഡിന്റെ രൂപീകരണം. റബ്ബർ വ്യവസായ മേഖലയെ കൃഷിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യം നിലവിലില്ല. സ്വാഭാവിക റബ്ബർ ഉത്പാദനം കൂടിയിട്ടും റബ്ബർ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ താല്പര്യം കൃഷിക്കാരെ സഹായിക്കാനല്ല വ്യവസായികളെ സംരക്ഷിക്കാൻ മാത്രമാണെന്ന് ടോമി കല്ലാനി ചൂണ്ടിക്കാട്ടി. റബ്ബർ കൃഷിക്കാരെ തകർക്കുന്ന എല്ലാം നീക്കങ്ങളെയും ചെറുക്കാൻ റബ്ബർ കർഷക കൂട്ടായ്മാക്കു നേതൃത്യം കൊടുക്കുമെന്ന് അഡ്വ ടോമി കല്ലാനി പറഞ്ഞു.

Share News