തോമാശ്ലീഹാ കേരളത്തിൽ എത്തിയ ആദ്യ നൂറ്റാണ്ട് മുതൽ ഉള്ള പാരമ്പര്യം അരുവിത്തുറയിലെ സുറിയാനി ക്രൈസ്തവ സമൂഹത്തിന് ഉള്ളതാണ്.

Share News

അരുവിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ്, ജോർജിയൻ കോളേജ്, അൽഫോൻസാ പബ്ലിക്ക് സ്‌കൂൾ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോർജ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് നഴ്സറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അരുവിത്തുറ ഇടവകയിൽ നിന്ന് പിരിഞ്ഞാണ് പൂഞ്ഞാർ, ഭരണങ്ങാനം, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും ഇടവകകളും ഉണ്ടായിട്ടുള്ളത് എന്നാണ് കേട്ടിരിക്കുന്നത്.

അരുവിത്തുറ പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ നിർമ്മിച്ച് പൊതുവായി ഉപയോഗിക്കാൻ വിട്ടു കൊടുത്തിരുന്ന സ്റ്റേഡിയം അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ കുറെ കാലങ്ങളായി ഉണ്ട്. അരുവിത്തുറ കോളേജിന് മുൻപിലായി ഈ അടുത്ത് ആദിത്യ ബിർള ഗ്രൂപ്പ് തുടങ്ങിയ മോർ സൂപ്പർമാർക്കറ്റ് ബഹിഷ്‌കരിച്ചു ‘നമ്മുടെ സഹോദരങ്ങൾക്ക്’ ബിസിനസ്സ് കൊടുക്കണം എന്ന ആഹ്വാനവുമായി ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ സോഷ്യൽ മീഡിയായിൽ എഴുതിയ പോസ്റ്റിൽ അരുവിത്തുറയിലെ അടച്ചു പൂട്ടിയ സ്റ്റേഡിയവും പരാമർശ വിഷയം ആയതോടെയാണ് വിവാദം വീണ്ടും തുടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സ്വസമുദായത്തിന് മൃഗീയ ഭൂരിപക്ഷം ഉള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനം നേടിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസ സമൂഹത്തിന്റെ (FCC) പ്രൊവിൻഷ്യാൾ ഹൗസിന്റെ നേരെ എതിർ വശത്തും, അൽഫോൻസാ പബ്ലിക്ക് സ്‌കൂളിനും, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിനും സമീപത്തായാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളോട് അനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കളി സ്ഥലങ്ങൾ വേറെ ഉള്ളതാണ്. അരുവിത്തുറ പരിസരത്ത് ഉള്ള സ്‌കൂൾ മീറ്റുകൾ നടത്തുന്നതിനും, നാനാ ജാതി മതസ്ഥരായ ആൾക്കാർ കായിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന അരുവിത്തുറ സ്റ്റേഡിയം അടച്ചു പൂട്ടേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായത് തോമസ് ഓലിക്കൽ അച്ചൻ അരുവിത്തുറ പള്ളി വികാരി ആയിരുന്ന കാലത്താണ്.

അരുവിത്തുറ സ്റ്റേഡിയത്തിലും സമീപ റബർ തോട്ടങ്ങളിലും സാമൂഹിക വിരുദ്ധരായ ചെറുപ്പക്കാരും, മയക്ക് മരുന്ന് കച്ചവടക്കാരും, ഉപഭോകതാക്കളും തമ്പടിച്ചു പ്രദേശ വാസികൾക്ക് വലിയ ശല്യമായി മാറി. സമീപത്തുള്ള സ്‌കൂളുകളിൽ പഠിക്കാൻ വരുന്ന പെൺകുട്ടികളെയും തൊട്ടടുത്ത മഠത്തിലെ സന്യസിനികളെയും, സന്യാസം പരിശീലിക്കുന്നവരെയും ശല്യം ചെയ്യുന്നതായി നിരവധി പരാതികൾ ഓലിക്കൽ അച്ചന് ലഭിച്ചപ്പോളാണ് ജെസിബി യുമായി ചെന്ന് സ്റ്റേഡിയം കൊത്തിയിളക്കി കപ്പയും വാഴയും വെച്ച് മറ്റാരും കടക്കില്ലാത്ത തരത്തിൽ സ്റ്റേഡിയത്തിന് ചുറ്റും കമ്പി വേലി ഇടേണ്ട സാഹചര്യം ഉണ്ടായത്.

അടച്ചു പൂട്ടിയ സ്റ്റേഡിയം തുറക്കണം എന്ന ആവശ്യവുമായി ഈരാറ്റുപേട്ടയിലെ രാഷ്ട്രീയ / സാമൂഹിക / മത സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രഷോഭങ്ങളും നിയമ പോരാട്ടങ്ങളും നടത്തിയെങ്കിലും സ്റ്റേഡിയം തുറക്കാൻ വേണ്ട നിർദ്ദേശം കോടതിയിൽ നിന്ന് നേടിയെടുക്കാനായില്ല. അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിന് പഴക്കം ആയതിനാൽ അടച്ചു പൂട്ടിയ ഗ്രൗണ്ടിൽ സ്‌കൂൾ പണിയുന്നതിനായി കൊടുത്ത പ്രൊപ്പോസൽ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി റിജെക്ട് ചെയ്യുകയാണ് ഉണ്ടായത്. സ്റ്റേഡിയം തുറന്ന് കൊടുത്തില്ലെങ്കിൽ പഴക്കം ചെന്ന സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കില്ല എന്ന ഭീഷണിയാണ് മുൻ മുൻസിപ്പൽ ചെയർമാൻ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളിലെ അധ്യാപകർക്ക് സാലറി കിട്ടില്ലാത്ത അവസ്ഥ വന്നാൽ സ്‌കൂൾ അടച്ചു പൂട്ടി മറ്റു സ്‌കൂളുകളിൽ ഒഴിവ് ഉണ്ടാകുന്നതിന് അനുസരിച്ചു അധ്യാപകരെ പുനർ വിന്യസിക്കാൻ പാലാ രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റ് തയ്യാറാകണം. അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന ഈരാറ്റുപേട്ടയിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് അവിടെ ഒരു സ്‌കൂൾ വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇസ്ലാമിസ്റ്റുകളെയും അവരുടെ കൂട്ടാളികളെയും നിലക്ക് നിർത്തിക്കോളും. ഇടവകയുടെ സമ്പത്തും, വിശ്വാസികളിൽ നിന്ന് പിരിവ് എടുത്തും കോടി കണക്കിന് രൂപ ചിലവഴിച്ചു സ്‌കൂളുകൾ നിർമ്മിച്ച് പൊതു വിദ്യഭ്യാസത്തിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുക്കേണ്ട ആവശ്യം കേരളത്തിലെ സഭക്ക് ഇനി ഉണ്ടെന്ന് തോന്നുന്നില്ല.

ക്രൈസ്തവ സ്ഥാപനങ്ങളിൽ മാന്യമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നേടി ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തിയവരാണ് വർഗീയമായ കാരണങ്ങളാൽ എയ്‌ഡഡ്‌ സ്‌കൂളുകളിലെ നിയമനം സർക്കാർ ഏറ്റെടുക്കണം എന്നും വിദ്യഭ്യാസ കോഴക്കാർ എന്നും വിളിച്ചു ആക്ഷേപിക്കുന്നത്. കേരളത്തിലെ സാമ്പത്തിക ശേഷിയുള്ള ഒരു രൂപതകളിലും അധ്യാപക നിയമനത്തിന് വേണ്ടി പണം വാങ്ങുന്നില്ല എന്ന സത്യവും ക്രിസ്ത്യാനികൾ പോലും കണ്ടില്ല എന്ന് നടിക്കുന്നുണ്ട്. കെട്ടിടം പണിയാനും മറ്റു അനുബന്ധ സംവിധാനങ്ങൾ ഒരുക്കാനും വേണ്ടി കടം എടുക്കേണ്ടി വരുന്ന ചുരുക്കം ചില മാനേജ്‌മെന്റുകൾ ജോലി കൊടുക്കുമ്പോൾ സംഭാവനയായി കുറച്ചു തുക വാങ്ങാറുണ്ട്. സംഭാവന വാങ്ങിയാലും മെറിറ്റ് ഇല്ലാത്ത ആർക്കും ജോലി കൊടുക്കാറുമില്ല.

അരുവിത്തുറ പ്രദേശത്തോട് ഈരാറ്റുപേട്ടയിലെ തല്പരകഷികളുടെ അസഹിഷ്ണുതക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ആധാർ കാർഡ് ഇറങ്ങിയ കാലത്ത് അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ താമസിക്കുന്നവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ കലാപം വരെ ഉണ്ടായതാണ്.

മീനച്ചിൽ തമ്പുരാക്കന്മാർ ഭരണം നടത്തിയിരുന്ന പ്രദേശത്താണ് ആധുനിക പാലാ പട്ടണം ഉയർന്ന് വന്നത്. പാലാ ആസ്ഥാനമാക്കി മുൻസിപ്പാലിറ്റി ഉണ്ടായതിലോ, മീനച്ചിൽ കേന്ദ്രീകരിച്ചു താലൂക്ക് രൂപീകരിച്ചതിലോ ആ പ്രദേശത്തുള്ള ജനങ്ങൾക്ക് ഒരു തർക്കവും ഉണ്ടായിട്ടില്ല.

നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള അരുവിത്തുറയിലെ കച്ചവട കേന്ദ്രമായ ഈരാറ്റുപേട്ടയിൽ മുൻസിപ്പാലിറ്റി രൂപീകരിച്ചത് പോലെ അരുവിത്തുറ കേന്ദ്രമാക്കി താലൂക്ക് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അരുവിത്തുറയിലെ മതേതര രാഷ്ട്രീയ നേതൃത്വം മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജസ്റ്റിൻ ജോർജ്

Share News