ആത്‌മഹത്യകൾ, ഒഴിവാക്കാനാവുന്ന സാമൂഹ്യവിപതത് – ഡോ. സിബി മാത്യുസ് IPS എഴുതുന്നു

Share News

ഡോ. സിബി  മാത്യുസ് IPS : 1952 ൽ ചങ്ങനാശ്ശേരിയിൽ ജനനം.സാമ്പത്തിക ശാസ്ത്രം സോഷിയോളൊജി എന്നിവയിൽ ബിരുദാന്തരബിരുദം. 1977 കേന്ദ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നിട്ടുണ്ട്.ക്രൈം ബ്രാഞ്ച്, വിജിലൻസ്, ഇന്റലിജിൻസ്,എന്നിവിടങ്ങളിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു.2007 ൽ ആത്‌മഹത്യകളിലെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി.യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച് .ഡി നേടി. ഡി ജി പി ആയിരിക്കെ 2011 ൽ പോലീസിൽ നിന്നും സ്വമേധയാ വിരമിച്ചു. മുഖ്യ വിവരാവകാശ കമ്മിഷണർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ഡോ. സിബി  മാത്യുസ് IPS

കൊറോണ വൈറസ് എന്ന പകർച്ച വ്യാധി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിവേഗം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഉദ്ദേശം 50 ലക്ഷം ആൾക്കു രോഗം ബാധിക്കുകയും, അതിൽ മൂന്നു ലക്ഷത്തിലധികം പേര് മരിക്കുകയും ചെയ്തു, എന്നിട്ടും രോഗത്തെ പിടിച്ചുകെട്ടാൻ വൈദ്യ ശാസ്ത്രത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ രോഗം ലോകസമ്പത് വ്യവസ്ഥയെത്തന്നെ തകിടം മറിച്ചുകഴിഞ്ഞു. അനേക ലക്ഷം ആൾക്കാർക്കു ജോലി നഷ്ടപ്പെട്ടു, പല ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നു. മാനസികമായ ഉല്ലാസങ്ങൾക്കുള്ള അവസരങ്ങൾ, ലോക്ക് ഡൌൺ മൂലം, നഷ്ടപ്പെട്ടു. ഇതൊക്കെ ഡിപ്രെഷൻ വർധിപ്പിക്കുകയും, ആത്‌മഹത്യകളിലേക്കു നയിക്കുകയും ചെയ്തേക്കുമോ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഭയപ്പെട്ടിരുന്നു, എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. അതിന്റെ പ്രധാന കാരണം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാൻ കഴിഞ്ഞപ്പോൾ, തിരക്കേറിയ ജീവിതം നൽകിയിരുന്ന മാനസിക സംഘർഷങ്ങൾ നല്ലൊരു പങ്കും ഒഴിവായി എന്നുള്ളതാണെന്നു കരുതുന്നതിൽ തെറ്റില്ല.

At Eternity’s Gate painting by Vincent Van Gogh ( 1853 to 1890 ) showing the sadness of a lonely old man

ലോകാരോഗ്യ സംഘടനയുടെ രേഖകൾ പ്രകാരം ഓരോ വർഷവും ലോകത്തു 8 ലക്ഷത്തിലധികം ആത്‌മഹത്യകൾ നടക്കുന്നുണ്ടത്രേ.


2018 ൽ ഭാരതത്തിൽ 134516 വ്യക്‌തികൾ സ്വന്ത ജീവൻ, വ്യസ്തത കാരണങ്ങളാൽ, സ്വയം അവസാനിപ്പിച്ചു. മഹാരാഷ്ട്ര സംസ്‌ഥാനത്താണ്
( 17972 ) കൂടുതൽ ആത്‌മഹത്യകൾ നടന്നതെങ്കിലും, ജന സംഖ്യാ
നുപാതികമായി വിശകലനം ചെയ്താൽ, കേരളം ( 8237 ) ആത്‌മഹത്യാനിരക്കിൽ മുന്നിൽത്തന്നെയാണ്. 18 – നും 45 -നും ഇടയ്ക്കു
പ്രായമുള്ള വ്യക്‌തികളാണ് ആത്‍മഹത്യ ചെയ്യുന്നവരിൽ ഉദ്ദേശം 64 ശതമാനം എന്നുള്ളത് ഈ പ്രശ്നത്തിൻറെ സാമൂഹ്യമായ വില
എന്താണെന്നുള്ളത് വ്യക്‌തമാക്കുന്നു. കാരണം, ഒരു കുടുംബനാഥൻ
അഥവാ വരുമാനം നേടുന്ന ആൾ നഷ്ടപ്പെടുമ്പോൾ, ആ കുടുംബം ആകെ
തന്നെ തകർച്ചയെ നേരിടുന്ന അവസ്ഥ ഉണ്ടാകുന്നു.

വിശുദ്ധ ആഗസ്തിനോസ്, ആത്‍മഹത്യ എന്നത് ” വെറുക്കപ്പെടേണ്ടതും
വിനാശകരവുമായ ഒരു തിന്മ ” എന്നാണ് അഭിപ്രായപ്പെട്ടത്‌. ഇസ്ലാം വിശ്വാസ പ്രകാരവും, ആത്‍മഹത്യ എന്നത് കൊലപാതകത്തിന് സമാനമായ തിന്മയായി കരുതുന്നു. ഹിന്ദു മത സിദ്ധാന്തപ്രകാരം,
ആത്‍മഹത്യ ചെയ്യുന്ന വ്യക്‌തികളുടെ ആത്‌മാക്കൾക്കു, മോക്ഷ പ്രാപ്തി ലഭിക്കുകയില്ലെന്നാണ് വിശ്വാസം. പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന അരിസ്റ്റോട്ടിലാകട്ടെ, ആത്‍മഹത്യ എന്നത് ഭീരുത്വമാണ് എന്ന് മാത്രമല്ല, അത് രാഷ്ട്രത്തിനെതിരായ ഒരു കുറ്റമാണെന്നും പഠിപ്പിച്ചിരിന്നു.

മനുഷ്യർ സ്വന്ത ജീവനെടുക്കുവാൻ വ്യസ്ത്യസ്തമായ കാരണങ്ങളുണ്ടായിരിക്കാം, എങ്കിലും കുടുംബജീവിതത്തിലെ താളപ്പിഴകൾ, വിട്ടുമാറാത്ത രോഗങ്ങൾ, മദ്യം, മയക്കുമരുന്നുകൾ ഇവയോടുള്ള ആസക്തിമൂലം ഉണ്ടാകുന്ന മാനസികമായ അസ്വസ്ഥതകൾ, മുതലായവയാണ്‌ ആത്‌മഹത്യക്കുള്ള പ്രധാന കാരണങ്ങളായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ ( National Crime Records Bureau) പറയുന്നത്.

കേരളത്തിലെ ആത്‌മഹത്യകളുടെ കാരണങ്ങളിലേക്കു ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ നടത്തിയ ( 2007 ) പഠനങ്ങളിൽ തെളിഞ്ഞു വന്നത്, സാമ്പത്തികമായ തകർച്ചയാണ് മറ്റു പല പ്രേരക ഘടകങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മൂല കാരണം എന്നാണ്. അതുപോലെതന്നെ, അനാഥമാകുന്ന വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ, ഏകാന്തത, എന്നിവയും പ്രധാനമാണ്. കേരളത്തിലെ സമൂഹത്തിൽ, അണുകുടുംബങ്ങൾ സർവ്വസാധാരണമായി തീർന്നിരിക്കുന്നതിനാൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു സീനിയർ സിറ്റിസൺസിന്റെ ഇടയിൽ ഇത്തരം ഏകാന്തത കൂടുതലാണ്. അതുകൊണ്ടായിരിക്കാം, പ്രായമായവരുടെ ഇടയിലെ ആത്‌മഹത്യകൾ കേരളത്തിൽ താരതമ്യേന കൂടുതലാണ്.

ബ്രിട്ടനിലെ പ്രസിദ്ധനായ സൈക്കോ അനലിസ്റ് ഡോ. ഡേവിഡ് H മല്ലൻ പറയുന്നു ( David H Malan ) പറയുന്നു, ” പ്രത്യാശ നഷ്ടപ്പെട്ടു പോകുന്ന, ഏറ്റവും അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി ആത്‌മഹത്യയിലുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള സാധ്യത ഏറെയാണ് ” ( Anorexia , Murder and Suicide 1997 )

ജീവിതം വഴിമുട്ടിപ്പോകുന്ന അവസ്ഥയിൽ, ഒറ്റപ്പെട്ടുപോകുന്ന വ്യക്തികൾക്ക് അല്പം പ്രത്യാശയും സ്നേഹവും കരുതലും നൽകിയാൽ,
അവർക്കു ജീവിതത്തിലേക്ക് തിരിച്ചു നടക്കുവാൻ കഴിയുമെന്ന് ആദ്യമായി കാണിച്ചുതന്നത് ഇന്ഗ്ലണ്ടിലെ ഒരു മെതഡിസ്റ്റ് വൈദികനായിരുന്ന റവ. എഡ്‌വേഡ്‌ ചാഡ് വരായാണ്. അദ്ദേഹമാണ് ബിഫ്രണ്ടേഴ്സ് ഇന്റർനാഷണൽ എന്ന സംഘടനയിലൂടെ നിരാശയിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ” ഞങ്ങൾ നിന്റെ കൂടെയുണ്ട് ” എന്ന സന്ദേശം നൽകി അവർക്കു സഹൃദത്തിന്റെ കൈ നീട്ടി നൽകാം, എന്ന് ലോകത്തിനു ഒരു പുതിയ ചിന്ത നൽകിയത്. ഇന്ന് ആ സംഘടനയുടെ പ്രവർത്തനം, ഭാരതം ഉൾപ്പടെ മറ്റു അനേകം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കൊച്ചിയിൽ പ്രവൃത്തിക്കുന്ന ” മൈത്രി ” എന്ന സംഘടന ഈ ആശയങ്ങൾ പ്രകാരം പ്രവർത്തിക്കുന്നു.
ആത്‌മഹത്യയുടെ എണ്ണത്തില് വിവിധ മത വിശ്വാസങ്ങൾ ഒരു പോലെയല്ല. ഏറ്റവും കൂടുതൽ ഉയർന്ന നിരക്ക് കാണുന്നത് ദൈവ വിശ്വാസം നിഷേധിക്കുന്ന റഷ്യ മുതലായ രാജ്യങ്ങളിലാണ്, കുറവാകട്ടെ ഇസ്ലാമിക വിശ്വാസം ആഴത്തിൽ വേരൂന്നിയ രാജ്യങ്ങളിലും. ക്രൈസ്‌തവ രാജ്യങ്ങളുടെ കണക്കു പരിശോധിച്ചാൽ, കത്തോലിക്കാ സഭ ശക്തമായ മെക്സിക്കോ, പോർട്ടുഗൽ, മുതലായ രാജ്യങ്ങളിൽ ആത്‌മഹത്യകൾ കുറവാണെന്നു കാണുന്നു. ഒരുപക്ഷേ സമ്പത്തും ആധുനിക വിദ്യാഭ്യാസവും കൂടുതലാകുമ്പോൾ, സ്വാർത്ഥത കൂടുകയും, മറ്റു മനുഷ്യരിൽനിന്നും അകൽച്ച കൂടുകയും ഒറ്റപ്പെടൽ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ടാവാം. ആരെയും വീട്ടിൽ കയറ്റാത്ത പാശ്ചാത്യ സംസ്കാരത്തിൽ, നിർണായക ഘട്ടങ്ങളിൽ കൂടെ നിൽക്കുവാൻ ആരുമില്ലാത്ത അവസ്ഥ സ്വാഭാവികം മാത്രമാണല്ലോ.
നമുക്ക് ഇത്തരം അവസ്ഥയൊന്നും ഉണ്ടാവാതിരിക്കട്ടെ.

ഡോ. സിബി മാത്യുസ്

@ നമ്മുടെ നാട് | Nammude naadu

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു